Abu Dhabi: പരിസ്ഥിതി സൗഹാർദ്ദ ബസുമായി അബുദാബി; ഉപയോഗിച്ചിരിക്കുന്നത് ഹൈഡ്രജനും വൈദ്യുതിയും
Abu Dhabi To Use Eco Friendly Bus: ഹൈഡ്രജനും വൈദ്യുതിയും കൊണ്ട് പ്രവർത്തിക്കുന്ന പരിസ്ഥിതിസൗഹാർദ്ദ ബസുകൾ ഉപയോഗിക്കാനൊരുങ്ങി അബുദാബി. ആദ്യ ഘട്ടത്തിൽ ഒരു റൂട്ടിലാവും സർവീസ്.

പരിസ്ഥിതി സൗഹൃദ ബസുമായി അബുദാബി. ഹൈഡ്രജനും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസുകളാവും ഇനിമുതൽ 65ആം റൂട്ടിൽ ഉപയോഗിക്കുക എന്ന് അബുദാബി മൊബിലിറ്റി മാർച്ച് 15ന് അറിയിച്ചു. ഈ റൂട്ടിൽ ഉപയോഗിക്കുന്ന എല്ലാ ബസുകളും ഇനി ഇത്തരത്തിൽ പരിസ്ഥിതിസൗഹാർദ്ദ ബസുകളാവും. ഹൈഡ്രജനും വൈദ്യുതിയും കൊണ്ടാവും ഈ ബസുകളൊക്കെ പ്രവർത്തിക്കുക.
കാർബൺ പുറന്തള്ളൽ കുറച്ച് അബുദാബിയിൽ പൊതുഗതാഗതം വഴിയുണ്ടാവുന്ന പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. 2030ഓടെ അബുദാബിയെ പബ്ലിക് ട്രാൻസ്പോർട്ട് ഗ്രീൻ സോൺ ആക്കി മാറ്റുകയെന്നതാണ് പദ്ധതി. അത്തരം ഒരു വലിയ ലക്ഷ്യത്തിലേക്ക് പരിസ്ഥിതിസൗഹാർദ്ദ ബസുകൾ തുണയാവുമെന്ന് അധികൃതർ പറയുന്നു. രാജ്യത്തെ പൊതുഗതാഗതത്തിൻ്റെ 50 ശതമാനം പരിസ്ഥിതിസൗഹൃദ സംവിധാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. ഇത് പ്രതിദിനം 200 റൺ കാർബൺ പുറന്തള്ളലിനെ ഇല്ലാതാക്കുമെന്നാണ് കരുതപ്പെടുന്നത്. 14,700 കാറുകളെ ഒഴിവാക്കുന്നതിന് തുല്യമാണ് ഇത്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് റൂട്ട് നമ്പർ 65. മറീന മാളും അൽ റീം ഐലൻഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ പ്രതിദിനം 6000ഓളം യാത്രക്കാരാണ് സഞ്ചരിക്കുന്നത്. ഒരു ദിവസം 2000ലധികം കിലോമീറ്ററും ഇത് സഞ്ചരിക്കുന്നുണ്ട്. മറ്റ് റൂട്ടുകളിലും പരിസ്ഥിതിസൗഹാർദ്ദ ബസുകൾ കൊണ്ടുവരാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ക്യാപിറ്റൽ പാർക്കും ഖലീഫ സിറ്റിയും തമ്മിൽ ബന്ധിപ്പിക്കുന്ന റൂട്ട് 160, അബുദാബി സിറ്റിയും സയെദ് ഇൻ്റർനാഷണൽ എയർപോർട്ടും തമ്മിൽ ബന്ധിപ്പിക്കുന്ന റൂട്ട് എ2 എന്നിവിടങ്ങളിലൊക്കെ ഏറെ വൈകാതെ പരിസ്ഥിതി സൗഹാർദ്ദ ബസുകൾ സർവീസ് ആരംഭിക്കും.
യുഎഇയിൽ ഡ്രൈവിങ് ലൈസൻസിനുള്ള പ്രായപരിധി കുറച്ചിരുന്നു. നേരത്തെ കുറഞ്ഞ പ്രായപരിധി 18 വയസായിരുന്നത് ഇപ്പോൾ 17 വയസായാണ് കുറച്ചത്. മാർച്ച് 29 മുതൽ 17 വയസുകാർക്കും ഡ്രൈവിങ് ലൈസൻസ് ലഭിച്ചുതുടങ്ങും. കഴിഞ്ഞ വർഷം ഒക്ടോബറിൽ ട്രാഫിക് നിയമങ്ങൾ പരിഷ്കരിച്ചതിനൊപ്പമാണ് യുഎഇ സർക്കാർ ഇക്കാര്യം അറിയിച്ചത്. പരിഷ്കരിച്ച ട്രാഫിക് നിയമങ്ങളും ഈ മാസം 29 മുതലാണ് പ്രാബല്യത്തിൽ വരിക.