Work Visa: വിദേശത്ത് ഒരു ജോലി ആയാലോ? ഇന്ത്യക്കാർക്ക് വർക്ക് വിസയുമായി ഓസ്ട്രേലിയ
Visa For Indians: ഒക്ടോബര്‍ 1 മുതൽ ഇന്ത്യക്കാർ തൊഴിൽ, വിനോദ സഞ്ചാര വിസകൾ അനുവദിക്കും. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര കരാറിലെ വ്യവസ്ഥകള്‍ പ്രകാരം 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യൻ പൗരത്വമുള്ളവർക്ക് വിസയ്ക്കായി അപേക്ഷിക്കാം.
ന്യൂഡൽഹി: ഭാരതീയർക്ക് ഓസ്ട്രേലിയയിലേക്ക് പോകാൻ അവസരമൊരുങ്ങുന്നു. പ്രതിവർഷം ഇന്ത്യക്കാർക്ക് 1000- തൊഴിൽ, സന്ദർശക വിസകൾ അനുവദിക്കുമെന്ന് ഓസ്ട്രേലിയൻ ഭരണകൂടം അറിയിച്ചു. 2022-ൽ നിലവിൽ വന്ന ഇന്ത്യ- ഓസ്ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാറിന്റെ (India-Australia Economic Cooperation and Trade Agreement -AI-ECTA) ഭാഗമായാണ് വിസ അനുവദിച്ചിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ ഇത് നിലവില്‍വരും. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന്റെ ത്രിദിന ഓസ്ട്രേലിയൻ സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം. വര്‍ക്ക് ആന്റ് ഹോളിഡേ വിഭാഗത്തിൽ ഓസ്ട്രേലിയൻ ഗവൺമെന്റ് വിസ അനുവദിക്കുന്ന കാര്യം കേന്ദ്രമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര കരാറിലെ വ്യവസ്ഥകള്‍ പ്രകാരം 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യൻ പൗരത്വമുള്ളവർക്ക് വിസയ്ക്കായി അപേക്ഷിക്കാം. ഓസ്ട്രേലിയൻ വിസ ലഭിക്കുന്നവർക്ക് ഒരു വർഷം രാജ്യത്ത് താത്കാലികമായി താമസിക്കാം. വിസയ്ക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ ഉടൻ ഓസ്ട്രേലിയൻ സർക്കാർ പുറത്തുവിടും. മൾട്ടിപ്പിൾ എൻട്രി വിസയാണ് ഒരു വർഷത്തേക്ക് അനുവദിക്കുന്നത്. പഠനം, ജോലി, വിനോദ യാത്രകള്‍ എന്നിവക്ക് ഉപയോഗപ്പെടുത്താനാകും.
നിലവിലുള്ള ഇന്ത്യ- ഓസ്ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാർ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. 2030- ആകുമ്പോഴേക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
2022-ലാണ് ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ–വ്യാപാര കരാർ നിലവിൽ വന്നത്. ടെക്സ്റ്റൈൽസ്, കൃഷി, മത്സ്യ ഉൽപന്നങ്ങൾ, ലെതർ, ഫർണിച്ചർ, ജ്വല്ലറി അടക്കം ഇന്ത്യയിലെ ആറായിരത്തോളം ഇനങ്ങൾക്ക് നികുതി രഹിതമായ വിപണി ഓസ്ട്രേലിയയിൽ കരാറിലൂടെ തുറന്നുകിട്ടും. ഓസ്ട്രേലിയയിൽ ഒരു വർഷമുള്ള ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്ക് ഒന്നര വർഷം വരെയും ബിരുദം കഴിഞ്ഞവർക്ക് 2 വർഷം വരെയും പിജി കഴിഞ്ഞവർക്ക് 3 വർഷം വരെയും താൽക്കാലിക തൊഴിൽ വിസ ലഭിക്കും. പിഎച്ച്ഡി കഴിഞ്ഞവർക്ക് 4 വർഷവുമാണ് താത്കാലിക തൊഴിൽ വിസ ലഭിക്കുക.
ഒരു മാസം മുമ്പ് വിദേശ വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താൻ ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. 2025 മുതൽ രാജ്യത്തേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണം 2.7 ലക്ഷമായി പരിമിതപ്പെടുത്താനാണ് തീരുമാനം. 2022-ലും വിദേശ വിദ്യാർത്ഥികളുടെ എണ്ണം ഓസ്ട്രേലിയ പരിമിതപ്പെടുത്തിയിരുന്നു. അന്ന് 5.10 ലക്ഷമായാണ് വിദ്യാർത്ഥികളുടെ എണ്ണം കുറച്ചത്. അതിന് മുമ്പത്തെ വർഷം ഇത് 3.75 ലക്ഷമാക്കി കുറച്ചു. വിദ്യാർത്ഥികളുടെ നോൺ റീഫണ്ടബിൾ വിസ(non refundable visa)യുടെ ഫീസും വർദ്ധിപ്പിച്ചിട്ടുണ്ട്. 710 എയുഡിൽ നിന്നും 1600 രൂപയാണ് വർദ്ധിപ്പിച്ചത്.
യുകെ, അമേരിക്ക, കാനഡ് എന്നീ രാജ്യങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കാൻ തിരഞ്ഞെടുക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. സമാനമായി വിദേശത്ത് നിന്ന് വരുന്ന വിദ്യാർത്ഥികളുടെ എണ്ണം കാനഡയും പരിമിതപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 26 മുതൽ കാനഡയിലെ സ്ഥാപനങ്ങളിൽ വിദേശ തൊഴിലാളികളുടെ എണ്ണം 10 ശതമാനമാക്കി കുറച്ചിരുന്നു. നേരത്തെ 20 ശതമാനം വിദേശികൾക്ക് സ്ഥാപനങ്ങളിൽ തൊഴിൽ നൽകിയിരുന്നു.