വി ഡി സതീശൻ
15-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ. കോൺഗ്രസിൻ്റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് വി ഡി സതീശൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. നിയമ ബിരുദധാരിയായ അദ്ദേഹം കുറച്ചുകാലം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി കെ എം ദിനകരനെ 7792 വോട്ടിന് തോൽപ്പിച്ചു കൊണ്ടാണ് വിഡി സതീശൻ ആദ്യമായി നിയമസഭയിലെത്തിയത്. 2006, 2011, 2016, 2021 വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ് സ്ഥാനം വഹിച്ചിരുന്ന സതീശൻ, അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി.
1986-87 കാലത്ത് എംജി സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. എൻഎസ്‌യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. എഐസിസി സെക്രട്ടറിയായും 2014ൽ കെപിസിസി വൈസ് പ്രസിഡൻ്റായും മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി വിലാസിനിയമ്മയുടെയും മകനായി ജനിച്ചു