Apple Its Glowtime : ഐഫോൺ 16 ഇങ്ങെത്തി; ആപ്പിളിൻ്റെ ഇറ്റ്സ് ഗ്ലോടൈം ഇവൻ്റ് എങ്ങനെ കാണാം?
How To Watch Apple Its Glow Time Event : ആപ്പിളിൻ്റെ ഇറ്റ്സ് ഗ്ലോടൈം ഇവൻ്റ് സെപ്തംബർ 9നാണ് നടക്കുക. ഐഫോണിൻ്റെ ഏറ്റവും പുതിയ 16 സീരീസും എയർപോഡും വാച്ചുമൊക്കെ ഈ ഇവൻ്റിൽ അവതരിപ്പിക്കും. ഇന്ത്യയിൽ ഇത് എങ്ങനെ, എപ്പോൾ കാണാനാവുമെന്ന് നോക്കാം.
ആപ്പിളിൻ്റെ ഇറ്റ്സ് ഗ്ലോടൈം ഇവൻ്റ് ഇന്ന് നടക്കും. ഐഫോണിൻ്റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ 16 സീരീസ് അടക്കമുള്ള പുതിയ ഡിവൈസുകളാണ് അമേരിക്കയിലെ കാലിഫോർണിയയിലുള്ള ആപ്പിൾ കുപ്പർടീനോ പാർക്കിലാണ് ഇവൻ്റ് നടക്കുക. വിവിധ രീതിയിൽ ഈ ഇവൻ്റ് തത്സമയം കാണാനാവും.
ഇന്ത്യൻ സമയം രാത്രി 10.30നാണ് ഇവൻ്റ് ആരംഭിക്കുക. ആപ്പിൾ ടിവി, ആപ്പിൾ വെബ്സൈറ്റ്, ആപ്പിളിൻ്റെ യൂട്യൂബ് ചാനൽ എന്നിവിടങ്ങളിൽ ഇവൻ്റ് തത്സമയം കാണാനാവും. ആപ്പിൾ ഐഫോൺ 16 സീരീസിനൊപ്പം ആപ്പിൾ വാച്ച് 10 സീരീസും ആപ്പിൾ എയർപോഡ്സ് 4ഉം ഇവൻ്റിൽ അവതരിപ്പിക്കും.
ഐഫോൺ 16 സീരീസിൽ നാല് ഫോണുകളാണ് ഉണ്ടാവുക. ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ്. ഐഫോൺ 16, 16 പ്ലസ് മോഡലുകളിൽ എ18 ബയോണിക്ക് ചിപ്സെറ്റും മറ്റ് രണ്ട് മോഡലുകളിൽ എ18 പ്രോ പ്രൊസസറുകളുമാണ് ഉണ്ടാവുക. വിലകുറഞ്ഞ ആപ്പിൾ വാച്ച് എസ്ഇയും ഇവൻ്റിൽ അവതരിപ്പിക്കും.
ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം എയർപോഡുകളിൽ രണ്ട് മോഡലുകൾ ഇക്കൊല്ലം പുറത്തിറങ്ങും. ഇതിൽ ഒന്ന് എയർപോഡ്സ് രണ്ടിനും മറ്റൊന്ന് തേർഡ് ജനറേഷൻ എയർപോഡിനും പകരമാവും. 2021ലാണ് തേർഡ് ജനറേഷൻ എയർപോഡ് പുറത്തിറങ്ങിയത്. മാധ്യമപ്രവർത്തകൻ മാർക്ക് ഗുർമനാണ് ഈ വിവരം പുറത്തുവിട്ടത്.
സെക്കൻഡ് ജനറേഷനിലെ എയർപോഡ്സ് പ്രോ നിലനിർത്താനും ആപ്പിളിന് പദ്ധതിയുണ്ട്. നിലവിൽ നോയിസ് ക്യാൻസലിങ് ഉള്ളതും ആപ്പിളിൻ്റെ എച്ച്2 ചിപ്പ് ഉള്ളതുമായ ഒരേയൊരു എയർപോഡ് ആണിത്. അഡാപ്റ്റിവ് ഓഡിയോയും ഈ എയർപോഡ് മോഡലിൻ്റെ പ്രത്യേകതയാണ്. ഈ മോഡൽ പിൻവലിക്കില്ല.
പുതുതായി ഇറങ്ങുന്ന രണ്ട് എയർപോഡ് വേരിയൻ്റുകളും ഒരേ ഡിസൈനാവും. എൻട്രി ലെവൽ മോഡലിൽ നോയിസ് കാൻസലേഷൻ ഉണ്ടാവില്ല. എന്നാൽ, രണ്ടാമത്തെ വേരിയൻ്റിൽ ഈ സൗകര്യമുണ്ടാവും. ഓപ്പൺ ബാക്ക് ഡിസൈനാവുമോ ആപ്പിൾ ഈ ഡിവൈസുകളിൽ ഉപയോഗിക്കുക എന്നതിൽ വ്യക്തതയില്ല.
യുഎസ്ബി സി ടൈപ്പ് പോർട്ടാവും പുതിയ എയർപോഡുകളിൽ ഉള്ളത്. ആപ്പിളിൻ്റെ ചില എഐ ഫീച്ചറുകൾ ഇയർഫോണിൻ്റെ ഉയർന്ന മോഡലുകൾ ഉണ്ടാവുമെന്ന് സൂചനയുണ്ട്. ഗൂഗിൾ പിക്സൽ ബഡ്സ് പ്രോ ആവും പ്രധാന എതിരാളി. ഗൂഗിളിൻ്റെ ടെൻസർ എ1 ചിപ്പ് ആണ് ഈ ഇയർഫോണിലുള്ളത്.
ഹാർട്ട് റേറ്റ് സെൻസറിൽ ആപ്പിൾ വാച്ചിന് പുതിയ അപ്ഡേറ്റ് ലഭിക്കും. കുറച്ചുകൂടി കൃത്യതയാർന്ന ഫലങ്ങൾ ഇതുവഴി ലഭിക്കുമെന്ന് ഓൺലൈനിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു. സ്ലീപ് ആപ്നിയ അടക്കമുള്ളവ പുതിയ വാച്ചിൽ അറിയാൻ കഴിയുമെന്നതാണ് വിവരം.
ഹെൽത്ത് ഡേറ്റ ശേഖരിക്കുന്നതിലും പുതിയ അപ്ഡേറ്റ് ലഭിച്ചേക്കും. ഐഫോൺ ഹെൽത്ത് ആപ്പിലെ പുതിയ അൽഗോരിതമനുസരിച്ച് ശേഖരിക്കുന്ന ഡേറ്റകളിൽ വ്യത്യാസമുണ്ടാവും. ഇതോടൊപ്പം 20 മീറ്റർ ആഴത്തിൽ ഹൈ സ്പീഡ് വാട്ടർ സ്പോർട്ട് മത്സരങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വാട്ടർ റെസിസ്റ്റൻസി വാച്ചിൽ ഉണ്ടാവും. ആപ്പിൾ ഡെപ്ത് ആപ്പ് ഈ വാച്ചിൽ ഉപയോഗിക്കാനാവും.
രണ്ട് വലിപ്പത്തിൽ വാച്ച് ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 44, 48 മില്ലിമീറ്റർ വലിപ്പമുള്ള ഡിസ്പ്ലേയിൽ രണ്ട് വേരിയെൻ്റുകളാവും വാച്ചിൽ ഉള്ളത്. ആപ്പിൾ വാച്ച് 9ൻ്റെ ഡിസ്പ്ലേ വലിപ്പം 41, 45 മില്ലിമീറ്ററാണ്. വലിപ്പമുള്ള ഡിസ്പ്ലേകൾക്കൊപ്പം പുതിയ വാച്ച് ഫേസുകളും പുതിയ ആപ്പിൾ വാച്ചിൽ ഉണ്ടാവും.
ചുറ്റുമുള്ള പ്രകാശത്തോട് പ്രതികരിക്കുന്ന റിഫ്ലക്ഷൻസ് എന്ന വാച്ച് ഫേസ് പുതിയ മോഡലിലുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്. റെഗാട്ട എന്ന പേരിലുള്ള മറ്റൊരു വാച്ച് ഫേസും പുതിയ വാച്ചിലുണ്ടാവും. വാട്ടർ സ്പോർട് താരങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ വാച്ച് ഫേസിൽ നേരിട്ട് ടൈമർ എടുക്കാനാവും.