5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Muhammad Yunus: ബംഗ്ലാദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം? അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് മുഹമ്മദ് യൂനുസ്; പിന്നാലെ തിരഞ്ഞെടുപ്പ് നടത്താന്‍ നീക്കം

Muhammad Yunus responds: തിരഞ്ഞെടുപ്പ് അടുക്കുന്തോറും തെറ്റായ വിവരങ്ങളുടെ തീവ്രത വർധിക്കും. ഇതിന് പിന്നിൽ ആരാണെന്നും എന്തുകൊണ്ടാണെന്നും എല്ലാവര്‍ക്കും അറിയാം. തെറ്റായ പ്രചരണം തടയാന്‍ ഐക്യരാഷ്ട്രസഭയുടെ സഹകരണം തേടി. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഹമ്മദ് യൂനുസ്

Muhammad Yunus: ബംഗ്ലാദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം? അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് മുഹമ്മദ് യൂനുസ്; പിന്നാലെ തിരഞ്ഞെടുപ്പ് നടത്താന്‍ നീക്കം
മുഹമ്മദ് യൂനുസ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 26 Mar 2025 16:57 PM

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈനികനീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ച് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് രംഗത്ത്. അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാകുകയും അട്ടിമറി സാധ്യതയുണ്ടെന്ന കിംവദന്തികള്‍ പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഹമ്മദ് യൂനുസിന്റെ വിശദീകരണം. ഇടക്കാല സർക്കാർ അധികാരമേറ്റതിനുശേഷം, മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കിംവദന്തികള്‍ വ്യാപകമായി പ്രചരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തെറ്റായ വിവരങ്ങൾ ഒന്നിനുപുറകെ ഒന്നായി പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നൂതനമായ മാര്‍ഗങ്ങളിലൂടെയും അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ഒന്നിനുപുറകെ ഒന്നായി സംഭവങ്ങൾ സൃഷ്ടിക്കപ്പെടുന്നു. മറ്റ് രാജ്യങ്ങളിലെ സംഭവങ്ങള്‍ ഇവിടെ നടന്നതായി പ്രചരിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുകയും ചെയ്യുകയാണെന്നും മുഹമ്മദ് യൂനുസ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് അടുക്കുന്തോറും തെറ്റായ വിവരങ്ങളുടെ തീവ്രത വർധിക്കും. ഇതിന് പിന്നിൽ ആരാണെന്നും എന്തുകൊണ്ടാണെന്നും എല്ലാവര്‍ക്കും അറിയാം. തെറ്റായ പ്രചരണം തടയാന്‍ ഐക്യരാഷ്ട്രസഭയുടെ സഹകരണം തേടി. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഹമ്മദ് യൂനുസ് വിശദീകരിച്ചു.

എന്തായിരുന്നു പ്രചരിച്ചത്?

സൈനിക മേധാവി ജനറൽ വക്കർ ഉസ് സമാനും വിദ്യാർത്ഥി നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയും ധാക്കയിലെ സൈനിക നീക്കങ്ങളും സംബന്ധിച്ച റിപ്പോർട്ടുകളുമാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. യൂനുസിനെ നീക്കം ചെയ്ത് ഇടക്കാല സർക്കാരിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് സൈന്യം പരിഗണിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നായിരുന്നു ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വിശദീകരണം.

ധാക്കയിലെ സൈനിക നടപടികളാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. വെള്ളിയാഴ്ച രാവിലെ മുതൽ സംയുക്ത സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കുകയും ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. സൈനിക മേധാവി ഇന്ത്യയുടെ സ്വാധീനത്താലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫ്രാന്‍സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബംഗ്ലാദേശി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിനകി ഭട്ടാചാര്യ ആരോപിച്ചിരുന്നു. ചീഫ് ഓഫ് ആർമി സ്റ്റാഫിനെതിരെ (സിഎഎസ്) പ്രതിഷേധിക്കാൻ പിനകി ഭട്ടാചാര്യ ആഹ്വാനം ചെയ്തു.

Read Also : Death Penalty in Bangladesh: സര്‍ക്കാരിനെ വിമര്‍ശിച്ചതിന്‌ സഹപാഠിയെ കൊലപ്പെടുത്തിയ കേസ്; ബംഗ്ലാദേശില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ

തിരഞ്ഞെടുപ്പിന് ഒരുങ്ങി

അതേസമയം, ബംഗ്ലാദേശ് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യ പകുതിയിലോ ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചതായി മുഹമ്മദ് യൂനുസ് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും സ്വതന്ത്രവും നീതിയുക്തവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.