ശബരിമല
ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തിച്ചേരുന്നു ക്ഷേത്രങ്ങളിൽ ഒന്നാണ് ശബരിമല. തിരുവിതാംകൂർ ദേവസ്വത്തിൻ്റെ കീഴിലുള്ള ഈ അയ്യപ്പ ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ പെരിയാർ കടുവസങ്കേതത്തിൻ്റെ പശ്ചിമഘട്ടത്തിലാണ് ഈ കാനന ക്ഷേത്രം നിലകൊള്ളുന്നത്. തെക്കൻ കേരളത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗവുമായി ഏറെ ബന്ധം പുലർത്തുന്ന ശബരിമല ക്ഷേത്രവും അതുമായി ബന്ധപ്പെട്ടിട്ടുള്ള വിശ്വാസങ്ങളും. ശബരിമലയ്ക്കൊപ്പം സ്ഥിതി ചെയ്യുന്ന വാവര് പള്ളിയും കേരത്തിൻ്റെ മതമൈത്രിയുടെ ഏറ്റവും വലിയ ചിഹ്നവുമാണ്.
മണ്ഡല കാലത്തെ മകരവിളക്ക് ഉത്സവത്തിനാണ് ഏറ്റവും കൂടുതൽ ഭക്തർ ശബരിമലയിലേക്ക് എത്തുക. കൂടാതെ എല്ലാ മലയാള മാസത്തിൻ്റെ ഒന്നാം തീയതിയും ശബരിമല നട തുറക്കുന്നതാണ്. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഈ ക്ഷേത്രം സന്ദർശിക്കുന്നത് എന്നാണ് കണക്ക്. ചില വർഷങ്ങളിൽ അഞ്ചു കോടിയോളം വരും. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1,260 മീറ്റർ (4,134 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രമുള്ളത്.
പഞ്ചലോഹത്തിൽ പൊതിഞ്ഞ 18 കരിങ്കൽ പടികളോടു കൂടിയ ചെറിയൊരു ക്ഷേത്രമാണ് ഇവിടെ ഉള്ളത്. സ്വർണം പൊതിഞ്ഞ ശ്രീകോവിലിനുള്ളിൽ പഞ്ചലോഹത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഓരോ വർഷവും നിരവധി ഭക്തരാണ് ഇവിടേക്ക് എത്തുന്നത്.