മമ്മൂട്ടി
മലയാള സിനിമയുടെ രണ്ട് നെടും തൂണുകളിൽ ഒരാളാണ് മമ്മൂട്ടി. മുഹമ്മദ് കുട്ടി എന്ന വക്കീൽ പിൽക്കാലത്ത് എല്ലാവരുടെ മമ്മൂട്ടിയായി മാറിയത് മലയാളം സിനിമയുടെ ഒരു ചരിത്രവും കൂടിയാണ്. ആ ചരിത്രം പറയുന്ന അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, മമ്മൂട്ടി 400-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1971-ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. എം ടി വാസുദേവൻ നായരുടെ റിലീസാകാതെ പോയ ചിത്രം ‘ദേവലോകം’ ആയിരുന്നു മമ്മൂട്ടിയുടെ ആദ്യ നായക വേഷം.
സിനിമാ അഭിനയം ആരംഭിച്ച് പത്ത് വർഷത്തിന് ശേഷം, 1981-ൽ ‘അഹിംസ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹം സ്വന്തമാക്കി. പിന്നീട് അഭിനയ രംഗത്ത് സജീവമായ താരം ഇതുവരെ മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരവും, 11 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് 1998-ൽ രാജ്യം നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.