വിജയ്
മൂന്ന് പതിറ്റാണ്ടിലേറെ കാലമായി തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് നടൻ വിജയ്. മികച്ച കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയും ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളായി വളർന്ന നടൻ. 1984-ൽ ‘വെട്രി’ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി എത്തിയ വിജയ്, ആദ്യ കാലങ്ങളിൽ ഉണ്ടായ പരിചയങ്ങളിലും വിമർശനങ്ങളും തളരാതെ മുന്നേറി. ജോസഫ് വിജയ് അങ്ങനെ ഇളയ ദളപതിയായും, പിന്നീട് ദളപതി വിജയ് എന്ന നിലയിലേക്കും ഉയർന്നു. 1992-ൽ പുറത്തിറങ്ങിയ ‘നാളയ്യ തീർപ്പ്’ എന്ന ചിത്രത്തിലാണ് വിജയ് തന്റെ ആദ്യ നായക വേഷം ചെയ്തതെങ്കിലും, നടനെന്ന നിലയ്ക്ക് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ‘പൂവേ ഉനക്കാഗ’ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് അഭിനയിച്ച ‘ലവ് ടുഡേ’, ‘കാതലുക്ക് മരിയാദൈ’, ‘തുള്ളാത മനവും തുള്ളും’, ‘ഖുശി’ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 1998-ൽ, തമിഴ് സിനിമ മേഖലയ്ക്ക് വിജയ് നൽകിയ സംഭാവനകളെ കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ ‘കലൈമാമണി’ പുരസ്‌കാരം നൽകി നടനെ ആദരിച്ചു.
2004-ൽ റിലീസായ ‘ഗില്ലി’ എന്ന ചിത്രം വിജയുടെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവായി. അതിനുശേഷമിറങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയമായതോടെ, തമിഴ് സിനിമയിലെ മുൻനിര നടന്മാരിലൊരാളായി വിജയ് മാറുകയും, സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിജയ് ‘തമിഴ് വെട്രി കഴകം’ എന്ന സ്വന്തം പാർട്ടി പ്രഖ്യാപിച്ച്, രാഷ്ട്രീയ പ്രവേശനം അറിയിച്ചത്. 69-ാം ചിത്രത്തോട് കൂടെ വിജയ് സിനിമ ജീവിതം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങും.