സുരേഷ് ഗോപി
അഭിനയത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ മികവ് പുലർത്തിയ വ്യക്തിയാണ് സുരേഷ് ഗോപി. 1965ൽ ഓടയിൽനിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് സിനിമാരംഗത്തേയ്ക്കുള്ള സുരേഷ് ഗോപിയുടെ പ്രവേശനം. രാജാവിന്റെ മകൻ (1986) എന്ന ചിത്രത്തിൽ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറി. പിന്നീട് സിനിമാ ജീവിതത്തിൽ വെച്ചടി വെച്ചടി കയറ്റമായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇതുവരെ ഏകദേശം 300-ഓളം സിനിമകളിൽ അഭിനയിച്ചു.
2014-ൽ ബിജെപിയിൽ ചേർന്നതോടെയാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിടുന്നത്. 2016ൽ സുരേഷ് ഗോപിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്തു. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന ആറാമത്തെ മലയാളിയെന്ന പ്രത്യേകതയും അതിനുണ്ട്. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദേശിച്ചത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്നും 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽനിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ച അദ്ദേഹം മികച്ച ഭൂരിപക്ഷം നേടി ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്നും താമര ചിഹ്നത്തിൽ വിജയിച്ച ആദ്യ ലോക്‌സഭാംഗം കൂടിയാണ് സുരേഷ് ഗോപി.
തുടർന്ന് മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹ മന്ത്രിയാണ് സുരേഷ് ഗോപി.