American Attacked Malayali Nurse: ‘ഇന്ത്യക്കാർ മോശം, അടിച്ചവളെ തീർത്തിട്ടുണ്ട്’; മലയാളി നഴ്സിനെ ആക്രമിച്ച അമേരിക്കൻ സ്വദേശി അറസ്റ്റിൽ
Malayali Nurse Attacked By American: ഫ്ലോറിഡയിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന മലയാളി നഴ്സിനെ ആക്രമിച്ച അമേരിക്കൻ പൗരൻ അറസ്റ്റിൽ. ഇയാൾക്കെതിരെ ഹേറ്റ് ക്രൈം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

മലയാളി നഴ്സ്
മലയാളി നഴ്സിനെ ആക്രമിച്ച അമേരിക്കൻ സ്വദേശി അറസ്റ്റിൽ. ഫ്ലോറിഡയിൽ നഴ്സായ ലീലാമ്മ ലാൽ എന്ന നഴ്സിനെ ആക്രമിച്ച 33 വയസുകാരൻ സ്റ്റീഫൻ സ്കാൻ്റിൽബറിയാണ് അറസ്റ്റിലായത്. ‘ഇന്ത്യക്കാർ മോശമാണെന്നും ഒരു ഇന്ത്യൻ ഡോക്ടറെ അടിച്ച് തീർത്തിട്ടുണ്ട്’ എന്നും ഇയാൾ പറഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥ കോടതിയിൽ മൊഴി നൽകി.
എച്ച്സിഎ ഫ്ലോറിഡ പാംസ് വെസ്റ്റ് ഹോസ്പിറ്റലിലെ സൈക്യാട്രിക് വാർഡിൽ ചികിത്സയിലായിരുന്നു സ്റ്റീഫൻ സ്കാൻ്റിൽബറി. ഇവിടെ വച്ചാണ് ഇയാൾ ആശുപത്രിയിലെ നഴ്സായ 67 വയസുകാരി ലീലാമ്മ ലാലിനെ ആക്രമിച്ചത്. ആക്രമണത്തിൽ ലീലാമ്മയ്ക്ക് ഗുരുതര പരിക്കുകളേറ്റു. മുഖത്താണ് കൂടുതൽ പരിക്ക് പറ്റിയത്. ശരീരത്തിൽ ഒടിവുകളുമുണ്ട്. ലീലാമ്മയെ ആക്രമിക്കുന്നതിനിടെ സ്റ്റീഫൻ പറഞ്ഞ വംശീയ പരാമർശങ്ങൾ പോലീസ് ഓഫീസറായ ബെത്ത് ന്യൂകോമ്പ് കോടതിയെ അറിയിച്ചു. പാം ബീച്ച് കൗണ്ടി ഷെരിഫ് ഓഫീസിലെ സാർജൻ്റാണ് ബെത്ത് ന്യൂകോമ്പ്. പാം ബീച്ച് കൗണ്ടി കോർട്ട്ഹൗസിലാണ് ഇതുമായി ബന്ധപ്പെട്ട വാദം നടന്നത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്റ്റീഫൻ സ്കാൻ്റിൽബറി ഷർട്ടില്ലാതെ ഇറങ്ങിയോടുകയായിരുന്നു എന്ന് ബെത്ത് ന്യൂകോമ്പ് കോടതിയെ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ സ്റ്റീഫനെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമവും ഹേറ്റ് ക്രൈമുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാൾക്ക് ഷർട്ടോ ചെരിപ്പോ ഇല്ലായിരുന്നു എന്ന് പോലീസ് അറിയിച്ചു. മാനസിക പ്രശ്നങ്ങളുള്ളവർക്ക് എത്രയും വേഗം ചികിത്സ നൽകണമെന്ന ഫ്ലോറിഡ ബേക്കേഴ്സ് നിയമപ്രകാരമാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ആക്രമണത്തിന് ശേഷം മലയാളി നഴ്സിനെ അനുകൂലിച്ച് ആളുകൾ രംഗത്തുവന്നു. ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇത്തരത്തിൽ ഉണ്ടാവുന്ന ആക്രമണങ്ങളിലെ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള പൊതുതാത്പര്യ ഹർജിയിൽ രണ്ട് ദിവസം കൊണ്ട് 10,000ഓളം പേരാണ് ഒപ്പിട്ടത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സുരക്ഷയൊരുക്കേണ്ടതുണ്ട്. ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമങ്ങളില്ലെന്നത് ആശങ്കയാനെന്നും സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പറഞ്ഞു.