ഹേമ കമ്മിറ്റി റിപ്പോർട്ട്
മലയാള സിനിമ മേഖലയില്‍ ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങളും ലിംഗ അസമത്വവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും അന്വേഷിക്കാനും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി 2017ല്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആരംഭിച്ച കമ്മിറ്റിയാണ് ഹേമ കമ്മിറ്റി. 2017ൽ പ്രമുഖ നടി ആക്രമണത്തിന് ഇരയായതിന് പിന്നാലെ മലയാള സിനിമയിലെ ഒരുവിഭാഗം സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (WCC) മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പിന്നാലെയാണ് മുന്‍ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ സമിതിയെ സർക്കാർ രൂപീകരിക്കുന്നത്. സിനിമ താരം ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി സംസാരിക്കുകയും അവര്‍ പറഞ്ഞ കാര്യങ്ങളിലെ വിവരങ്ങള്‍ രേഖപ്പെടുത്തിയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 2019 ഡിസംബറിലാണ് 300 പേജുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമിതി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. തുടർന്ന് നാലര വർഷത്തിന് ശേഷം വിവരവകാശ കമ്മീഷൻ്റെ ഉത്തരവ് പ്രകാരം 2024 ഓഗസ്റ്റ് 19-ാം തീയതി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത്. സ്വകാര്യതയെ മാനിച്ച് ഏതാനും പേജുകൾ ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്ത് വിട്ടത്.