Gaza War: ഗസ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു; കരാര്‍ നിലനിര്‍ത്താനായി ശ്രമം തുടര്‍ന്ന് മധ്യസ്ഥ രാജ്യങ്ങള്‍
Israel Ready to Resume War in Gaza says Netanyahu: ഉന്നത സൈനിക ഉദ്യോഗസ്ഥര്‍മാര്‍ക്കുള്ള ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് ഇസ്രായേല്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

ജെറുസലേം: ഗസയില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാന്‍ ഇസ്രായേല്‍ തയാറാണെന്ന് നെതന്യാഹു പറഞ്ഞു. ചര്‍ച്ചകളിലൂടെയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ യുദ്ധ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നത സൈനിക ഉദ്യോഗസ്ഥര്‍മാര്‍ക്കുള്ള ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് ഇസ്രായേല്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
ഗസയിലെ ഹമാസിന്റെ സംഘടിത ശക്തികളില്‍ ഭൂരിഭാഗവും തങ്ങള്‍ ഉന്മൂലനം ചെയ്തു. എന്നാല്‍ യാതൊരു സംശയവും വേണ്ട തങ്ങള്‍ യുദ്ധ ലക്ഷ്യങ്ങള്‍ തീര്‍ച്ചയായും പൂര്‍ണമായി പരിഹരിക്കുമെന്ന് നെതന്യാഹു പറഞ്ഞു.




അതേസമയം, യുദ്ധം ഏത് നിമിഷവും പുനരാരംഭിക്കുമെന്ന നെതന്യഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെ വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് മധ്യസ്ഥ രാജ്യങ്ങള്‍. യുഎസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫ് വിഷയം ചര്‍ച്ച ചെയ്യാനായി ബുധനാഴ്ച ഇസ്രായേലിലെത്തും.
ബന്ദി മോചനത്തിന് പകരമായി പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാത്തത് വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതര ലംഘനമാണെന്ന് ഹമാസ് പ്രതികരിച്ചു. എന്നാല്‍ വെസ്റ്റ് ബാങ്കില്‍ സ്ഥിരം സൈനിക സംവിധാനം ഏര്‍പ്പെടുത്തുന്നതിനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.
തുടര്‍ ചര്‍ച്ചകളിലുള്ള സമ്മര്‍ദ തന്ത്രം കൂടിയാണ് നെതന്യാഹുവിന്റെ യുദ്ധ പ്രഖ്യാപനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച ആറ് ബന്ദികളെ ഹമാസ് കൈമാറിയിരുന്നുവെങ്കിലും കരാര്‍ പ്രകാരമുള്ള 620 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ തയാറായില്ല.
അപമാനകരമായ ബന്ദികൈമാറ്റ ചടങ്ങുകള്‍ അവസാനിപ്പിക്കാമെന്നാണ് നെതന്യാഹു പറയുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്നും ഒഴിഞ്ഞ് മാറാനുള്ള ഇസ്രായേലിന്റെ നീക്കം മാത്രമാണിതെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസ്സത്ത് അല്‍ റഷ്ഖ് പറഞ്ഞു.
മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നത് വരെ ഹമാസുമായുള്ള കരാര്‍ തുടരണമെന്നാണ് ബന്ദികളുടെ ബന്ധുക്കളും പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡും ആവശ്യപ്പെടുന്നത്. എന്നാല്‍ കരാര്‍ നിരനിര്‍ത്തുന്നതിനായി ഖത്തറും ഈജിപ്തും അമേരിക്കയും തിരക്കിട്ട ചര്‍ച്ചകൡലാണ്. മുഴുവന്‍ ബന്ദികളുടെയും മോചനം ഉറപ്പാക്കുന്നതിന്റെയും രണ്ടും മൂന്നും ഘട്ട വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതന്റെയും ആവശ്യകത മധ്യസ്ഥ രാജ്യങ്ങള്‍ യുഎസിനെ അറിയിച്ചു.