ഹല്യൂ
കൊറിയൻ സംഗീതവും കെ-ഡ്രാമകളും ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. 1990-കളോടെ കൊറിയൻ തരംഗം ഉടലെടുത്തെങ്കിലും 2000-ത്തിൻ്റോെ തുടക്കത്തിലാണ് ഇവയ്ക്ക് കൂടുതൽ ശ്രദ്ധ ലഭിച്ച് തുടങ്ങിയത്. ഈ തരംഗത്തെെ ഹല്യു (Hallyu) അഥവാ കൊറിയൻ വേവ് എന്ന പേരിൽ അറിയപ്പെടുന്നു. കൊറിയൻ സംഗീതവും ഡ്രാമകളും മാത്രമല്ല, കൊറിയൻ ഭക്ഷണവും ഫാഷനും സംസ്കാരവുമുൾപ്പടെ ഏറെ ശ്രദ്ധനേടുകയാണ്.
2009-ൽ പുറത്തിറങ്ങിയ ‘ബോയ്സ് ഓവർ ഫ്‌ളവേഴ്‌സ്’ എന്ന കെ-ഡ്രാമയാണ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ആദ്യ കൊറിയൻ സീരീസ് എന്ന് പറയാം. തുടർന്ന്, 2012-ൽ പുറത്തിറങ്ങിയ ‘ഗംഗ്നം സ്റ്റൈൽ’ എന്ന ഗാനം ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ ഏറ്റെടുത്തതോടെ, ആഗോളതലത്തിൽ കൊറിയൻ വിനോദ വ്യവസായം സ്ഥാനമുറപ്പിച്ചു. പാട്ടും, റാപ്പും, ഡാൻസും, വിഷ്വലുമെല്ലാം ചേർന്നൊരു ഫുൾ പാക്കേജാണ് ഇവരുടെ സംഗീതം. അതുകൊണ്ടുതന്നെയാണ് അവയ്ക്ക് ഇത്രയും അംഗീകാരവും ആരാധകരും ലഭിച്ചതും.
സംഗീത ബാൻഡായ ബിടിഎസ് കൊറിയൻ വിനോദ വ്യവസത്തെയാകെ വേറെ തലത്തിലേക്ക് ഉയർത്തി. ബിടിഎസിന് പുറമെ ബ്ലാക്ക്പിങ്ക്, സെവന്റീൻ, എക്സോ തുടങ്ങിയ ബാൻഡുകൾക്കും ലോകമെമ്പാടും കോടികണക്കിന് ആരാധകരാണുള്ളത്. കൊറിയൻ ഡ്രാമകളാവട്ടെ അവയുടെ ദൃശ്യചാരുതയാലും, പുതുമയുള്ള ഉള്ളടക്കങ്ങളാലും വലിയ പ്രീതി നേടി. കോവിഡ് കാലത്തെ ഒടിടി പ്ലാറ്റുഫോമുകളുടെ പെട്ടെന്നുണ്ടായ വളർച്ചയും കെ-ഡ്രാമകളുടെ ജനപ്രീതി ഉയർത്തി. കൂടാതെ, സംഗീതത്തിലൂടെയും ഡ്രാമകളിലൂടെയും കൊറിയൻ ഭക്ഷണത്തിനും ഫാഷനും ആഗോളതലത്തിൽ ഡിമാൻഡ് വർധിച്ചു.