മ്യൂച്വല്‍ ഫണ്ടുകള്‍
ഒന്നിലധികം ആളുകളില്‍ നിന്നും സമാഹരിക്കുന്ന പണം ഒന്നിച്ച് ചേര്‍ക്കുന്നതിനെയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്ന് പറയുന്നത്. ഇത് കൈകാര്യം ചെയ്യുന്നത് ഒരു ഫണ്ട് മാനേജര്‍ ആയിരിക്കും. ഒരേ നിക്ഷേപ ലക്ഷ്യങ്ങളുള്ള നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വല്‍ ഫണ്ട് രൂപീകരിക്കുന്നത്. ഇത് ഇക്വിറ്റികളായും ബോണ്ടുകളായും അങ്ങനെ നിരവധി മാര്‍ഗങ്ങളിലായി നിക്ഷേപിക്കപ്പെടുന്നു. ഓരോ നിക്ഷേപകനും അയാള്‍ നിക്ഷേപിച്ച തുകയ്ക്ക് അനുസൃതമായി ആകെ ഫണ്ടില്‍ യൂണിറ്റുകള്‍ സ്വന്തമായുണ്ടാകും.
നിങ്ങളുടെ കയ്യില്‍ നിന്നും സ്വീകരിക്കുന്ന പണം ഫണ്ട് മാനേജര്‍മാര്‍ ഓഹരികളിലോ സര്‍ക്കാര്‍ അല്ലെങ്കില്‍ കോര്‍പറേറ്റ് ബോണ്ടുകള്‍, ഡിബഞ്ചറുകള്‍ എന്നിവയിലാണ് നിക്ഷേപിക്കുന്നത്. ഈ ഓഹരികളുടെയെല്ലാം മൂല്യം ഉയരുന്നതിന് അനുസരിച്ച് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വര്‍ധിക്കും.
ഇങ്ങനെ നിക്ഷേപിക്കുന്ന പണം നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്നതാണ്. പണത്തിന് ആവശ്യം വരുമ്പോഴോ അല്ലെങ്കില്‍ ആ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴോ പണം പിന്‍വലിക്കാവുന്നതാണ്. ഏകദേശം 22.75 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളാണ് വ്യക്തിഗത നിക്ഷേപകരായ ഇന്ത്യക്കാരുടെ കൈവശമുള്ളത്. ഓരോ വര്‍ഷം പിന്നിടുന്നതിന് അനുസരിച്ചും മ്യൂച്വല്‍ ഫണ്ട് വലിയ തോതിലുള്ള വളര്‍ച്ചയാണ് കൈവരിക്കുന്നത്.