Whatsapp: ഇനി ഷെയർ ചെയ്യുന്ന മെസേജുകളുടെ നിയന്ത്രണവും അയയ്ക്കുന്നയാൾക്ക്; പുതിയ ഫീച്ചറുമായി വാട്സപ്പ്
Whatsapp Advance Chat Privacy Feature: അഡ്വാൻസ് ചാറ്റ് പ്രൈവസി ഫീച്ചറുമായി വാട്സപ്പ്. മെസേജ് ഷെയറിങിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനുള്ള ഫീച്ചറാണ് അണിയറയിൽ ഒരുങ്ങുന്നത്.

മെസേജ് ഷെയറിങിൽ കൂടുതൽ സുരക്ഷിതത്വം നൽകാനുള്ള നീക്കവുമായി വാട്സപ്പ്. വാട്സപ്പിലെ ചാറ്റ് പ്രൈവസിയുമായി ബന്ധപ്പെട്ട പുതിയൊരു ഫീച്ചറിൻ്റെ പണിപ്പുരയിലാണ് മെറ്റ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങൾ ഷെയർ ചെയ്ത മീഡിയ മറ്റുള്ളവരുടെ ഗ്യാലറിയിൽ ഓട്ടോമാറ്റിക്കായി സേവ് ആകുന്നത് ഈ ഫീച്ചർ തടയും. ചാറ്റ് പൂർണമായി എക്സ്പോർട്ട് ചെയ്യുന്നത് തടയുന്നതടക്കം മറ്റ് ചില മാറ്റങ്ങളും ഉടൻ വന്നേക്കും.
വാട്സപ്പിൻ്റെ ആൻഡ്രോയ്ഡ് പതിപ്പിലാണ് പുതിയ ഫീച്ചർ എത്തുക. വാട്സപ്പിൻ്റെ ബീറ്റ 2.25.10.4 വേർഷനിൽ ഈ ഫീച്ചർ പുറത്തുവിട്ടതായി സൂചനയുണ്ട്. ആവശ്യമുള്ളവർക്ക് ഈ ഫീച്ചർ ഓൺ ചെയ്യാം. ഇങ്ങനെ ചെയ്യുന്ന ഫോണിൽ നിന്ന് അയക്കുന്ന ചിത്രങ്ങളും വിഡിയോകളും ലഭിക്കുന്നയാളുടെ ഫോണിൽ ഓട്ടോമാറ്റിക് ആയി സേവ് ആവില്ല. സേവ് ചെയ്യാൻ ശ്രമിച്ചാൽ ‘കാണ്ട് ഓട്ടോസേവ് മീഡിയ’ എന്ന പോപ്പപ്പ് പ്രത്യക്ഷപ്പെടും.
സ്വകാര്യതയുമായി ബന്ധപ്പെട്ട മറ്റ് ഫീച്ചറുകളും പണിപ്പുരയിലാണ്. അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചർ ഓൺ ചെയ്ത ചാറ്റുകൾ മൊത്തമായി എക്സ്പോർട്ട് ചെയ്യാൻ സാധിക്കില്ല. ഇതും പുതിയ ഫീച്ചറുകളിൽ പെടുന്നു. ഇങ്ങനെ എക്സ്പോർട്ട് ചെയ്യുന്ന ചാറ്റുകൾ പിന്നീട് ഉപഭോക്താവിന് എപ്പോൾ വേണമെങ്കിലും പരിശോധിക്കാനാവും. പുതിയ ഫീച്ചറിൽ ഈ സേവനം ലഭ്യമാവില്ല. വാട്സപ്പിൻ്റെ എഐ ചാറ്റ്ബോട്ടായ മെറ്റ എഐയുമായി സംവദിക്കാനും ഇവർക്ക് കഴിയില്ല. നിലവിൽ ബീറ്റ ടെസ്റ്റർമാർക്ക് പോലും ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടില്ല.
അടുത്തിടെ വാട്സപ്പിൽ മോഷൻ ഫോട്ടോസ് സപ്പോർട്ട് ഫീച്ചറും അവതരിപ്പിച്ചിരുന്നു. ഇതും വാട്സപ്പിൻ്റെ ആൻഡ്രോയ്ഡ് പതിപ്പിലാണ് അവതരിപ്പിച്ചത്. ചാറ്റുകളിലും ചാനലുകളിലും മോഷൻ ഫോട്ടോസ് ഷെയർ ചെയ്യാൻ കഴിയുന്നതാണ് ഈ ഫീച്ചർ. ഈ ഫീച്ചറും ലഭ്യമായിത്തുടങ്ങിയത്. ഐഒഎസ് വാട്സപ്പിൽ ഇത് ലൈവ് ഫോട്ടോ ആയി കാണാനാവുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതിൽ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല.ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ എപ്പോൾ മുതൽ ലഭ്യമാവുമെന്നതിൽ വ്യക്തതയില്ല. ആൻഡ്രോയ്ഡ് വാട്സപ്പിൻ്റെ ബീറ്റ വേർഷനായ ആൻഡ്രോയ്ഡ് 2.25.8.12വിൽ ബീറ്റ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ലഭ്യമാവുന്നുണ്ട്.