Abu Dhabi: അബുദാബി ബീച്ചുകളിൽ ഇനി കാഴ്ചപരിമിതർക്ക് പ്രത്യേക ഇടം; നീക്കിവച്ചത് 1000 സ്ക്വയർ മീറ്റർ
Abu Dhabi Beach For The Visually Impaired: അബുദാബിയിൽ കാഴ്ചപരിമിതർക്കായി 1000 സ്ക്വയർ മീറ്റർ ബീച്ച് മാറ്റിവച്ച് അധികൃതർ. സൗജന്യ പ്രവേശനവും മതിയായ സുരക്ഷയും സഹിതമാണ് പ്രത്യേക ഇടം.

അബുദാബി ബീച്ചുകളിൽ കാഴ്ചപരിമിതർക്ക് പ്രത്യേക ഇടം നീക്കിവച്ച് അധികൃതർ. 1000 സ്ക്വയർ മീറ്റം ഇടമാണ് ഇവർക്കായി മാറ്റിവച്ചിരിക്കുന്നത്. കോർണിഷെയുടെ ഗേറ്റ് 3യിലാണ് കാഴ്ചപരിമിതർക്കായുള്ള പുതിയ ഇടം. അബുദാബി ഡിപ്പാർട്ട്മെൻ്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ആണ് ഇക്കാര്യം അറിയിച്ചത്.
മതിയായ സുരക്ഷയടക്കം കാഴ്ചപരിമിതർക്ക് ബീച്ച് ആസ്വദിക്കാവുന്ന തരത്തിലാണ് പ്രത്യേക ഇടം ഒരുക്കിയിരിക്കുന്നത്. കാഴ്ചപരിമിതർക്ക് ബീച്ചിലേക്ക് മാത്രമായി പ്രത്യേക ഷട്ടിൽ സർവീസ് ഉണ്ടാവും. ഇവരെ ബീച്ചിലേക്കും തിരികെ വീടുകളിലേക്കും എത്തിക്കും. നടപ്പാതയിൽ ഇവർക്കായി പ്രത്യേക തരം ടൈൽസ് പാകിയിട്ടുണ്ട്. സ്വിമ്മിങ് ഏരിയ ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നതിനെപ്പറ്റിയുള്ള വിവരങ്ങളടങ്ങിയ ബെയിലി സൈൻ ബോർഡും ഇവിടെയുണ്ട്. ബ്രെയിലി ലിപി ഉപയോഗിച്ചുള്ള സർവീസ് ഗൈഡ് ഇവിടെ നിന്ന് ലഭിക്കും. ഗൈഡൻസ് റോപ്പ്, അലർട്ട് ബെൽ തുടങ്ങിയ മുന്നറിയിപ്പുകൾ ഉൾപ്പെടെ സ്വിമ്മിങ് ഏരിയ വേലി കെട്ടി തിരിച്ചിരിക്കുന്നു. പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകളാണ് ഇവിടെയുള്ളത്. പ്രാഥമിക ശുശ്രൂഷ നൽകാനായി എപ്പോഴും ഇവിടെ ഒരു നഴ്സ് ഉണ്ടാവും.
കാഴ്ചപരിമിതർക്ക് സൗജന്യമായി ഇവിടെക്ക് പ്രവേശിക്കാം. ഇവർക്കൊപ്പം ഒരാൾക്ക് കൂടി പ്രവേശനം അനുവദിക്കും. പ്രത്യേക ശുചിമുറികളും വെള്ളത്തിലും സഞ്ചരിക്കാവുന്ന ഫ്ലോട്ടിങ് വീൽചെയറുകളും പ്രത്യേക പാർക്കിംഗ് സ്പേസുകളും ഇവിടെയുണ്ട്. എല്ലാ ദിവസവും പുലർച്ചെ ആറ് മണി മുതൽ അർദ്ധരാത്രി 12 മണി വരെ ബീച്ചിലേക്ക് പ്രവേശനം അനുവദിക്കും. എന്നാൽ, സൂര്യൻ അസ്തമിക്കുന്നത് വരെ മാത്രമേ നീന്തൽ അനുവദിക്കൂ. കാഴ്ച പരിമിതർക്ക് ബീച്ചനുഭവം മികച്ചതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഈ ബീച്ച് അത്തരത്തിലുള്ള ഒന്നാണെന്നും അബുദാബി മുനിസിപ്പാലിറ്റി പറഞ്ഞു.