പൃഥ്വിരാജ്
മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള യുവ നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും തൻ്റെ സാന്നിധ്യം അറിയിച്ച നടൻ, ഒരു നിർമാതാവും, സംവിധായകനും, പിന്നണി ഗായകനും കൂടിയാണ്. 2002-ൽ പുറത്തിറങ്ങിയ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇതുവരെ 200-ലധികം സിനിമകിൽ അഭിനയിച്ചിട്ടുണ്ട്. 2006-ൽ പുറത്തിറങ്ങിയ ‘വാസ്തവം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ താരം, നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.
2005-ൽ പുറത്തിറങ്ങിയ ‘കനാ കണ്ടേൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ്, 2010-ൽ ‘പോലീസ് പോലീസ്’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും, 2012-ൽ ‘അയ്യാ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി. പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും ചേർന്ന് 2017-ലാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇതുവരെ പത്തോളം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. 2019-ൽ ‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് സംവിധാന രംഗത്തും ചുവടുവെച്ചു