5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Covishield Vaccine : കൊവിഷീൽഡ് വാക്സിൻ ആസ്ട്രസെനെക്ക പിൻവലിച്ചു; ഉത്പാദനവും നിർത്തി

Covishield Vaccine Withdraws : കൊവിഷീൽഡ് ഉപയോഗിച്ചവരിൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് ആസ്ട്രസെനെക്ക വാക്സിൻ മാർക്കറ്റിൽ നിന്നും പിൻവലിക്കുന്നത്

Covishield Vaccine : കൊവിഷീൽഡ് വാക്സിൻ ആസ്ട്രസെനെക്ക പിൻവലിച്ചു; ഉത്പാദനവും നിർത്തി
jenish-thomas
Jenish Thomas | Published: 08 May 2024 09:22 AM

ലണ്ടൺ : കോവിഡ് വാക്സിനായ കൊവിഷീൽഡ് വിപണിയിൽ നിന്നും പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനെക്ക. കൊവിഷീൽഡ് ഉപയോഗിച്ചവരിൽ അപൂർവ്വമായി പാർശ്വഫലങ്ങൾ (രക്തം കട്ടിപിടിക്കൽ) ഉണ്ടാകുമെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് ബ്രീട്ടിഷ് മരുന്ന് നിർമാതാക്കളായ ആസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് വാക്സിൻ വിപണയിൽ നിന്നും പിൻവലിച്ചിരിക്കുന്നത്. വാക്സിൻ വിപണയിൽ നിന്നും പിൻവലിച്ചതിനൊപ്പം കൊവിഷീൽഡിൻ്റെ നിർമാണവും കമ്പനി നിർത്തിവെച്ചു.

വിപണി സംബന്ധമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാക്സിൻ്റെ വിൽപനയും ഉത്പാദനവും നിർത്തിവെച്ചിരിക്കുന്നതെന്നാണ് ആസ്ട്രസെനെക്ക അറിയിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി ടെലഗ്രാഫ് റെപ്പോർട്ട് ചെയ്യുന്നു. പുതിയ കോവിഡ് വകഭേദങ്ങളെ തടയുന്നതിന് വാക്സിനിൽ മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് ഇപ്പോൾ വിപണിയിൽ നിന്നും കൊവിഷീൽഡ് പിൻവലിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് ഫാർമ അറിയിച്ചു. ആസ്ട്രെസെനെക്കയും ഓക്സഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച വാക്സിൻ ഇന്ത്യയിൽ നിർമിച്ച് വിൽപന നടത്തുന്നത് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്.

യൂറോപ്യൻ യൂണിയനിലാണ് ആസ്ട്രെസെനക്ക കൊവിഷീൽഡിൻ്റെ വിതരണവും ഉത്പാദനവും നിലവിൽ നിർത്തിവെച്ചിരിക്കുന്നത്. സമാനമായി മറ്റ് രാജ്യങ്ങളിലെ വിൽപനയും ഉത്പാദനവും കമ്പനി നിർത്തിവെച്ചേക്കും.

കൊവിഷീൽഡിൻ്റെ പാർശ്വഫലവുമായി ബന്ധപ്പെട്ട് യുകെ ഹൈക്കോടതിയിൽ 51 ഓളം കേസുകളാണ് നിലവിലുള്ളത്. ആസ്ട്രെസെനെക്ക വികസിപ്പിച്ച വാക്സിൻ മൂലം ആന്തരികരക്തസ്രാവവും മരണവും ഉണ്ടായിട്ടുണ്ടെന്നുള്ള കേസുകളാണ് ഇവയിൽ പ്രധാനമായിട്ടുള്ളത്. 100 മില്യൺ പൗണ്ട് (ആയിരം കോടിയിൽ അധികം) നഷ്ടപരിഹാരമാണ് വിവിധ കേസുകളിലായി ആസ്ട്രസെനെക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ കേസുകളിലാണ് കമ്പനി തങ്ങളുടെ വാക്സിൻ ഉപയോഗിക്കുന്നവരിൽ അപൂർവ്വമായി പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് കോടതിയോട് രേഖമൂലം അസ്ട്രെസെനെക്ക സമ്മതിച്ചത്. രക്തം കട്ട പിടിക്കുന്നതും രക്തത്തിലെ പ്ലേറ്റ്ലെറ്റിൻ്റെ അളവ് കുറയ്ക്കുന്നതുമായ അപൂർവ്വമായ പാർശ്വഫലങ്ങൾക്ക് കൊവിഷീൽഡ് കാരണമാകുന്നുയെന്നാണ് ആസ്ട്രെസെനെക്ക കോടതിയിൽ അറിയിച്ചത്. ഈ രോഗാവസ്ഥയെ ടിടിഎസ് എന്നാണ് വിളിക്കുക.

വാക്സിൻ നിർമാതാക്കൾ ഈ സമർപ്പിച്ച രേഖ കഴിഞ്ഞ വർഷം ഒരു കേസിൽ കമ്പനി നടത്തിയ നിലപാടിന് വിരുദ്ധമാണ്. ജെയ്മി സ്കോട്ട് എന്ന വ്യക്തി സമർപ്പിച്ച പരാതിയിൽ വാക്സിൻ മൂലമാണ് രക്തം കട്ടിപ്പിടിക്കുന്നത് തങ്ങൾക്ക് അംഗീകരിക്കാനാകില്ലയെന്നാണ് ആസ്ട്രെസെനെക്ക് അന്ന് കോടതിയിൽ പറഞ്ഞത്.

ജെയ്മി സ്കോട്ട് എന്ന വ്യക്തിയാണ് വാക്സിൻ നിർമാതാക്കൾക്കെതിരെ ആദ്യ കേസുമായി രംഗത്തെത്തിയത്. 2021 ഏപ്രിൽ വാക്സിൻ സ്വീകരിച്ച ഇയാൾക്ക് രക്തം കട്ടിപ്പിടിച്ചതോടെ തലച്ചോറിൽ ക്ഷതം സംഭവിച്ചുയെന്നാണ്. രോഗബാധയെ തുടർന്ന് തൻ്റെ ജോലി നഷ്ടപ്പെടുകയും മൂന്ന് തവണ ആശുപത്രി അധികൃതർ താൻ ഉടൻ മരിച്ചു പോകുമെന്ന് തൻ്റെ ഭാര്യയോട് അറിയിച്ചതായി ജെയ്മി സ്കോട്ട് കോടതിയിൽ അറിയിച്ചു.