AI ഉണ്ടെല്ലോ പിന്നെ എന്തിനാ മനുഷ്യർ! ഇനി ജോലിക്ക് ആളെ എടുക്കില്ലെന്ന് അറിയിച്ച് ഫിൻടെക് കമ്പനി സിഇഒ
AI And Human Job Crisis : ഭാവിയിൽ മനുഷ്യൻ്റെ ജോലി സാധ്യതയ്ക്കുണ്ടാകുന്ന പ്രതിസന്ധി എന്തെല്ലാമാണെന്നുള്ള ചർച്ചയ്ക്കിടെയാണ് ഒരു കമ്പനി മനുഷ്യന് പകരം എഐയുടെ സഹായം തേടുന്നത്.
ഒരു മനുഷ്യൻ ഓഫീസിൽ ചെയ്യുന്ന ജോലികളെക്കാൾ നിർമിത ബുദ്ധി (എഐ) ചെയ്യുന്നതിനാൽ പുതുതായി ജീവനക്കാരെ എടുക്കുന്നത് നിർത്തിവെച്ച് ഫിൻടെക് കമ്പനി. സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻഡെക് കമ്പനിയായ ക്ലാർണയാണ് എഐ കാരണം പുതിയ ജീവനക്കാരെ കമ്പനിയിലേക്കെടുക്കുന്നത് നിർത്തിവെച്ചിരിക്കുന്നത്. കമ്പനിയിലെ മനുഷ്യന്‍മാരായ ജീവനക്കാരെക്കാളും എഐ കൃത്യമായി ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നുയുണ്ടെന്ന് അറിയിച്ചുകൊണ്ട് ക്ലാർണയുടെ സിഇഒ സെബാസ്റ്റ്യൻ സീമിയ്റ്റ്കോവ്സ്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വീഡിഷ് കമ്പനിയുടെ ഈ തീരുമാനം ഭാവിയിൽ മനുഷ്യൻ്റെ ജോലി സാധ്യതയ്ക്ക് മുകളിൽ വലിയ ചോദ്യ ചിഹ്നം ഉയർത്തുകയാണ്.
കമ്പനിയിലെ ഏത് വിഭാഗത്തിലെയും ജോലി എഐക്ക് ചെയ്യാൻ സാധിക്കും. കഴിഞ്ഞ ഒരു വർഷമായി ക്ലർണ ജോലിക്കായി പുതിയ ജീവനക്കാരെ കണ്ടെത്തുന്നില്ല. ഇത് കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ജോലികൾ എഐക്ക് നൽകിയതോടെ ക്ലാർണയിലെ ജീവനക്കാരുടെ എണ്ണം 4,500ൽ നിന്ന് 3,500 ആയി. ആരെയും പറഞ്ഞ് വിടാതെ സാധാരണ കമ്പനികളിൽ നിന്നും ജീവനക്കാർ പിരിഞ്ഞ് പോകുന്നതിലൂടെ ഉണ്ടായ കുറവാണിത്. പിരിഞ്ഞ് പോയവർക്ക് പകരം പുതുതായി മറ്റൊരാളെ കണ്ടെത്തുന്നതിന് പകരം ആ ജോലികൾ കമ്പനി എഐക്ക് നൽകിയെന്ന് ക്ലാർണ സിഇഒ സെബാസ്റ്റ്യൻ സീമിയ്റ്റ്കോവ്സ്കി ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എഐക്ക് ഈ ജോലികൾ നൽകിയതോടെ കമ്പനിയിലെ നിലവിലുള്ള ജീവനക്കാരുടെ ശമ്പളം ഒരു ഘട്ടത്തിൽ പോലും വെട്ടിക്കുറച്ചിട്ടില്ല. എന്നാൽ ഒരു വർഷം കൊണ്ട് കമ്പനിക്ക് ജീവനക്കാർക്ക് നൽകുന്ന ശമ്പളം വിഹതത്തിൽ ലാഭം ഉണ്ടാക്കാൻ സാധിച്ചു. ഇതിൻ്റെ ഗുണഫലം ഒരു തലത്തിൽ ലഭിക്കുക നിലവിലെ ജീവനക്കാർക്കാണെന്ന് കമ്പനി സിഇഒ അറിയിച്ചു.
എഐ മൂലം 2030 ഓടെ കോടി കണക്കിനുള്ള ജീവനക്കാർക്ക് മറ്റൊരു തൊഴിൽ സാധ്യത കണ്ടെത്തേണ്ടി വരുമെന്നാണ് 2023ൽ മകെൻസി ആൻഡ് കമ്പനി പ്രവചിച്ചത്. ഇതിന് ചുറ്റിപ്പറ്റി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സ്വീഡിഷ് ഫിൻടെക് കമ്പനിയുടെ വാർത്ത പുറത്ത് വരുന്നത്. പുതുതായി ജീവനക്കാരെ അധികം എടുക്കേണ്ട എന്ന സ്വീഡിഷ് കമ്പനിയുടെ തീരുമാനം എഐ മൂലം മാറ്റം വരുന്ന തൊഴിൽ മേഖലെയാണ്. പുതിയ ജീവനക്കാരെ എടുക്കുന്നില്ലെങ്കിലും എഞ്ചിനീയറിങ് പോലെയുള്ള മേഖലയിൽ ഇപ്പോഴും ക്ലാർണ ജോലിക്കാളെ എടുക്കുന്നുണ്ടെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞതായി ബിസിനെസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.