T20 World Cup 2024
അന്തരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി 2007 മുതൽ സംഘടിപ്പിക്കുന്ന ടൂർണമെൻ്റാണ് ട്വൻ്റി-20 ലോകകപ്പ്. സാധാരണയായി രണ്ട് വർഷം കൂടുമ്പോഴാണ് ഐസിസി ടി20 ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇത്തവണ 2024ൽ ടൂർണമെൻ്റിൻ്റെ ഒമ്പതാം പതിപ്പാണ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി ഐസിസി സംഘടിപ്പിക്കുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് അമേരിക്ക ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത്. ജൂൺ രണ്ടാം തീയതി ആരംഭിക്കുന്ന ടി20 ലോകകപ്പിൻ്റെ ഫൈനൽ ജൂൺ 29-ാം തീയതിയാണ്. ബാർബഡോസിൽ കെൻസിങ്ടൺ ഓവൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ.
നാല് ഗ്രൂപ്പുകളിലായിട്ടാണ് ലോകകപ്പിൻ്റെ ആദ്യഘട്ടം. തുടർന്ന് സൂപ്പർ എട്ടും സെമി-ഫൈനൽ ഫൈനൽ എന്നിങ്ങിനെയാണ് ടി20 ലോകകപ്പ് 2024 മത്സരഘടന. ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളാണ് ഇത്തവണത്തെ ടി20 ലോകകപ്പിൽ പങ്കെടുക്കുന്നത്. ഐസിസിയുടെ 11 സ്ഥിര അംഗങ്ങളായി രാജ്യങ്ങളും (സിംബാബ്വെ യോഗ്യത നേടിയില്ല) ഒമ്പത് അസോസിയേറ്റ് രാജ്യങ്ങളുമാണ് ടി20 ലോകകപ്പ് 2024-ൽ പങ്കെടുക്കുന്നത്. 2022ൽ ഓസ്ട്രേലിയയിൽ വെച്ച് നടന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് കിരീടം ഉയർത്തുകയായിരുന്നു. പാകിസ്താനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം ഉയർത്തുന്നത്