WhatsApp : മെസേജുകൾക്ക് ലൈവ് ട്രാൻസലേഷൻ; ഗൂഗിൾ സാങ്കേതിക വിദ്യ പരീക്ഷിച്ച് വാട്സപ്പ്
Whatsapp Live Translation : അയക്കുന്നതോ ലഭിക്കുന്നതോ ആയ മെസേജുകൾ തത്സമയം തർജമ ചെയ്യാനുള്ള സൗകര്യം അണിയറയിൽ ഒരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾക്ക് മാത്രമാവും ഈ സൗകര്യം ഉണ്ടാവുക. ഏറെ താമസിയാതെ ലൈവ് ട്രാൻസലേഷൻ സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്നാണ് റിപ്പോർട്ട്.
മെസേജുകൾ തത്സമയം തർജമ ചെയ്യാനുള്ള സാങ്കേതികവിദ്യ പരീക്ഷിച്ച് വാട്സപ്പ് (whatsapp). ഗൂഗിളിൻ്റെ ട്രാൻസലേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതിനുള്ള പരീക്ഷണങ്ങൾ നടക്കുന്നത്. വാട്സപ്പിൻ്റെ ആൻഡ്രോയ്ഡ് വേർഷൻ 2.24.15.8 മുതൽ ഈ സൗകര്യം നിലവിൽ വരുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ട്രാൻസലേഷൻ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കിൽ ഉപഭോക്താക്കൾ ലാംഗ്വേജ് പാക്കുകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. നിലവിൽ ഇംഗ്ലീഷിനും ഹിന്ദിക്കുമാവും ലൈവ് ട്രാൻസലേഷൻ സൗകര്യമുണ്ടാവുക. ഭാവിയിൽ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തും. ചാറ്റ് ചെയ്തുകൊണ്ടിരിക്കെത്തന്നെ തർജമ നടക്കും. അതുകൊണ്ട് തന്നെ മെസേജ് തർജമ ചെയ്യാൻ ഉപഭോക്താവ് കൂടുതലായി ഒന്നും ചെയ്യേണ്ടിവരില്ല. നിലവിൽ ബീറ്റ ഉപഭോക്താക്കൾക്ക് പോലും ഈ സൗകര്യം ലഭ്യമായിട്ടില്ല. പരീക്ഷണം വിജയമായിക്കഴിഞ്ഞാൽ ആദ്യം ബീറ്റ യൂസേഴ്സിനും പിന്നീട് മറ്റ് ഉപഭോക്താക്കൾക്കും ഇത് ലഭ്യമാവും.
വോയിസ് മെസേജുകൾക്ക് ലൈവ് ട്രാൻസ്ക്രിപ്ഷൻ സൗകര്യവും അണിയറയിൽ പരീക്ഷണത്തിലാണ്. അയച്ചതോ ലഭിച്ചതോ ആയ വോയിസ് മെസേജുകളുടെ ലൈവ് ട്രാൻസ്ക്രിപ്ഷൻ ഇതുവഴി സാധ്യമാവും. റിപ്പോർട്ടുകൾ പ്രകാരം വോയിസ് ചാറ്റുകളുടെ താഴെ ട്രാൻസ്ക്രിപ്ഷൻ ചെയ്യണോ എന്നാവശ്യപ്പെടുന്ന ബാനർ പ്രത്യക്ഷപ്പെടുമെന്നും ഇത് ക്ലിക്ക് ചെയ്താൽ സേവനം ലഭ്യമാകും എന്നുമാണ് വിവരം.
മറ്റുള്ളവർ നമുക്ക് അയക്കുന്ന ചിത്രങ്ങളും മെറ്റ എഐ വഴി എഡിറ്റ് ചെയ്യാനും വാട്സപ്പ് സൗകര്യമൊരുക്കുന്നുണ്ട്. മറ്റുള്ളവർ അയക്കുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്യണമെങ്കിൽ അതിന് പ്രോംപ്റ്റ് നൽകി എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന അപ്ഡേറ്റാണ് അണിയറയിൽ ഒരുങ്ങുന്നത്. അടുത്ത അപ്ഡേറ്റിൽ തന്നെ ഈ സൗകര്യം ലഭ്യമായേക്കും. ബീറ്റ വേർഷനിൽ ഇതിനകം ഈ ഓപ്ഷൻ വന്നുകഴിഞ്ഞു.
Also Read : Meta AI : മറ്റുള്ളവർ അയച്ച ചിത്രങ്ങൾ മെറ്റ വഴി എഡിറ്റ് ചെയ്യാനുള്ള സൗകര്യവുമായി വാട്സപ്പ്
മെറ്റ ചാറ്റ്ബോക്സിൽ സാധാരണ ചാറ്റുകളിൽ ഉള്ളതുപോലെ ഒരു ക്യാമറ ബട്ടൺ ഉണ്ടാവും. ഇതുപയോഗിച്ച് എഡിറ്റ് ചെയ്യേണ്ട ചിത്രങ്ങൾ നമുക്ക് മെറ്റയ്ക്ക് അയച്ചുനൽകാം. ഈ ഫോട്ടോയിൽ വരുത്തേണ്ട മാറ്റങ്ങൾ പ്രോംപ്റ്റ് ആയി നൽകിയാൽ മെറ്റ അത് എഡിറ്റ് ചെയ്തുനൽകും.
വാട്‌സ്ആപ്പിൻ്റെ ക്യാമറയിൽ ‘വീഡിയോ നോട്ട് മോഡ്’ എന്ന സൗകര്യവും അണിയറയിലാണ്. ഇനി മുതൽ വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയ്യാനും അത് വീഡിയോ നോട്ടുകളായി അയക്കാനും സാധിക്കും. വാട്‌സ്ആപ്പിൻ്റെ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റാ പതിപ്പുകളിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. നിലവിൽ വാട്‌സ്ആപ്പിൽ ഉപഭോക്താക്കളുടെ ശ്രദ്ധയിൽ പെടാതെ മറഞ്ഞിരിക്കുന്ന ഒരു ഫീച്ചറാണ് ഇത്.
2023-ലാണ് 60 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോകൾ വീഡിയോ നോട്ട് ആയി അയക്കാനുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചത്. ടെലഗ്രാമിലെ വീഡിയോ മെസേജുകൾക്ക് സമാനമാണ് ഇതും. വീഡിയോ നോട്ടുകളായി അയക്കുന്ന ദൃശ്യങ്ങൾ വൃത്താകൃതിയിലായാണ് ചാറ്റിൽ പ്രത്യക്ഷപ്പെടുന്നതാണ്. ഇത് ഒരു ജിഫിന് സമാനമായാണ് പ്ലേ ആയിക്കൊണ്ടിരിക്കുക. ചാറ്റ് വിൻഡോയ്ക്ക് താഴെയുള്ള ക്യാമറ ബട്ടൻ ഹോൾഡ് ചെയ്ത് പിടിച്ചുകൊണ്ടാണ് വീഡിയോ നോട്ട് ചിത്രീകരിക്കേണ്ട്.