Afghanistan: തനിക്ക് 140 വയസാണ് പ്രായമെന്ന് അഫ്ഗാൻ പൗരൻ; അന്വേഷണത്തിന് ഉത്തരവിട്ട് താലിബാൻ
Aqel Nazir Claims He Is 140 Years: തനിക്ക് 140 വയസായെന്ന അവകാശവാദവുമായി അഫ്ഗാൻ പൗരൻ അഖേൽ നാസിർ. അവകാശവാദത്തിൽ താലിബാൻ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.

തനിക്ക് 140 വയസായെന്ന അഫ്ഗാൻ പൗരൻ്റെ അവകാശവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് താലിബാൻ. കിഴക്കൻ ഖോസ്റ്റ് പ്രവിശ്യയിൽ താമസിക്കുന്ന അഖേൽ നാസിർ എന്നയാളാണ് അവകാശവാദമുന്നയിച്ചത്. അവകാശവാദം ശരിയാണെങ്കിൽ ലോകത്തിലെ ഏറ്റവും പ്രായമുള്ളയാളായി അഖേൽ നാസിർ മാറും. ഇത് ശരിയാണോ എന്നറിയാനാണ് താലിബാൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
താൻ 1880ലാണ് ജനിച്ചതെന്ന് അഖേൽ നാസിർ അവകാശപ്പെടുന്നു. 1919ലെ ആംഗ്ലോ – അഫ്ഗാൻ യുദ്ധസമയത്ത് താൻ തൻ്റെ 30കളിലായിരുന്നു എന്നാണ് ഇയാളുടെ അവകാശവാദം. ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച രാജാവ് അമാനുള്ള ഖാനൊപ്പം ചേർന്ന് താൻ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും നാസിർ പറയുന്നു. തൻ്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളോ രേഖകളോ ഇയാളുടെ കൈവശം ഇല്ല.
“ഞാൻ അമാനുള്ള ഖാൻ രാജാവിനൊപ്പം കൊട്ടാരത്തിലായിരുന്നു. ആ സമയത്ത് എനിക്ക് 30 വയസിൽ അധികമായിരുന്നു. ബ്രിട്ടീഷുകാർ സ്ഥലം വിട്ടെന്നും മുട്ടുകുത്തിയെന്നും അദ്ദേഹം പറഞ്ഞത് എനിക്കോർമ്മയുണ്ട്. എല്ലാവരും സന്തോഷത്തിലായിരുന്നു. ബ്രിട്ടീഷുകാരെ തുരത്തിയതിന് എല്ലാവരും അമാനുള്ള രാജാവിന് നന്ദി പറഞ്ഞു. പലരും കൊട്ടാരത്തിലേക്ക് വന്നിരുന്നു. പക്ഷേ, അവരെല്ലാവരും ഇപ്പോൾ മരണപ്പെട്ടു.”- നാസിർ പറഞ്ഞു. തനിക്ക് 50 വയസ് പ്രായമുണ്ടെന്ന് നാസിറിൻ്റെ ചെറുമകൽ ഖ്യാൽ വാസിർ അവകാശപ്പെട്ടു. നാസിർ തൻ്റെ മുത്തച്ഛനാണ്. തനിക്കും ചെറുമക്കളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
നാസിറിൻ്റെ അവകാശവാദം ശരിയാണോ എന്ന് പരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ടെന്ന് താലിബാൻ വക്താവ് മുസ്തഗ്ഫർ ഗുർബാസ് പറഞ്ഞു. പ്രത്യേക സിവിൽ രജിസ്ട്രേഷൻ ടീം ഇക്കാര്യം പരിശോധിക്കുകയാണ്. അവകാശവാദങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചാൽ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളായി രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും ഗുർബാസ് അറിയിച്ചു. ഇത് തെളിയിക്കാനായാൽ ലോകത്ത് ഇതുവരെ ജീവിച്ചിരുന്നതിൽ ഏറ്റവും പ്രായം കൂടിയ ആളായി നാസിർ മാറും. നിലവിൽ ജീൻ കാൽമെൻ്റ് എന്ന ഫ്രാൻസ് സ്ത്രീയ്ക്കാണ് ഈ റെക്കോർഡ്. 1875ൽ ജനിച്ച അവർ 122 വർഷങ്ങൾക്ക് ശേഷം 1997ലാണ് മരണപ്പെട്ടത്.