ഫാസ്റ്റ് ഫുഡ് കൂടുതല്‍ കഴിക്കുന്ന ശീലമുണ്ടോ? തലച്ചോറിനെ തകരാറിലാക്കുന്ന ശീലമെന്ന് വിദഗ്ധര്‍
പഴകിയ എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അപകടകാരികളെന്ന് പറയുമെങ്കിലും ഇത് തലച്ചോറില്‍ നീണ്ട കാലത്തേക്ക് പ്രശ്‌നമുണ്ടാക്കുമെന്ന് കണ്ടെത്തിയത് ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്.
ന്യൂഡല്‍ഹി : വറുത്ത ഭക്ഷണം കഴിക്കുന്നത് പലപ്പോഴും പലര്‍ക്കും ഏറെ താല്‍പര്യമുള്ള കാര്യമാണ്. എന്നാല്‍ ഇത്തരം വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയാലോ ?
ഫ്രഞ്ച് ഫ്രൈസും വറുത്ത ചിക്കനും മറ്റ് പലഹാരങ്ങളുമെല്ലാം ധാരാളം കഴിക്കുന്നവരാണ് സൂക്ഷിക്കേണ്ടത്. പുതിയ പഠനങ്ങളനുസരിച്ച് ഇത്തരം ഭക്ഷണം കൂടുതലായി കഴിക്കുന്നരെ മാത്രമല്ല അവരുടെ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളേയും പ്രതികൂലമായി ബാധിക്കും. ഇവിടെ വില്ലനാകുന്നത് ഭക്ഷണം പാചകം ചെയ്യാനുപയോഗിക്കുന്ന എണ്ണയാണ്. പഴകിയ എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അപകടകാരികളെന്ന് പറയുമെങ്കിലും ഇത് തലച്ചോറില്‍ നീണ്ട കാലത്തേക്ക് പ്രശ്‌നമുണ്ടാക്കുമെന്ന് കണ്ടെത്തിയത് ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്. പഴകിയ എണ്ണയിലടങ്ങിയ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വഴിയാണ് തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നത്.
എങ്ങനെ ജങ്ക് ഫുഡ് അപകടം വരുത്തുന്നു?
ആവര്‍ത്തിച്ച് പാചകം ചെയ്ത എണ്ണയില്‍ വീണ്ടും കൊഴുപ്പുള്ള ഭക്ഷണം വറുത്ത് കഴിക്കുന്നത് വഴി കരളിനെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം ഭക്ഷണത്തിന്റെ ഉപയോഗം എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ ഇത് എലികള്‍ക്ക് തുടര്‍ച്ചയായി കൊടുക്കുകയും അവയില്‍ തലച്ചോറിന് തകരാറു സംഭവിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണുകയും ചെയ്തു. ഇങ്ങനെ കാണപ്പെട്ട ലക്ഷണങ്ങള്‍ അവയുടെ കുഞ്ഞുങ്ങളിലേക്ക് പകരുന്നതായും പരീക്ഷണത്തില്‍ കണ്ടെത്തി.
ഉയര്‍ന്ന ഊഷ്മാവില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉപാപചയ വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഇത് ന്യൂറോ ഡിജനറേഷനു കാരണമായേക്കാം.