സോണിയ ഗാന്ധി
ഇറ്റലിയിലെ ലുസിയാന എന്ന ഗ്രാമത്തിൽ സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണു സോണിയ ഗാന്ധിയുടെ ജനനം. 1964ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ വെച്ചാണ് രാജീവ് ഗാന്ധിയും സോണിയയും പരിചയപ്പെടുന്നത്. പിന്നീട് 1968ൽ രാജീവിനെ വിവാഹം ചെയ്ത് സോണിയ ഇന്ത്യയിലെത്തി. 1983ലാണ് ഇന്ത്യൻ പൗരത്വം ലഭിച്ചത്.
രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നായിരുന്നു സോണിയയുടെ രാഷ്ട്രീയ പ്രവേശം. 1998ൽ നടന്ന പൊതു തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് സോണിയ രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. ആ വർഷം തന്നെ അവർ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി ഔദ്യോഗിക ചുമതല ഏറ്റെടുത്തു.
10 വർഷത്തിൽ കൂടുതൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിരുന്ന വ്യക്തിയും ഏറ്റവും കൂടുതൽ വർഷം പ്രസ്തുത പദവി കൈകാര്യം ചെയ്ത വ്യക്തി എന്ന ബഹുമതിയും സോണിയയ്ക്ക് സ്വന്തം. 2004ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ രാജ്യവ്യാപകമായ പ്രചരണത്തിന് സോണിയ നേതൃത്വം നൽകി.
ആ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ സോണിയ തന്നെ പ്രധാനമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഡോ. മൻമോഹൻ സിങ്ങിനെ ആ സ്ഥാനത്തേക്ക് അവർ തന്നെ നാമനിർദേശം ചെയ്യുകയായിരുന്നു.
നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ അംഗമാണ് സോണിയ ഗാന്ധി.ആദ്യമായി രാജ്യസഭയിലേക്ക് എത്തിയ സോണിയ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 36 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവ് രാജ്യസഭയിലെത്തുന്നത്.