Al Nahda Fire: അൽ നഹ്ദ കെട്ടിടത്തിലെ തീപിടുത്തം; അന്വേഷണം ആരംഭിച്ച് ഷാർജ പോലീസ്
Al Nahda Building Fire Investigation: ഷാർജയിലെ അൽ നഹ്ദ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അഞ്ച് പേരാണ് മരണപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 19 ആയി.

ഷാർജ അൽ നഹ്ദ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ അന്വേഷണം ആരംഭിച്ച് ഷാർജ പോലീസ്. തീപിടുത്തത്തിൽ അഞ്ച് പേർ മരണപ്പെട്ടിരുന്നു. പരിക്കേറ്റവരുടെ എണ്ണം 19 ആയി ഉയർന്നു. 52 നിലയുള്ള കെട്ടിടത്തിൻ്റെ 44ആം നിലയിൽ നിന്നാരംഭിച്ച തീയുടെ ഉറവിടമാണ് പോലീസ് അന്വേഷിക്കുന്നത്. ഏപ്രിൽ 13ന് പകലാണ് അൽ നഹ്ദ കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,500ഓളം പേരാണ് ഇവിടെ താമസിക്കുന്നത്.
ഏപ്രിൽ 13 ഞായറാഴ്ച പകൽ 11.31ഓടെയാണ് അധികൃതർക്ക് തീപിടുത്തത്തെപ്പറ്റിയുള്ള വിവരം ലഭിച്ചത്. 44ആം നിലയിൽ തീപിടിച്ചു എന്നായിരുന്നു വിവരം. ഉടൻ തന്നെ അഗ്നിശമന സേന രംഗത്തെത്തിയെങ്കിലും ഇതിനകം തന്നെ മരണം സംഭവിച്ചിരുന്നു. മരിച്ച അഞ്ച് പേരിൽ നാല് പേർക്ക് തീയിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയപ്പോഴാണ് ജീവൻ നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങൾ ചിതറിയ നിലയിലായിരുന്നു. അഞ്ചാമത്തെയാൾ തീപിടുത്തത്തിൽ ഭയന്ന് ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ് അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Also Read: Sharjah: ഷാർജ അൽ നഹ്ദ കെട്ടിടത്തിൽ തീപിടുത്തം; അഞ്ച് മരണം, ആറ് പേർക്ക് പരിക്ക്
തീപിടുത്തത്തിൻ്റെ വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ ഉടൻ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിൽ നിന്ന് ആളുകളെ വേഗത്തിൽ ഒഴിപ്പിക്കുകയും ചെയ്തു. 13ന് രാത്രി ഏഴ് മണിയോടെ കെട്ടിടത്തിലെ തീ പൂർണമായും അണച്ച് അന്വേഷണത്തിനായി പോലീസിന് വിട്ടുനൽകി. ആളുകളെ അപ്പാർട്ട്മെൻ്റുകളിലേക്ക് മടക്കി അയച്ചെങ്കിലും 30ആം നിലയ്ക്ക് മുകളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. എമിറേറ്റിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നാണ് അൽ നഹ്ദ. ജോഗിങ് ട്രാക്ക്, ബാസ്കറ്റ്ബോൾ കോർട്ടുകൾ, ഫുട്ബോൾ പിച്ചുകൾ തുടങ്ങി വിവിധ സൗകര്യങ്ങൾ അൽ നഹ്ദയിലുണ്ട്.
സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് തീപിടുത്തമുണ്ടായത് എന്നതിനെപ്പറ്റി നിലവിൽ സൂചനകളില്ല. തീപിടുത്തത്തിൻ്റെ ഉറവിടവും പുറത്തറിഞ്ഞിട്ടില്ല. ഇതിലൊക്കെ അന്വേഷണം പുരോഗമിക്കുകയാണ്.