US Iran Issue: ‘പ്രശ്‌ന പരിഹാരമല്ല, ആധിപത്യം സ്ഥാപിക്കലാണ് ലക്ഷ്യം’; ട്രംപിനെ വിമര്‍ശിച്ച് ഖമേനി
Ayatollah Ali Khamenei After Donald Trump Threat: ആണവ കരാര്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കത്ത് എഴുതിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കത്ത് കിട്ടിയതായി ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടത്തണമെന്നും വിസമ്മതിച്ചാൽ സൈനിക നടപടി നേരിടേണ്ടിവരുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. സമ്മര്‍ദ്ദത്തിന് വഴങ്ങി ഇറാന്‍ ചര്‍ച്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

ആയത്തുള്ള അലി ഖമേനി
ടെഹ്‌റാന്‍: തങ്ങളുമായി ആണവക്കരാറിന് തയ്യാറാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. യുഎസിന്റേത് ‘ഭീഷണി തന്ത്ര’മാണെന്നായിരുന്നു ഖമേനിയുടെ മറുപടി. ചില വിദേശ നേതാക്കളെ ‘ഭീഷണിക്കാര്‍’ എന്നല്ലാതെ മറ്റൊരു വാക്ക് ഉപയോഗിച്ചും വിശേഷിപ്പിക്കാനാകില്ല. ഭീഷണിപ്പെടുത്തുന്ന ചില സര്‍ക്കാരുകള്‍ ചര്‍ച്ചയ്ക്ക് വേണ്ടി നിര്‍ബന്ധം പിടിക്കുകയാണെന്ന് ഖമേനി പറഞ്ഞു. ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനിടെയാണ് ഖമേനി ഇക്കാര്യം പറഞ്ഞത്.
ഇറാൻ തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകളിൽ ഏർപ്പെടാൻ വിസമ്മതിച്ചാൽ സൈനിക നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ ഭീഷണിയെക്കുറിച്ചും ഖമേനി പ്രതികരിച്ചു. അവരുടെ ചർച്ചകൾ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയല്ല. ആധിപത്യം സ്ഥാപിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് ഖമേനി വ്യക്തമാക്കി.
ആണവ കരാര്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഇറാന് കത്ത് എഴുതിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ കത്ത് കിട്ടിയതായി ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ആണവ പദ്ധതിയെക്കുറിച്ച് പുതിയ ചർച്ചകൾ നടത്തണമെന്നും വിസമ്മതിച്ചാൽ സൈനിക നടപടി നേരിടേണ്ടിവരുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. സമ്മര്‍ദ്ദത്തിന് വഴങ്ങി ഇറാന്‍ ചര്‍ച്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ ആദ്യ ടേമില്‍ (2018ല്‍) അമേരിക്ക, ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) എന്നറിയപ്പെടുന്ന ഇറാൻ ആണവ കരാറിൽ നിന്ന് പിന്മാറിയിരുന്നു. ഇറാന്റെ ആണവ പ്രവർത്തനങ്ങളിൽ പരിധി നിശ്ചയിക്കുന്നതിന് പകരമായി സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് ഇളവ് വാഗ്ദാനം ചെയ്യുന്നതായിരുന്നു 2015ല്‍ രൂപീകരിച്ച ജെസിപിഒഎ.
Read Also : Donald Trump: ‘റഷ്യയെ പിന്നെയും കൈകാര്യം ചെയ്യാം; പക്ഷേ, യുക്രൈന്‍ ബുദ്ധിമുട്ടാണ്’; തുറന്നുപറഞ്ഞ് ട്രംപ്
അതിനിടെ, തങ്ങളുടെ ആണവ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമീപമാസങ്ങളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുമായി ഇറാന്‍ നയതന്ത്ര ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് ഈ രാജ്യങ്ങളെ വിമര്‍ശിച്ച് ഖമേനി രംഗത്തെത്തിയിരുന്നു. ജെസിപിഒഎ പ്രകാരം ഇറാൻ ആണവ പ്രതിബദ്ധതകൾ നിറവേറ്റിയിട്ടില്ലെന്ന പ്രഖ്യാപനമാണ് ഖമേനിയെ ചൊടിപ്പിച്ചത്.
“ജെസിപിഒഎ പ്രകാരം ഇറാൻ അവരുടെ പ്രതിബദ്ധതകൾ പാലിച്ചിട്ടില്ലെന്ന് നിങ്ങൾ പറയുന്നു. ശരി. ജെസിപിഒഎ പ്രകാരം നിങ്ങളുടെ പ്രതിബദ്ധതകൾ നിങ്ങൾ നിറവേറ്റിയോ?”-എന്നായിരുന്നു ഖമേനിയുടെ മറുചോദ്യം. ഇറാന്‍ ഒരു വര്‍ഷത്തേക്ക് പ്രതിജ്ഞാബദ്ധതകള്‍ പാലിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റിലെ നിയമനിര്‍മ്മാണം മൂലം കരാറിന്റെ കീഴിൽ ഇവയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നായിരുന്നു ഖമേനിയുടെ വിശദീകരണം.