Bangladesh Riots: 1990 ആവര്‍ത്തിക്കുകയാണോ? കത്തിയമരുന്ന സാമ്രാജ്യം, ബംഗ്ലാദേശ് നല്‍കുന്ന പാഠമെന്ത്?
Bangladesh Riots Reason: സംഘര്‍ഷം വഷളായതോടെ പോലീസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ബോര്‍ഡ് ഗ്വാര്‍ഡ് ഓഫ് ബംഗ്ലാദേശ് എന്നിവരെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു. പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികളെയും പ്രതിപക്ഷ അണികളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് നാല്, 2024 ഞായറാഴ്ച, ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശില്‍ നടന്നത് അതിഭീകരമായ ആക്രമണമാണ്. അന്നേ ദിവസം മാത്രം 13 പോലീസുകാര്‍ ഉള്‍പ്പെടെ 94 പേരാണ് മരിച്ചുവീണത്. പ്രതിഷേധം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മരണസംഖ്യയും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി വളഞ്ഞതോടെ അവര്‍ രാജ്യം വിടുന്നു. ഭരണം സൈന്യം ഏറ്റെടുത്തു. വളരെ നാടകീയമായ നിമിഷങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ള പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാന നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് ആണ് താത്കാലിക പ്രധാനമന്ത്രി.
ബംഗ്ലാദേശ് ചരിത്രം
1971ലാണ് പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടുന്നത്. ഏകദേശം ഒന്‍പത് മാസത്തോളം നീണ്ടുനിന്ന യുദ്ധത്തിന് ശേഷമാണ് ഇത് സംഭവിച്ചത്. ആ യുദ്ധത്തില്‍ മൂന്ന് ദശലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷെയ്ഖ് മജീബുര്‍ റഹ്‌മാന്‍ സൈനിക ആക്രമണത്തില്‍ 1975ല്‍ കൊല്ലപ്പെട്ടത് തന്നെയാണ് ബംഗ്ലാദേശ് ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസം. അദ്ദേഹത്തിന്റെ മരണത്തോടെ വലിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോയത്.
നാളുകള്‍ക്ക് ശേഷം സൈനിക പശ്ചാത്തലമുള്ള സിയാവുര്‍ റഹ്‌മാന്‍ ബംഗ്ലാദേശിന്റെ അധികാരത്തിലേക്കെത്തി. അവിടം തൊട്ട് രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണത്തിന്റെ കാലഘട്ടം ആരംഭിച്ചു. ഭരണകാലയളവില്‍ അധികാരത്തിലെത്താന്‍ തിരഞ്ഞെടുപ്പുകളില്‍ കൃത്രിമത്വം കാണിച്ചുവെന്നുവെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സിയാവുര്‍ കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്.
Also Read: Bangladehs Protest : ക്രിക്കറ്റ് ടീം മുൻ നായകൻ മഷ്റഫെ മൊർതാസയുടെ വീടിന് തീയിട്ട് സമരക്കാർ
നാലുവര്‍ഷം ഭരണത്തിലിരുന്ന സിയാവുര്‍ റഹ്‌മാന്‍ 1981 മെയ് 30ന് സൈനിക നീക്കത്തിലൂടെ കൊല്ലപ്പെട്ടു. പിന്നീടുള്ള മൂന്ന് വര്‍ഷക്കാലം അധികാരികളില്ലാത്ത ബംഗ്ലാദേശായിരുന്നു. അങ്ങനെ 1983ല്‍ ഭരണഘടനയും രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരവും സസ്‌പെന്റ് ചെയ്ത് ഹുസൈന്‍ മുഹമ്മദ് എര്‍ഷാദ് അധികാരത്തിലേറി. ഇതോടെ ജനാധിപത്യം ചവറ്റുകൊട്ടയിലെറിയപ്പെട്ടുവെന്ന് പറയാം. ഭരണകൂടം നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു കൊണ്ടുള്ള സൈനിക ഏകാധിപത്യ ഭരണമായിരുന്നു എര്‍ഷാദ് നടത്തിയിരുന്നത്.
എന്നാല്‍ 1990കളിലെ ഗള്‍ഫ് യുദ്ധത്തിന്റെ അലയൊലികള്‍ ബംഗ്ലാദേശില്‍ ജനാധിപത്യ പ്രക്ഷോഭം ശക്തമാക്കി ഇപ്പോള്‍ രാഷ്ട്രീയ എതിരാളികളായി മാറിയ ഖാലിദ സിയയും ഷെയ്ഖ് ഹസീനയും ഒരുമിച്ചാണ് അന്ന് സൈനിക ഭരണത്തിനെതിരെ ജനാധിപത്യപരമായ പ്രക്ഷോഭം നയിച്ചത്. ഷെയ്ഖ് ഹസീന ഭരണകൂടം പിന്നീട് ശക്തമായി എതിര്‍ത്ത ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും ഈ പ്രക്ഷോഭത്തില്‍ കണ്ണിചേര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് ബംഗ്ലാദേശില്‍ ജനാധിപത്യം തിരികെ വരുന്നത്. ജനാധിപത്യ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ഖാലിദ സിയ 1991ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് വീണ്ടും ബംഗ്ലാദേശില്‍ ജനാധിപത്യം തിരിച്ചുവന്നതായി വിലയിരുത്തപ്പെട്ടിരുന്നു. 1996ല്‍ ആദ്യമായി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശിന്റെ നേതൃനിരയിലുള്ള രണ്ട് പെണ്‍കരുത്തുകള്‍ തമ്മിലുള്ള അങ്കത്തിന് കൂടിയാണ് 1990 സാക്ഷ്യം വഹിച്ചത്. ഷെയ്ഖ് ഹസീനയ്ക്കും ഖാലിദ സിയയ്ക്കും ഇടയിലെ ശത്രുത ബാറ്റില്‍ ഓഫ് ബീഗംസ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
പിന്നീട് 2001ല്‍ ഖാലിദ സിയ അധികാരത്തില്‍ തിരിച്ചെത്തി. 2006ന് ശേഷം വീണ്ടും മൂന്ന് വര്‍ഷം രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉണ്ടായി. എന്നാല്‍ 2009ല്‍ ഷെയ്ഖ് ഹസീന അധികാരം ഉറപ്പിച്ചു. പിന്നീട് തുടര്‍ച്ചയായ 15 കൊല്ലവും 222 ദിവസവും അധികാരത്തില്‍ തുടര്‍ന്നതിന് ശേഷമാണ് 2024 ആഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന അധികാരം ഒഴിഞ്ഞതും രാജ്യത്തിന് ഓടിയൊളിച്ചതും.
ബംഗ്ലാദേശില്‍ എന്താണ് സംഭവിക്കുന്നത്?
1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ കൊച്ചുമക്കള്‍ക്ക് 30 ശതമാനം സിവില്‍ സര്‍വീസ് മേഖലയില്‍ ജോലി സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ള പരിഷ്‌കരണമാണ് ഇപ്പോഴുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. വിദ്യാര്‍ഥികള്‍ തുടക്കമിട്ട ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിപക്ഷം ചേര്‍ന്നതോടെ സമരത്തെ നേരിടാന്‍ ഭരണപക്ഷമായ അവാമി ലീഗിന്റെ വിദ്യാര്‍ഥി സംഘടനകള്‍ തെരുവിലിറങ്ങി. ബംഗ്ലാദേശ് ഛാത്ര ലീഗിനെ കളത്തിലിറക്കിയതോടെ ഏറ്റമുട്ടല്‍ ആരംഭിച്ചു.
സംഘര്‍ഷം വഷളായതോടെ പോലീസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ബോര്‍ഡ് ഗ്വാര്‍ഡ് ഓഫ് ബംഗ്ലാദേശ് എന്നിവരെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു. പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികളെയും പ്രതിപക്ഷ അണികളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. പുതുതായി ഏര്‍പ്പെടുത്തിയ സംവരണം സര്‍ക്കാര്‍ കോടതി ഉത്തരവിലൂടെ പരിഹരിച്ചെങ്കിലും പ്രക്ഷോഭകാര്‍ പുതിയ ആവശ്യങ്ങളുമായി രംഗത്തെത്തുകയായിരുന്നു.
പ്രതിഷേധക്കാരെ നിയമപാലകര്‍ കയ്യേറ്റം ചെയ്യാന്‍ ആരംഭിച്ചതോടെ സര്‍ക്കാരിന്റെ രാജി അല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് വേണ്ടെന്ന് സമരക്കാര്‍ ഉറപ്പിച്ച് പറഞ്ഞു. ആളുകളെ നിയന്ത്രിക്കാന്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇതെല്ലാം ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. പ്രക്ഷോഭക്കാരെ നേരിടാന്‍ പോലീസ് ആയുധം പ്രയോഗിച്ചതോടെ മൂന്നിറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. 6000ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
വിദ്യാര്‍ഥികളുടെ ആവശ്യം
ബംഗ്ലാദേശിലുണ്ടായത് വെറുമൊരു വിദ്യാര്‍ഥി പ്രക്ഷോഭമല്ല. വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിഷേധമായിരുന്നു. ഒരു സര്‍ക്കാരിനെ നിലംപരിശാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ആ വിദ്യാര്‍ഥികള്‍ തെളിയിച്ചു. നീതിയും സ്വാതന്ത്ര്യവും തുല്യാവകാശവും ഭരണകുടം ഉറപ്പുവരുത്തണമെന്ന് സമരവേളയില്‍ അവര്‍ വാദിച്ചുകൊണ്ടേയിരുന്നു.
സാമ്പത്തിക അഭിവൃദ്ധിക്കപ്പുറത്തേക്ക് ഭരണകൂടം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കണം. രാജ്യത്തിന്റെ അന്തസ് കാത്ത് സൂക്ഷിക്കാന്‍ ഭരണാധികാരികള്‍ തയാറാകണം. ജനങ്ങള്‍ക്ക് അര്‍ഹമായ ബഹുമാനം ലംഘിക്കപ്പെടാന്‍ പാടില്ലെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഭരണകൂടം നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വജനപക്ഷപാതത്തിന് വേണ്ടി നിയമ നിര്‍മാണം ആരംഭിച്ചപ്പോള്‍ കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങി.
സംവരണത്തിനെതിരെ തുടക്കത്തില്‍ സമാധാനപൂര്‍ണമായ സമരം നയിച്ച വിദ്യാര്‍ഥികളെ സ്വേച്ഛാധിപത്യത്തിന്റെ കോമ്പല്ലുകള്‍ കാട്ടി ഭരണകൂടം പരിഹസിച്ചു. അവരെ ജനാധിപത്യ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ അടിച്ചമര്‍ത്താന്‍ ഹസീനയുടെ സര്‍ക്കാര്‍ ശ്രമിച്ചു. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. ഇതോടെ സര്‍ക്കാരിലുള്ള വിശ്വാസം വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും നഷ്ടമായി.
Also Read: Sheikh Hasina: 15 വർഷത്തെ ഭരണം, ഒടുവിൽ മുട്ടുമടക്കി; ഷെയ്ഖ് ഹസീനയെ താഴെയിറക്കിയ പ്രതിഷേധം ഇങ്ങനെ
സര്‍ക്കാരിന്റെ പരാജയം
വിദ്യാര്‍ഥികളുടെ ആവശ്യത്തെയും അവരുടെ സമരരീതിയേയും മനസിലാക്കാന്‍ തുടക്കത്തില്‍ തന്നെ സര്‍ക്കാരിന് സാധിക്കാതെ പോയി. വിദ്യാര്‍ഥികള്‍ വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അതിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചില്ല. അക്രമ രാഷ്ട്രീയവും അനാദരവും ഞങ്ങളുടെ പക്കല്‍ എടുക്കേണ്ടെന്ന് വിദ്യാര്‍ഥികള്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. ചര്‍ച്ചകള്‍ക്കാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞപ്പോള്‍ അത് മനസിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല.