സ്വാതന്ത്ര്യദിനം
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് 1947ൽ ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായതിൻ്റെ ഓർമ്മയ്ക്കായാണ് നാം എല്ലാ വർഷവും ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ദേശീയ അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഈ ദിവസം രാജ്യത്തൊട്ടാകെ ദേശീയ പതാക ഉയർത്തും. ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ നയിച്ച 15 പ്രധാനമന്ത്രിമാരിൽ 13 പേർക്കാണ് ത്രിവർണ പതാക ചെങ്കോട്ടയിൽ ഉയർത്താൻ സാധിച്ചിട്ടുള്ളത്. 17 തവണ തുടർച്ചയായി ത്രിവർണ പതാക ചെങ്കോട്ടയിൽ ഉയർത്തിയ റെക്കോർഡ് രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനാണ്. പത്ത് തവണ തുടർച്ചയായി ദേശീയ പതാക ഉയർത്തി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമാണ്. ഇത്തവണ നരേന്ദ്ര മോദി മൻമോഹൻ സിങ്ങിനെ മറികടന്ന് ചെങ്കോട്ടയിൽ 11-ാം തവണ പതാക ഉയർത്തും. ഏറ്റവും കൂടുതൽ തവണ ത്രിവർണ പതാക ചെങ്കോട്ടയിൽ ഉയർത്തിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ദിര ഗാന്ധിയാണ്.