5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News : ഈ ഗതി ആര്‍ക്കും വരല്ലേ ! ബോസിന് ‘പൂച്ച സാര്‍’ രാജിക്കത്ത് അയച്ചു; യുവതിയുടെ പണിയും പോയി, പണവും പോയി

Woman Loses Job : വളര്‍ത്തുമൃഗങ്ങളെ പോറ്റാന്‍ പണം ആവശ്യമായതിനാലാണ് രാജിക്കത്ത് അയയ്ക്കാന്‍ മടി കാണിച്ചതെന്ന് യുവതി. പൂച്ച പെട്ടെന്ന് മേശയിലേക്ക് ചാടിക്കയറിയപ്പോള്‍ ലാപ്‌ടോപ്പിലെ എന്റര്‍ ബട്ടണില്‍ അമര്‍ത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് അവകാശവാദം

Viral News : ഈ ഗതി ആര്‍ക്കും വരല്ലേ ! ബോസിന് ‘പൂച്ച സാര്‍’ രാജിക്കത്ത് അയച്ചു; യുവതിയുടെ പണിയും പോയി, പണവും പോയി
representational imageImage Credit source: PTI
jayadevan-am
Jayadevan AM | Updated On: 21 Jan 2025 22:03 PM

മീന്‍ കട്ടു തിന്നാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ പണി കളയാനുള്ള ‘പണി’ തരാനും വളര്‍ത്തുപൂച്ചയ്ക്ക് സാധിക്കും. ചൈനയിലാണ് സംഭവം നടന്നത്. വളര്‍ത്തുപൂച്ചയുടെ ലീലാവിലാസത്തില്‍ ഒരു യുവതിക്ക് നഷ്ടമായത് ജോലിയാണ്. ഒപ്പം അവര്‍ക്ക് കിട്ടേണ്ട ബോണസും നഷ്ടപ്പെട്ടത്രേ. സംഭവം നടന്നത് ചൈനയിലാണെങ്കിലും വാര്‍ത്ത വൈറലായി. സംഭവം ഇങ്ങനെ. ജോലിയോടുള്ള മടുപ്പ് കൊണ്ടാകണം, തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌ക്വിംഗിൽ താമസിക്കുന്ന 25കാരിയായ യുവതി ബോസിന് അയക്കാന്‍ രാജിക്കത്ത് തയ്യാറാക്കി. രാജിക്കത്ത് തയ്യാറാക്കി കഴിഞ്ഞ് അവര്‍ക്ക് അത് അയയ്ക്കാന്‍ മടി തോന്നി. എന്നാല്‍ അത് വഴിയെത്തിയ പൂച്ച മേശയിലേക്ക് ചാടിക്കയറിയപ്പോള്‍ ‘എന്റര്‍’ ബട്ടണില്‍ സ്പര്‍ശിച്ചു. പിന്നാലെ യുവതിയുടെ രാജിക്കത്ത് ബോസിന് കിട്ടി.

രാജിക്കത്ത് എഴുതിയെങ്കിലും വളര്‍ത്തുമൃഗങ്ങളെ പോറ്റാന്‍ പണം ആവശ്യമായതിനാലാണ് അത് അയയ്ക്കാന്‍ മടി കാണിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ പൂച്ച പെട്ടെന്ന് മേശയിലേക്ക് ചാടിക്കയറിയപ്പോള്‍ ലാപ്‌ടോപ്പിലെ എന്റര്‍ ബട്ടണില്‍ അമര്‍ത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് യുവതിയുടെ അവകാശവാദം. ഒമ്പത് പൂച്ചകളെയാണ് യുവതി വളര്‍ത്തുന്നത്.

Read Also : ചൈനയില്‍ പൂച്ചകള്‍ക്ക് കൊവിഡ് മരുന്നുകള്‍ നല്‍കി ഉടമകള്‍; കാരണം ഇതാണ്‌

ഉടന്‍ തന്നെ സംഭവത്തിന്റെ നിജസ്ഥിതി ബോസിനെ ബോധ്യപ്പെടുത്താന്‍ യുവതി കിണഞ്ഞ് പരിശ്രമിച്ചു. പൂച്ചയാണ് എന്റര്‍ ബട്ടണ്‍ അമര്‍ത്തിയതെന്ന്‌ അവര്‍ പറഞ്ഞെങ്കിലും ബോസ് അത് മുഖവിലയ്‌ക്കെടുത്തില്ല. ബോസ് രാജി സ്വീകരിച്ചതിനെ തുടര്‍ന്ന് യുവതിയുടെ പണിയും പോയി. ഒപ്പം ലഭിക്കേണ്ടിയിരുന്ന വര്‍ഷാവസാന ബോണസും നഷ്ടപ്പെട്ടു. പൂച്ചകളെ പോറ്റാന്‍ പണമില്ലാതെ വലയുകയാണ് യുവതി. നിലവില്‍ പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവം ഉടന്‍ തന്നെ ചൈനയിലും, പിന്നീട് ലോകമെമ്പാടും വൈറലായി. നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ചത്. പൂച്ച ബോസിന്‌ ഉപകാരം ചെയ്‌തെന്നും, കമ്പനിക്ക് ബോണസ് തുക ലാഭിച്ചെന്നുമായിരുന്നു ഒരാളുടെ കമന്റ്.

പട്ടിയെത്തിയത് ബോംബുമായി

വളര്‍ത്തുമൃഗം എട്ടിന്റെ പണി കൊടുത്ത സംഭവം തായ്‌ലന്‍ഡിലുമുണ്ടായി. ചൈനയില്‍ പൂച്ചയാണ് കഥാനായകനെങ്കില്‍ തായ്‌ലന്‍ഡില്‍ ഒരു പട്ടിയാണ് പ്രധാന കഥാപാത്രം. നാല് വയസുള്ള മകന്‍ ഒരു സ്‌ഫോടകവസ്തു കൈവശം പിടിച്ചിരിക്കുന്നത് കണ്ട് ഒരു തായ് പട്ടാളക്കാരന്‍ ആദ്യമൊന്ന് ഞെട്ടി. ആ സ്‌ഫോടകവസ്തു അവരുടെ പൂന്തോട്ടത്തിലേക്ക് എത്തിച്ചത്‌ അവര്‍ വളര്‍ത്തുന്ന ലാബ്രഡോർ ഗോൾഡൻ റിട്രീവർ നായയായിരുന്നു.

വീടിന് കാവലായാണ് നായയെ വളര്‍ത്തിയിരുന്നതെന്നും, നിരന്തരം പന്ത് പോലെയുള്ള വസ്തുക്കള്‍ നായ വീട്ടിലെത്തിക്കുമായിരുന്നുവെന്നും തായ് പട്ടാളക്കാരന്‍ പ്രതികരിച്ചു. അങ്ങനെയാണ് കറുത്ത ടേപ്പില്‍ പൊതിഞ്ഞ പന്ത് പോലെയുള്ള ഒരു വസ്തു നായ കൊണ്ടുവന്നത്. ഇത് പന്താണെന്നാണ് പട്ടാളക്കാരന്റെ നാലു വയസുള്ള മകന്‍ കരുതിയത്. ഉടന്‍ തന്നെ പൊലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. നായ ബോംബ് എത്തിച്ചപ്പോള്‍ അത് പൊട്ടാതിരുന്നത് ഭാഗ്യമായെന്നായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം.