മോഹൻലാൽ
മലയാള സിനിമയുടെ ചരിത്രത്തിൽ തങ്കലിപിയിൽ കൊത്തിവച്ച പേരാണ് മോഹൻലാൽ. നാല് പതിറ്റാണ്ടിലേറയായി മലയാളികളുടെ സ്വന്തം ലാലേട്ടൻ അഭിനയ ജീവിതത്തിലേക്ക് കടന്നിട്ട്. മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ് യഥാര്‍ത്ഥ പേര്.1960 മേയ് 21 നാണ് മോഹൻലാലിന്റെ ജനനം. 1980 ൽ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിച്ചു. 20 വയസ്സായിരുന്നു അന്ന് മോഹൻലാലിന്റെ പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു എത്തിയത്. പിന്നീട് ഇങ്ങോട്ടേക്ക് മോഹൻലാൽ എന്ന നടൻ തന്റെ അതുല്യമായ അഭിനയത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത് 86ലെ ടി പി ബാലഗോപാലൻ എം എ. എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ അഭിനയത്തിനായിരുന്നു. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടി. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചു.