വന്ദേഭാരത് എക്സപ്രസ്
ഇന്ത്യൻ റെയിൽവെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച പ്രീമിയം, സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസാണ് വന്ദേഭാരത്. മേക്ക് ഇൻ ഇന്ത്യയുടെ മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് ചെന്നൈയിലെ കോച്ച് ഫാക്ടിറിയിൽ പ്രത്യേകം ഡിസൈൻ ചെയ്ത് നിർമിച്ച ട്രെയിനാണ് വന്ദേഭാരത്. 2019ലാണ് വന്ദേഭാരത് സർവീസാരംഭിക്കുന്നത്. ഡൽഹിയിൽ നിന്നും വാരണാസിയിലേക്കായിരുന്നു ആദ്യ സർവീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. നിലവിൽ 51 വന്ദേഭാരത് സർവീസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്. കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്കായിരുന്നു ആദ്യ സർവീസ്. കേരളത്തിൽ നിലവിൽ വന്ദേഭാരതിൻ്റെ രണ്ട് സർവീസുകളാണുള്ളത്. ഒന്ന് തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി മംഗളൂരുവിലേക്കും തിരുവനന്തുപരത്ത് നിന്നാരംഭിച്ച് ആലപ്പുഴ വഴി കാസർകോഡിലേക്കുമുള്ളതാണ് കേരളത്തിലെ വന്ദേഭാരത് സർവീസുകൾ. ഇരു ട്രെയിനുകൾ തിരികെ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയും ചെയ്യും. രാജ്യത്ത് ഏറ്റവും കുറഞ്ഞ സ്പീഡിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത് കേരളത്തിലാണ്. ഇനി വന്ദേഭാരതിൻ്റെ ദീർഘദൂര സ്ലീപ്പർ സർവീസുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവെ