ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ഇസ്രായേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും
ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്തുന്നതിന് വോട്ടെടുപ്പ് നടന്നത്
ടെല്‍അവീവ്: രാജ്യത്ത് അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭയിലാണ് തീരുമാനം. ഈ തീരുമാനം മന്ത്രിസഭ ഏകകണ്ഠമായി പാസാക്കിയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനുള്ള ബില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ നേരത്തെ പാസാക്കിയിരുന്നു. അതിന് പിന്നാലെയാണ് അല്‍ ജസീറ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്ത് വോട്ടെടുപ്പ് നടന്നത്.
ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്തുന്നതിന് വോട്ടെടുപ്പ് നടന്നത്. അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്‌തെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബെഞ്ചമിന്‍ നെതന്യാഹു എക്‌സില്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. ‘ഇസ്രായേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ എന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏകകണ്ഠമായി തീരുമാനിച്ചു,’ എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
എന്നാല്‍ വിലക്ക് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നോ താത്കാലിക വിലക്ക് മാത്രമാണോ ഏര്‍പ്പെടുന്നത് എന്ന കാര്യത്തില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മന്ത്രിസഭ പാസാക്കിയ ഉത്തരവില്‍ താന്‍ ഒപ്പുവെച്ചുവെന്ന് ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്‌ലോമോ കാര്‍ഹിയും പറഞ്ഞിട്ടുണ്ട്. ചാനല്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും. ക്യാമറകള്‍, കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചാനലിന്റെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടകുരുതി ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ നല്ലൊരു പങ്ക് അല്‍ ജസീറയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഈ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നെതന്യാഹു ഏറെ നാളായി ശ്രമിച്ചിരുന്നു. ഇസ്രായേലിന്റെ ഈ നടപടിക്കെതിരെ ഹ്യൂമന്റൈറ്റ്‌സ് വാച്ച് രംഗത്തെത്തിയിരുന്നു. സത്യം മറച്ചുവെക്കാനാണ് ഇസ്രായേല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഹ്യൂമന്റൈറ്റ്‌സ് വാച്ച് പറഞ്ഞിരുന്നത്.
വെസ്റ്റ് ബാങ്കിലും ഗസയിലുമുള്ള അല്‍ ജസീറയുടെ ഓഫീസുകള്‍ക്ക് നേരെ ഇസ്രായേല്‍ നേരത്തെ ആക്രമണം നടത്തിയിരുന്നു. 2022ല്‍ വെസ്റ്റ് ബാങ്കിലെ പട്ടണമായ ജെനിനില്‍ ഇസ്രായേല്‍ നടത്തിയ സൈനിക റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ ജസീറയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഷിറിന്‍ അബു അക്ലയെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നിരുന്നു.
ഖത്തര്‍ ആസ്ഥാനമായാണ് അല്‍ ജസീറ പ്രവര്‍ത്തിക്കുന്നത്. അല്‍ ജസീറ ഹമാസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തുടക്കം മുതല്‍ തന്നെ അല്‍ ജസീറ തള്ളിക്കളഞ്ഞിരുന്നു.
ഇസ്രായേലിന്റെ സുരക്ഷ ലംഘിച്ചാണ് അല്‍ ജസീറ പ്രവര്‍ത്തിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ അല്‍ ജസീറയും പങ്കാളികളാണെന്നും നെതന്യാഹു എക്‌സിലൂടെ ആരോപിച്ചിരുന്നു. എന്നാല്‍ നെതന്യാഹുവിന് മറുപടിയുമായി അല്‍ ജസീറ രംഗത്തെത്തുകയും ചെയ്തു. ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയില്‍ നെതന്യാഹുവിന് ഉത്തരവാദിത്തമുണ്ടെന്ന് അല്‍ ജസീറ പ്രതികരിച്ചു.