Israel attack in Gaza: ഗാസയിലെ റഫയിൽ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് 13 പേർ കൊല്ലപ്പെട്ടു
അമേരിക്കയിൽ ഇസ്രായേൽ വിരുദ്ധ പ്രതിഷേധം കനക്കുന്നു. ഹാർവാർഡ് യാർഡിലെ ജോൺ ഹാർവാർഡ് പ്രതിമയ്ക്ക് മുകളിൽ പ്രതിഷേധക്കാർ ഫലസ്തീൻ പതാക ഉയർത്തി.
തെക്കൻ ഗാസ നഗരമായ റഫയിലേക്ക് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മൂന്ന് വീടുകൾക്ക് നേരം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ ഉദ്യോഗസ്ഥർ അറിയിച്ചു. ഗാസ മുനമ്പിൻ്റെ വടക്ക് ഭാഗത്ത് ഇസ്രായേലിൻ്റെ രണ്ട് വിമാനങ്ങൾ വീടുകൾ ആക്രമിക്കുകയും നിരവധി ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്താതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈജിപ്തിൻ്റെ നേതൃത്വത്തിൽ ഹമാസിൻ്റെ നേതാക്കളുമായി ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൻ്റെ സാധ്യതകളെക്കുറിച്ച് ചർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനിടെ അമേരിക്കയിൽ ഇസ്രായേൽ വിരുദ്ധ പ്രതിഷേധം കനക്കുന്നതായാണ് റിപ്പോർട്ട്. ഗാസ യുദ്ധത്തിനെതിരായ പ്രകടനങ്ങൾ രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളിൽ പിടിമുറുക്കുന്നതിനിടെ, യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ ഇസ്രായേൽ വിരുദ്ധ പ്രതിഷേധക്കാർ ഹാർവാർഡ് യാർഡിലെ ജോൺ ഹാർവാർഡ് പ്രതിമയ്ക്ക് മുകളിൽ ഫലസ്തീൻ പതാക ഉയർത്തി.
ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഏപ്രിൽ 18ന് നടന്ന കൂട്ട അറസ്റ്റുകൾക്ക് ശേഷം രാജ്യവ്യാപകമായി ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടവരുടെ എണ്ണം 900-ലേക്ക് അടുക്കുന്നു. പലസ്തീൻ അനുകൂല പ്രക്ഷോഭകർ ഐവി ലീഗ് സ്‌കൂൾ കാമ്പസിൽ നടത്തിവരുന്ന പ്രക്ഷോഭം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ശനിയാഴ്ച ഹാർവാർഡ് സർവകലാശാലയിൽ പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ സർവകലാശാല നയത്തിൻ്റെ ലംഘനമാണ് സംഭവം എന്നും ഹാർവാർഡ് വക്താവ് ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. കൂടാതെ സംഭവത്തിൽ ഉൾപ്പെടുന്ന വ്യക്തികൾ അച്ചടക്ക നടപടിക്ക് വിധേയരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലൂമിംഗ്‌ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, സെൻ്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ വിവിധ കാമ്പസുകളിൽ ശനിയാഴ്ച മാത്രം 275 പേരെയാണ് അറസ്റ്റ് ചെയ്തത്.
ഒക്‌ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 253 പേരെ ബന്ദികളാക്കുകയും ചെയ്‌തതാണ് യുദ്ധത്തിന് തുടക്കമിട്ടത്. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നാണ് ഇസ്രായേലിൻ്റെ പ്രതിജ്ഞ. യുദ്ധത്തിൻ്റെ ഭാഗമായി 2.3 ദശലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗവും കുടിയൊഴിപ്പിക്കപ്പെടുകയും ഭൂരിഭാഗം പ്രദേശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഗസയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 14 വർഷം സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗസയിലെ ഓരോ കുടുംബങ്ങളെയും ഇസ്രായേൽ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. ഗാസയിൽ ഇസ്രായേൽ തകർത്ത കെട്ടിടങ്ങളിൽ 65 ശതമാനവും പാർപ്പിടങ്ങളാണ്. തകർന്ന കെട്ടിടങ്ങളിൽ വെച്ചിട്ടുള്ള കുഴിബോംബുകൾ പൊട്ടാതെ ബാക്കിയായ ബോംബുകൾ കാരണം കെട്ടിടങ്ങൾ വൃത്തിയാക്കാനോ പുനർനിർമ്മിക്കാനോ സാധിക്കുന്നില്ലെന്നും വൃത്തങ്ങൽ ചൂണ്ടികാട്ടുന്നു. പലസ്തീനിലേക്ക് സഹായമെത്തിക്കുന്ന സഹായഗ്രൂപ്പുകൾക്ക് നേരെയും ഇസ്രായേൽ ആക്രമണം നടത്തുന്നത് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.