Bashar Al Assad: അധികാരം വിമതര്‍ക്ക് കൈമാറുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സിറിയയില്‍ കുടുംബവാഴ്ച അവസാനിച്ചോ?

Syria Civil War: തങ്ങള്‍ ദമസ്‌കസിലേക്ക് പ്രവേശിക്കുകയാണെന്ന് വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്‌രീര്‍ അല്‍ ഷംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദമസ്‌കസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും വിമതസേനാംഗങ്ങള്‍ സര്‍ക്കാര്‍ സ്ഥാനങ്ങള്‍ കൈയേറരുതെന്നാണ് ഹയാത്ത് തഹ്‌രീര്‍ അല്‍ ഷംസ് നേതാവ് അബു മുഹമ്മദ് അല്‍ ഗോലാനി നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Bashar Al Assad: അധികാരം വിമതര്‍ക്ക് കൈമാറുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സിറിയയില്‍ കുടുംബവാഴ്ച അവസാനിച്ചോ?

സിറിയയില്‍ നിന്നുള്ള ദൃശ്യം (Image Credits: PTI)

Published: 

08 Dec 2024 15:30 PM

ദമസ്‌കസ്: രാജ്യം വിട്ട സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ തിരഞ്ഞ് ലോകം. 14 വര്‍ഷമായി നടത്തിപോന്നിരുന്ന ഭരണത്തിന് അവസാനമായതായാണ് ബഷര്‍ സിറിയയുടെ സൈനിക കമാന്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ എവിടേക്കാണ് ബഷര്‍ പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിമതസേന ദമസ്‌കസില്‍ പ്രവേശിച്ചതിന് പിന്നാലെ പ്രസിഡന്റ് വിമാനത്തില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് യാത്ര തിരിച്ചുവെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറിയന്‍ സൈന്യവും സുരക്ഷാസേനയും ദമസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളം ഉപേക്ഷിച്ച് പോയതായി എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഹിസ്ബുള്ളയും രംഗത്തെത്തി. അസദ് ഭരണകൂടത്തെ സഹായിക്കുന്ന തങ്ങളുടെ സേന സിറിയന്‍ തലസ്ഥാനം ഉപേക്ഷിച്ച് പോയതായി ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

തങ്ങള്‍ ദമസ്‌കസിലേക്ക് പ്രവേശിക്കുകയാണെന്ന് വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്‌രീര്‍ അല്‍ ഷംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദമസ്‌കസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും വിമതസേനാംഗങ്ങള്‍ സര്‍ക്കാര്‍ സ്ഥാനങ്ങള്‍ കൈയേറരുതെന്നാണ് ഹയാത്ത് തഹ്‌രീര്‍ അല്‍ ഷംസ് നേതാവ് അബു മുഹമ്മദ് അല്‍ ഗോലാനി നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിലവില്‍ പ്രധാനമന്ത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഔദ്യോഗികമായ ഭരണ കൈമാറ്റത്തിന് മുമ്പ് പ്രവേശിക്കരുതെന്നാണ് ഗോലാനിയുടെ നിര്‍ദേശത്തില്‍ പറയുന്നത്.

എന്നാല്‍, അധികാരം വിമതര്‍ക്ക് കൈമാറിയതായി പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി വ്യക്തമാക്കിയിട്ടുണ്ട്. അധികാര കൈമാറ്റത്തിന്റെ ഭാഗമായി അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടപ്പിലാക്കുന്നതിനായി പ്രതിപക്ഷ സഖ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ജലാലി നേരത്തെ വ്യക്തമാക്കിയിരുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് സേനാംഗങ്ങളെ ഗോലാനി വിലക്കിയത്.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സുഗമവും ചിട്ടയായതുമായ മാറ്റം ഉറപ്പാക്കാന്‍ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏത് നേതൃത്വുമായി സഹകരിക്കാന്‍ തങ്ങള്‍ തയാറാണെന്ന് ജലാലി പറഞ്ഞു.

Also Read: Syria Conflict : സിറിയ പിടിച്ചെടുത്തെന്ന് വിമതരുടെ പ്രഖ്യാപനം, സ്ഥലം കാലിയാക്കി അസദ്‌

നിലവില്‍ ദമസ്‌കസില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പണം പിന്‍വലിക്കുന്നതിനായി എടിഎമ്മുകളില്‍ നീണ്ട നിര അനുഭവപ്പെടുന്നുണ്ടെന്നും സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നതിനായി ആളുകള്‍ കടകളില്‍ തിരക്ക് കൂട്ടുന്നുവെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡില്‍ ഗതാഗതാക്കുരുക്ക് ശക്തമായിട്ടുണ്ട്. വിമതസേനയുടെ മുന്നേറ്റത്തില്‍ ജനങ്ങള്‍ ഭയന്നിരിക്കുകയാണ്. ബഷര്‍ അല്‍ അസദിന്റെ പിതാവായ ഹാഫിസ് അല്‍ അസദിന്റെ പ്രതിമ പ്രതിഷേധക്കാര്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, 54 വര്‍ഷമായി സിറിയയില്‍ അധികാരത്തിലിരിക്കുന്ന അസദ് കുടുംബത്തിന്റെ ഭരണത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. 1971 മുതലാണ് ഇപ്പോഴത്തെ പ്രസിഡന്റായ ബഷറിന്റെ പിതാവ് ഹാഫിസ് അല്‍ അസദ് രാജ്യത്തിന്റെ അധികാരത്തിലേക്ക് എത്തുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി 2000ത്തില്‍ ബഷര്‍ തിരഞ്ഞെടുക്കപ്പെട്ടു.

2011 മുതലാണ് സിറിയയില്‍ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതിനെയെല്ലാം അടിച്ചമര്‍ത്താന്‍ ബഷര്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. കലാപം ആഭ്യന്തര യുദ്ധമായി മാറി. അഞ്ചുലക്ഷത്തോളം പേരാണ് സിറിയയില്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്ത് ആകെ ഉണ്ടായിരുന്നത് 23 ദശലക്ഷം ആളുകളായിരുന്നുവെങ്കില്‍ ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് ജനസംഖ്യയുടെ പകുതിയിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?