Sheikh Hasina: ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറൻ്റ്; ഫെബ്രുവരി 12നകം ഹാജരാക്കണം
Arrest Warrant Against Sheikh Hasina: കഴിഞ്ഞ ഓഗസ്റ്റിലാണ് വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന രാജി പ്രഖ്യാപിച്ചത്. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് രാജിവെച്ച ഷെയ്ഖ് ഹസീന ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയിലേക്ക് എത്തുന്നത്. അന്ന് മുതൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ് അവർ. പിന്നാലെ ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴും ഹസീനയ്ക്ക് അഭയം നൽകുന്നത് ഇന്ത്യ തുടരുകയാണ്.
ധാക്ക: രാജി പ്രഖ്യാപിച്ച് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റുമായി ബംഗ്ലാദേശ്. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്നാണ് ഷെയ്ഖ് ഹസീന രാജിവച്ച് നാടുവിട്ടത്. രാജ്യം വിട്ടതിന് പിന്നാലെ ഇന്ത്യയിലേക്കാണ് ഹസീന എത്തിയത്. ഹസീനക്കെതിരെ ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതോടൊപ്പം ഹസീനയുടെ മുൻ പ്രതിരോധ ഉപദേഷ്ടാവ് താരീഖ് അഹ്മദ് സിദ്ദീഖ്, മുൻ ഐജി പി ബേനസീർ അഹ്മദ് എന്നിവരടക്കം 10 പേർക്കെതിരെയും അറസ്റ്റ് വാറന്റുണ്ട്. 11 പേർക്കെതിരെ ഒക്ടോബറിലിറക്കിയ അറസ്റ്റ് വാറന്റ് നിലനിൽക്കെയാണ് വീണ്ടും ബംഗ്ലാദേശ് ട്രൈബ്യൂണൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
അടുത്ത മാസം ഫെബ്രുവരി 12നകം ഷെയ്ഖ് ഹസീനയെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. പ്രോസിക്യൂഷൻ രണ്ട് ഹർജികൾ സമർപ്പിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് എംഡി ഗോലം മൊർതുസ മജുംദാർ അധ്യക്ഷനായ ട്രൈബ്യൂണൽ ഉത്തരവിട്ടത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ തൻ്റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് രാജി പ്രഖ്യാപിച്ചത്. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച വിദ്യാർത്ഥി സംഘർഷത്തിൽ 230 ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന രാജി പ്രഖ്യാപിച്ചത്. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് രാജിവെച്ച ഷെയ്ഖ് ഹസീന ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയിലേക്ക് എത്തുന്നത്. അന്ന് മുതൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ് അവർ. പിന്നാലെ ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴും ഹസീനയ്ക്ക് അഭയം നൽകുന്നത് ഇന്ത്യ തുടരുകയാണ്. ഡിസംബറിലാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഹസീനയെ കൈമാറാൻ ഇന്ത്യയോടെ ഔദ്യോഗികമായി അഭ്യർത്ഥിച്ചത്.
അഭ്യർത്ഥന അംഗീകരിച്ചെങ്കിലും അതിനെക്കുറിച്ച് ഇന്ത്യ യാതൊരുവിധ പ്രതികരണവും നടത്തിയിരുന്നില്ല. എന്നാൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി ഒക്‌ടോബർ 17-ന് ഹസീനയ്‌ക്കെതിരെ ഐസിടി ആദ്യം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അവാമി ലീഗ് ഗവൺമെൻ്റിൻ്റെ പതനത്തിന് പിന്നാലെ, ഹസീനയെയും അവരുടെ പാർട്ടി അംഗങ്ങളെയും സഖ്യകക്ഷികളെയും ചേർത്ത് കുറഞ്ഞത് 60 പരാതികളെങ്കിലും ഐസിടിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിൽ നിലവിൽ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ഭരണം നടത്തുന്നത്.