യുജിസി നെറ്റ്
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) മാനവിക വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെആർഎഫ്) എന്നിവയ്ക്ക് വേണ്ടി നടത്തുന്ന ദേശീയ യോഗ്യത നിർണയ പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് അഥവാ നെറ്റ്. നാഷണൽ എഡ്യൂക്കേഷൻ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് നെറ്റ് പരീക്ഷ നടത്തുന്നത്. ഇത് അധ്യാപന, ഗവേഷണ മേഖലയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള മിനിമം യോഗ്യതയായി കണക്കാക്കപ്പെടുന്നു.
അധ്യാപനത്തിനുള്ള യോഗ്യതാ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ യുജിസിയെ ചുമതലപ്പെടുത്തികൊണ്ടുള്ള വിജ്ഞ്യാപനം പുറത്തിറക്കുന്നത് 1988-ലാണ്. നിലവിൽ എൻടിഎ നടത്തിവരുന്ന ഈ പരീക്ഷ 2018 വരെ സംഘടിപ്പിച്ചിരുന്നത് സി.ബി.എസ്.സി ആണ്. ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന പരീക്ഷ യുജിസി നെറ്റ് എന്ന പേരിൽ അറിയപ്പെടുമ്പോൾ, ശാസ്ത്രീയ വിഷയങ്ങളിൽ അധ്യാപനത്തിനും റിസർച്ച് ഫെലോഷിപ്പിനുമായി നടത്തുന്ന യോഗ്യത പരീക്ഷ സിഎസ്ഐആർ യുജിസി നെറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ജൂൺ, ഡിസംബർ മാസങ്ങളിലായി ഒരു വർഷം രണ്ടു തവണയാണ് ഈ പരീക്ഷ നടക്കുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ്.