രാഹുൽ ഗാന്ധി
12-ാം ലോക്സഭ പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി. നെഹ്രു-ഗാന്ധി കുടുംബത്തിൽ നിന്നുള്ള രാഹുൽ ഗാന്ധി 2004ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ടാണ് രാഷ്ട്രീയ രംഗത്തേക്ക് ചുവടുവച്ചത്. പിതാവ് രാജീവ് ഗാന്ധിയുടെ മണ്ഡലവും ഒപ്പം കുടുംബത്തിൻ്റെ ശക്തികേന്ദ്രവുമായ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ അന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2013ൽ കോൺഗ്രസ് ഉപാധ്യക്ഷനായി ചുമതലയേറ്റു. 2017 ഡിസംബറിൽ കോൺഗ്രസ് അധ്യക്ഷനായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. എന്നാൽ 2019 ലോകസഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രാഹുൽ ആ സ്ഥാനം രാജിവെച്ചു.
ഇന്ത്യൻ യൂത്ത് കോൺഗ്രസ്, നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ എന്നിവയുടെ ചെയർപേഴ്‌സണും രാജീവ് ഗാന്ധി ഫൗണ്ടേഷൻ്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ട്രസ്റ്റിയുമാണ് രാഹുൽ. 2019-ൽ ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ നിന്നും കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്നും അദ്ദേഹം മത്സരിച്ചു. അമേഠിയിൽ തോൽവി ഏറ്റുവാങ്ങിയ അദേഹം വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അങ്ങനെ 2019 മുതൽ 2024 വരെ കേരളത്തിലെ വയനാടിനായി പാർലമെൻ്റിൽ പ്രതിനിധീകരിച്ചു. 2024 ജൂൺ ഒമ്പത് മുതൽ ലോക്‌സഭാ പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി.
രാഹുലിന് ബാല്യത്തിൽ സുരക്ഷാകാരണങ്ങളാൽ നിരന്തരം സ്കൂളുകൾ മാറേണ്ടി വന്നിരുന്നു. ന്യൂ ഡൽഹിയിലും ഡെറാഡൂണിലും പ്രാഥമിക വിദ്യാഭ്യാസം നേടി. ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദ പഠനം തുടങ്ങിയ അദ്ദേഹം പിതാവിൻ്റെ മരണത്തെത്തുടർന്ന്, സുരക്ഷാ കാരണങ്ങളാൽ ഫ്ലോറിഡയിലെ റോളിൻസ് കോളജിലേക്ക് മാറി. 1994 ൽ കേംബ്രിഡ്ജിൽനിന്ന് എംഫിൽ നേടി.