Woman Lost Four Crore : പരസ്പരം നേരിട്ട് കാണാത്ത ഏഴ് വര്‍ഷത്തെ പ്രണയം, വിദഗ്ധമായ കബളിപ്പിക്കല്‍; 67കാരിക്ക് നഷ്ടമായത് നാല് കോടി

67 Year Old Malaysian Woman Lost Money : 2017 മുതല്‍ പരിചയമുണ്ടെങ്കിലും ഒരിക്കല്‍ പോലും ഇരുവരും നേരില്‍ കണ്ടിട്ടില്ലെന്നതാണ് ആശ്ചര്യകരം. വോയ്‌സ് കോളിലൂടെയായിരുന്നു കൂടുതല്‍ സംഭാഷണവും. നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോഴെല്ലാം ഇയാള്‍ ഓരോ ഒഴികഴിവുകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും യൂസഫ് പറഞ്ഞു. തനിക്കുണ്ടായ അനുഭവം നവംബറില്‍ ഒരു സുഹൃത്തുമായി സ്ത്രീ പങ്കുവച്ചിരുന്നു

Woman Lost Four Crore : പരസ്പരം നേരിട്ട് കാണാത്ത ഏഴ് വര്‍ഷത്തെ പ്രണയം, വിദഗ്ധമായ കബളിപ്പിക്കല്‍; 67കാരിക്ക് നഷ്ടമായത് നാല് കോടി

പ്രതീകാത്മക ചിത്രം (image credit : Getty)

Published: 

18 Dec 2024 20:56 PM

പ്രണയം നടിച്ച് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് നിരവധി തവണ കേട്ടിട്ടുണ്ട്. ഭാഷ-ദേശ ഭേദമില്ലാതെയാണ് ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നത്. മലേഷ്യയില്‍ ഇത്തരത്തില്‍ നടന്ന ഒരു തട്ടിപ്പിലൂടെ 67കാരിക്ക് നഷ്ടമായത് 2.2 മില്യണ്‍ റിങ്കറ്റാണ്. ഏകദേശം 4.3 കോടി രൂപ വരുമിത്. ഓണ്‍ലൈന്‍ ഡേറ്റിങ് തട്ടിപ്പിലൂടെയാണ് 67കാരിക്ക് പണം നഷ്ടമായത്. പ്രണയം നടിച്ച് നടന്ന ഏറ്റവും വലിയ തട്ടിപ്പ് കേസായിരിക്കും ഇതെന്ന് ഡിസംബര്‍ 17ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബുക്കിറ്റ് അമൻ കൊമേഴ്‌സ്യൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിസിഐഡി) ഡയറക്‌ടർ കമ്മീഷൻ ദാതുക് സെരി രാംലി മുഹമ്മദ് യൂസഫ് പറഞ്ഞതായി ‘ദ സ്റ്റാര്‍’ റിപ്പോര്‍ട്ട് ചെയ്തു.

2017 മുതല്‍ പരിചയം

2017 ഒക്ടോബറിലാണ് തട്ടിപ്പുകാരനുമായി സ്ത്രീ പരിചയത്തിലാകുന്നത്. ഫേസ്ബുക്ക് വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. സിംഗപ്പൂരില്‍ മെഡിക്കല്‍ ഉപകരണവുമായി ബന്ധപ്പെട്ട് വ്യവസായം നടത്തുന്ന അമേരിക്കന്‍ വ്യവസായിയാണ് താനെന്ന് തട്ടിപ്പുകാരന്‍ സ്ത്രീയോട് പറഞ്ഞു. സ്ത്രീ ഇത് വിശ്വസിക്കുകയും ചെയ്തു.

ഒരു മാസത്തോളം നടത്തിയ ആശയവിനിയമത്തിലൂടെ സ്ത്രീ തട്ടിപ്പുകാരനുമായി ഓണ്‍ലൈനിലൂടെ അടുത്തു. തനിക്ക് മലേഷ്യയിലേക്ക് താമസം മാറാന്‍ ആഗ്രഹമുണ്ടെന്നും, യാത്രാച്ചെലവ് താങ്ങാനാകുന്നില്ലെന്നും ഇയാള്‍ പിന്നീട് സ്ത്രീയോട് പറഞ്ഞു. ഇത് വിശ്വസിച്ച സ്ത്രീ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് 5,000 റിങ്കറ്റ് അയച്ചു കൊടുത്തു.

അന്ന് മുതല്‍ വ്യക്തിപരമായ ആവശ്യങ്ങളും, ബിസിനസ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി തട്ടിപ്പുകാരന്‍ കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങി. എന്നാല്‍ നടക്കുന്നത് വലിയ തട്ടിപ്പാണെന്ന് സ്ത്രീ തിരിച്ചറിഞ്ഞില്ല. മനസലിഞ്ഞ ഇവര്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം പണം അയച്ചുകൊടുത്തു. 50 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കായി 306 തവണയാണ് ബാങ്ക് ട്രാന്‍സ്ഫര്‍ നടത്തിയത്. ഒടുവില്‍ 2.2 മില്യണ്‍ റിങ്കറ്റ് നഷ്ടമായതായി ദാതുക് സെരി രാംലി മുഹമ്മദ് യൂസഫ് വിശദീകരിച്ചു.

നേരില്‍ കാണാതെ

2017 മുതല്‍ പരിചയമുണ്ടെങ്കിലും ഒരിക്കല്‍ പോലും ഇരുവരും നേരില്‍ കണ്ടിട്ടില്ലെന്നതാണ് ആശ്ചര്യകരം. വോയ്‌സ് കോളിലൂടെയായിരുന്നു കൂടുതല്‍ സംഭാഷണവും. നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോഴെല്ലാം ഇയാള്‍ ഓരോ ഒഴികഴിവുകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും യൂസഫ് പറഞ്ഞു. തനിക്കുണ്ടായ അനുഭവം നവംബറില്‍ ഒരു സുഹൃത്തുമായി സ്ത്രീ പങ്കുവച്ചിരുന്നു. അപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായതായി ഇവര്‍ക്ക് മനസിലായത്. സുഹൃത്തുക്കളില്‍ നിന്നും, കുടുംബാംഗങ്ങളില്‍ നിന്നും കടം വാങ്ങിയതടക്കമുള്ള പണമാണ് നഷ്ടപ്പെട്ടത്.

Read Also : ജീവനക്കാരെ തറയില്‍ കിടത്തിച്ചും, മുളക് തീറ്റിച്ചും മുതലാളി; ചൈനീസ് കമ്പനിയിലെ വിചിത്ര സമ്പ്രദായം, വീഡിയോ വൈറല്‍

തട്ടിപ്പുകള്‍ നടക്കുമ്പോള്‍

മേല്‍പറഞ്ഞ സംഭവം നടന്നത് മലേഷ്യയിലാണെങ്കിലും ഇത്തരം കാര്യങ്ങളില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഇതുപോലുള്ള തട്ടിപ്പുകള്‍ എവിടെയും നടക്കാം. അപരിചിത നമ്പറുകളില്‍ നിന്നുമുള്ള കോളുകളിലും, അജ്ഞാത വ്യക്തികളുമായി സോഷ്യല്‍ മീഡിയയില്‍ ഇടപഴകുമ്പോഴും അതീവ ജാഗ്രത പുലര്‍ത്തണം.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍