Republic Day 2024
ഇന്ത്യന്‍ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്ന ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനങ്ങളും. 1950 ജനുവരി 26നാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നത്. ഇതോടെ ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറി. 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിക്ക് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നുവെങ്കിലും ഭരണഘടന നിലവില്‍ വന്നതോടെയാണ് ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രമാകുന്നത്.
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദ് ആണ് 1950 ജനുവരി 26 ന് ദേശീയ പതാക ഉയര്‍ത്തിയത്. അന്ന് രാജ്യം ഒരു ജനാധിപത്യ റിപ്പബ്ലിക്കായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മേജര്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയത്തില്‍ 100ലധികം വിമാനങ്ങളും 3,000 ഇന്ത്യന്‍ സൈനികരും പങ്കെടുത്തുകൊണ്ടായിരുന്നു ആദ്യത്തെ റിപ്പബ്ലിക് ദിന ഘോഷയാത്ര നടന്നത്. രാജ്യത്തെ റിപ്പബ്ലിക് ദിന പരേഡിലെ ആദ്യ മുഖ്യാതിഥി ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകാര്‍ണോ ആയിരുന്നു.
പിന്നീട് രാജ്പഥില്‍ (ഇപ്പോഴത്തെ കര്‍ത്തവ്യ പഥ്) 1955ല്‍ ആദ്യ റിപ്പബ്ലിക് ദിന പരേഡ് നടന്നു. പാകിസ്ഥാന്‍ ഗവര്‍ണര്‍ ജനറല്‍ മാലിക് ഗുലാം മുഹമ്മദ് ആയിരുന്നു അന്നത്തെ മുഖ്യാതിഥി.
കര്‍ത്തവ്യ പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഈ ദിനത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും സൈനിക ശക്തിയുടെയും അത്യുജ്ജലമായ പ്രകടനമായിരിക്കും റിപ്പബ്ലിക് ദിന പരേഡില്‍ കാണാനാകുക.
രാഷ്ട്രപതി എത്തുന്നതോടെയാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുക. രാഷ്ട്രപതിയുടെ അംഗരക്ഷകരായ കുതിരപ്പടയാളികള്‍ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാകയെ അഭിവാദ്യം ചെയ്യും. ഇതോടെ ആ ദിവസത്തെ പരിപാടികള്‍ ആരംഭിക്കും. റിപ്പബ്ലിക് ദിന പരേഡിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി തിരഞ്ഞെടുത്ത ടാബ്ലോകളും അണിനിരക്കാറുണ്ട്.