Best UAE Jobs 2025: 2025-ൽ ഗൾഫിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങാൻ പറ്റുക ഈ മേഖലകളിൽ
Best Salaried Bobs In UAE 2025 : സാങ്കേതിക വിദ്യ, ഭാഷാ, നെറ്റ്‌വര്‍ക്കിംഗ് എന്നിവയില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ വേറിട്ടുനില്‍ക്കും. ടെക്‌നോളജി, ഫിനാന്‍സ്, എഞ്ചിനീയറിംഗ് മേഖലകളിലെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്കായുള്ള ആവശ്യം, ഹ്രസ്വകാല കരാറുകളിലുള്‍പ്പെടെ ശമ്പള വര്‍ധനവിന് കാരണമായതായും വിദഗ്ധര്‍

നിരവധി മലയാളികളാണ് ഗള്‍ഫ് നാടുകളില്‍ പ്രത്യേകിച്ചും യുഎഇയില്‍ ജോലി ചെയ്യുന്നത്. ഓരോ വര്‍ഷവും നിരവധി പേരാണ് യുഎഇയിലേക്ക് ജോലി തേടി പോകുന്നത്. വൈറ്റ് കോളര്‍ ജോലി മുതല്‍, ഗാര്‍ഹിക തൊഴില്‍ വരെയുള്ള വിവിധ മേഖലകളില്‍ മലയാളികള്‍ തൊഴിലെടുക്കുന്നു. 2025ല്‍ യുഎഇയില്‍ മികച്ച ശമ്പള വര്‍ധനവ് പ്രതീക്ഷിക്കാവുന്ന മേഖലകള്‍ പരിശോധിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് മികച്ച ശമ്പള വര്‍ധനവ് ഈ വര്‍ഷം പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.
യുഎഇയില്‍ തൊഴില്‍ വിപണിയില്‍ നിരവധി പേരെ ലഭ്യമാണെങ്കിലും, എഐ, സൈബര്‍ സുരക്ഷ, റിന്യുവബിള്‍ എനര്‍ജഡി, ഇ കൊമേഴ്‌സ് എന്നീ മേഖലകളില്‍ 2025ല്‍ അവസരമേറുമെന്ന് റിക്രൂട്ട്‌മെന്റ് വിദഗ്ധരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നൂതന സാങ്കേതികവിദ്യയില്‍ ശക്തമായ ഊന്നല്‍ നല്‍കാനാണ് യുഎഇയുടെ നീക്കം. ഈ മേഖലകളില്‍ അവസരം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെ.
ഈ വര്‍ഷം യുഎഇയില്‍ എല്ലാ ഇന്‍ഡസ്ട്രിയിലുമായി ശമ്പളം നാല് ശതമാനം വര്‍ധിക്കുമെന്ന് അടുത്തിടെ ടിഎഎസ്‌സി നടത്തിയ ടോട്ടല്‍ റെമ്യൂണറേഷന്‍ സര്‍വേയുമായി ബന്ധപ്പെട്ടുള്ള പഠനത്തില്‍ പറയുന്നു. എന്നാല്‍ നേതൃപാടവവും, സാങ്കേതിക വൈദഗ്ധ്യവുമുള്ളവര്‍ക്കായിരിക്കും മികച്ച അവസരങ്ങളും, ഉയര്‍ന്ന ശമ്പളത്തിനും കൂടുതല്‍ സാധ്യതയുള്ളത്.




Read Also : വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിച്ചതിൻ്റെ പിഴ എങ്ങനെ ഒഴിവാക്കും?; നടപടിക്രമങ്ങളറിയാം
നൂതന വ്യവസായങ്ങളിലും, സാങ്കേതികവിദ്യകളിലും യുഎഇ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനാല്‍, സാങ്കേതിക വൈദഗ്ധ്യവും, ലീഡര്‍ഷിപ്പ് ക്വാളിറ്റിയുമുള്ളവര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിച്ചേക്കുമെന്ന് പ്രമുഖ തൊഴില്‍ സൈറ്റായ ബേറ്റിയിലെ ഗ്രോത്ത് വിഭാഗം വൈസ് പ്രസിഡന്റ് ദിന തൗഫിക് പറഞ്ഞു. യുഎഇയിലെ തൊഴില്‍ വിപണിയിലെ മത്സരം പരിഗണിക്കുമ്പോള്‍, ജീവനക്കാര്‍ വൈദഗ്ധ്യം നേടുന്നതിലും, അത് വളര്‍ത്തിയെടുക്കുന്നതിലും മുന്‍കൈയെടുക്കമെന്ന് ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ദിന തൗഫിക് പറഞ്ഞു.
മത്സരാധിഷ്ഠിത വിപണിയാണിത്. സാങ്കേതിക വിദ്യ, ഭാഷാ, നെറ്റ്‌വര്‍ക്കിംഗ് എന്നിവയില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ വേറിട്ടുനില്‍ക്കും. ടെക്‌നോളജി, ഫിനാന്‍സ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്കായുള്ള ആവശ്യം, ഹ്രസ്വകാല കരാറുകളിലുള്‍പ്പെടെ നിരവധി തസ്തികകളിലെ ശമ്പള വര്‍ധനവിന് കാരണമായതായും അവര്‍ വ്യക്തമാക്കി.
സാമ്പത്തിക വികാസം, സാങ്കേതിക പുരോഗതി എന്നിവ മൂലം ഈ വര്‍ഷം യുഎഇ തൊഴില്‍ വിപണി പ്രതീക്ഷ നല്‍കുന്നുവെന്ന് പ്രമുഖ വര്‍ക്ക്‌ഫോഴ്‌സ് സൊലൂഷ്യന്‍സ് കമ്പനിയായ അഡെക്കോയുടെ സീനിയര്‍ വൈസ് പ്രസിഡന്റും, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ മേധാവിയുമായ മായങ്ക് പട്ടേല്‍ പറഞ്ഞു.
2025ല്‍ തൊഴിലുടമകള്‍ അവരുടെ നിയമന സ്ട്രാറ്റജികളില്‍ ശുഭാപ്തിവിശ്വാസം വച്ചുപുലര്‍ത്തുന്നുണ്ട്. യുഎഇ അഡ്വാന്‍സ്ഡ് ടെക്‌നോളജികളിലും, ഫിന്‍ടെക് ഇന്‍ഡസ്ട്രികളിലും നിക്ഷേപം നടത്തുന്നതിനാല്‍ ഡാറ്റ സയന്‍സ്. എഐ, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകള്‍ക്കായി വിവിധ മേഖലകളില്‍ ആവശ്യം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.