സ്വർണവില
രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കുന്നത്. കൂടാതെ ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ ആഗോള വിപണിയിലുണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയെ ബാധിക്കും.
എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയിലും വില കുറയണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. സ്വര്‍ണവില കൂട്ടാനും കുറയ്ക്കാനും ഇവര്‍ക്ക് സാധിക്കും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ സ്വര്‍ണവില പുതുക്കാറുണ്ട്