ദേശീയ മത്തി ദിനം
ലോകത്തിൽ തന്നെ ഏറ്റവുമധികം പിടിക്കപ്പെടുന്ന കടൽ മത്സ്യങ്ങളിൽ ഒന്നാണ് മത്തി. മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യയിനങ്ങളിൽ മൂന്നിലൊന്നും മത്തിയാണ്. ഇത് ചാള, സാർഡൈൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. സാർഡിനിയ ദ്വീപിനു സമീപത്ത് നിന്നും കണ്ടെത്തിയ മത്സ്യമായതിലാണ് ഇവയ്ക്ക് സാർഡൈൻ എന്ന പേര് വന്നത്. ഹെറിങ് വിഭാഗത്തിലെ ക്ലൂപ്പൈഡേ (Clupeidae) എന്ന കുടുംബത്തിൽപ്പെട്ട മത്സ്യമാണ് ഇവ.
‘സാധാരണക്കാരുടെ മത്സ്യം’ അഥവാ ‘പാവപ്പെട്ടവന്റെ മത്സ്യം’ എന്നാണ് മത്തി അറിയപ്പെടുന്നത്. മുമ്പ് വിലകുറഞ്ഞ മത്സ്യങ്ങളിൽ ഒന്നായിരുന്നു മത്തി. അങ്ങനെയാണ് ഇവയ്ക്ക് ഇത്തരം പേരുകൾ ലഭിച്ചത്. എന്നാൽ ചിലപ്പോൾ വിലകൂടിയ മത്സ്യങ്ങളിൽ ഒന്നായി മത്തി മാറാറുണ്ട്, ഇതിനോടുള്ള മലയാളികളുടെ സ്നേഹത്തിന് മാറ്റം വന്നിട്ടില്ല. ആഫ്രിക്കൻ രാജ്യമായ മൊറോക്കോ തീരത്താണ് ലോകത്തിൽ തന്നെ ഏറ്റവും അധികം മത്തി ലഭിക്കുന്നത്.
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു മത്സ്യം കൂടിയാണ് മത്തി. ഇത് വറുത്തും, കറിവെച്ചും, പൊള്ളിച്ചും, അച്ചാറുണ്ടാക്കിയും മറ്റും പല വിധത്തിൽ ഉപയോഗിക്കുന്നു. ഇതിനെല്ലാം പുറമെ, മത്തിക്കായി പ്രത്യേകം ഒരു ദിവസം തന്നെയുണ്ട്. നവംബർ 24-നാണ് രാജ്യം മത്തി ദിനം ആഘോഷിക്കുന്നത്. ഇവയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്താനുള്ള ഒരു ദിനം കൂടിയാണിത്.