കേന്ദ്ര ബജറ്റ്
വരാൻ പോകുന്ന സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തെ വരവ് ചിലവ് കണക്കുകളുടെ വിവരണമാണ് കേന്ദ്ര ബജറ്റ് അഥവാ യൂണിയൻ ബജറ്റ്. ഇതിനോടൊപ്പം അടുത്ത സാമ്പത്തിക വർഷത്തിൽ ഏതെല്ലാം പദ്ധതികൾ കേന്ദ്രം മുന്നോട്ട് വെക്കുമെന്നും അതിനെല്ലാം എത്രത്തോളം ചിലവ് വിനിയോഗിക്കുമെന്നും ബജറ്റിലൂടെ അറിയിക്കും. ഫെബ്രുവരി മാർച്ച് മാസങ്ങളിലായിട്ടാണ് സാധാരണയായി കേന്ദ്ര ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കുക.
രണ്ട് തരത്തിലുള്ള ബജറ്റാണ് രാജ്യത്തുള്ളത്. ഒന്ന് ഇടക്കാല ബജറ്റ്, രണ്ടാമത്തേത് സമ്പൂർണ ബജറ്റ്. ഒരു സർക്കാരിൻ്റെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പായി അവതരിപ്പിക്കുന്ന ബജറ്റിനെയാണ് ഇടക്കാല ബജറ്റ് എന്ന പറയുന്നത്. ഈ ഇടക്കാല ബജറ്റിന് ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തി കഴിഞ്ഞിട്ടുള്ള ആദ്യ പാർലമെൻ്റ് സമ്മേളനത്തിൽ ആ വർഷത്തെ സമ്പൂർണ ബജറ്റും അവതരിപ്പിക്കുന്നതാണ്. സാധാരണയായി എല്ലാ വർഷവും അവതരിപ്പിക്കുന്ന ബജറ്റുകൾ സമ്പൂർണ ബജറ്റുകളാണ്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത് മുൻ പ്രധാനമന്ത്രി മൊറാജി ദേശായിയും നിലവിൽ ധനകാര്യ മന്ത്രി നിർമല സീതാരാമനുമാണ്. ഇരുവരും ആറ് തവണ തുടർച്ചയായി കേന്ദ്ര ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ നിർമല സീതാരാമൻ സമ്പൂർണ ബജറ്റ് അവതരിപ്പിച്ചാൽ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മൊറാജി ദേശായ് പിന്തള്ളപ്പെടും