Selling Human Bones: മനുഷ്യ അസ്ഥികളും തലയോട്ടികളും വിൽപ്പനയ്ക്ക്; കച്ചവടം ഫെയ്സ്ബുക്കിലൂടെ, 52കാരി അറസ്റ്റിൽ
Selling Human Bones: വർഷങ്ങളായി തങ്ങളുടെ ബിസിനസ്സ് മനുഷ്യ അസ്ഥികൾ വിൽക്കുന്നുണ്ടെന്നും ഫ്ലോറിഡയിൽ അത്തരം വിൽപ്പന നിരോധിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നുമാണ് കിംബർലി ആനി പറഞ്ഞത്. കണ്ടെടുത്ത അസ്ഥികളിൽ ചിലതിന് 100 വർഷവും 500 വർഷവും പഴക്കമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഫെയ്സ്ബുക്ക് മാർക്കറ്റ്പ്ലെയ്‌സ് വഴി മനുഷ്യന്റെ തലയോട്ടികളും വാരിയെല്ലുകളും വിൽപ്പന നടത്തിയ 52കാരി അറസ്റ്റിൽ. ഫ്ലോറിഡയിലെ ഡെൽറ്റോണ സ്വദേശി കിംബർലി ആനി ഷോപ്പറാണ് പൊലീസിന്റെ പിടിയിലായത്.
ഫ്ലോറിഡയിലെ ഓറഞ്ച് സിറ്റി ആസ്ഥാനമായുള്ള ‘വിക്കഡ് വണ്ടർലാൻഡ്’ എന്ന ബിസിനസ് സ്ഥാപനത്തിലൂടെയാണ് കിംബർലി ആനി അസ്ഥികൾ വാങ്ങുകയും വിൽക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 11 ന് കിംബർലി ആനിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് 7,500 ഡോളർ (ഏകദേശം 6.45 ലക്ഷം രൂപ) ബോണ്ടിൽ വിട്ടയക്കുകയും ചെയ്തു.
2023 ഡിസംബർ 21 നാണ് ഫെയ്സ്ബുക്ക് പേജ് വഴി മനുഷ്യ അസ്ഥികൾ വിൽക്കുന്നതായി പൊലീസിന് സൂചന ലഭിച്ചത്. ബിസിനസിന്റെ പ്രൊഫൈലിൽ വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്ന അസ്ഥികളുടെ ചിത്രങ്ങളും വിവരം നൽകിയ ആൾ ഉദ്യോഗസ്ഥർക്ക് നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ കിംബർലി ആനിയെ അറസ്റ്റ് ചെയ്തത്.
ALSO READ: അൽ നഹ്ദ കെട്ടിടത്തിലെ തീപിടുത്തം; അന്വേഷണം ആരംഭിച്ച് ഷാർജ പോലീസ്
ഓറഞ്ച് സിറ്റിയിലെ നോർത്ത് വോളൂസിയ അവന്യൂവിലുള്ള ‘വിക്കഡ് വണ്ടർലാൻഡ്’ എന്ന സ്ഥാപനമാണ് ഇത്തരത്തിലുള്ള കച്ചവടം നടത്തിയത്. കടയുടെ വെബ്‌സൈറ്റിൽ വാങ്ങാൻ ലഭ്യമായ നിരവധി മനുഷ്യാവശിഷ്ടങ്ങളുടെ വിവരങ്ങളും നൽകിയിരുന്നു. രണ്ട് മനുഷ്യ തലയോട്ടികൾ, കണ്ഠാസ്ഥി, തോളെല്ല്, വാരിയെല്ല്, കശേരു, ഒരു ഭാഗിക തലയോട്ടി എന്നിവയാണ് വിൽപനയ്ക്കായി കൊടുത്തിരുന്നത്. പൊലീസ് കടയിൽ അവശിഷ്ടങ്ങൾ ശേഖരിക്കുകയും കൂടുതൽ പരിശോധനയ്ക്കായി മെഡിക്കൽ എക്സാമിനറുടെ ഓഫീസിലേക്ക് അയക്കുകയും ചെയ്തു.
ഇത്തരത്തിൽ മനുഷ്യ അസ്ഥികൾ വിൽക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് വർഷങ്ങളായി തങ്ങളുടെ ബിസിനസ്സ് മനുഷ്യ അസ്ഥികൾ വിൽക്കുന്നുണ്ടെന്നും ഫ്ലോറിഡയിൽ അത്തരം വിൽപ്പന നിരോധിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നുമാണ് കിംബർലി ആനി പറഞ്ഞത്. അസ്ഥികൾ വിദ്യാഭ്യാസ മാതൃകകളാണെന്നും നിയമപരമായ വിൽപ്പനയ്ക്ക് അനുവാദമുണ്ടെന്നും അവർ വാദിച്ചു. അതേസമയം കണ്ടെടുത്ത അസ്ഥികളിൽ ചിലതിന് 100 വർഷവും 500 വർഷവും പഴക്കമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.