Social Media Down : സോഷ്യല്‍ മീഡിയയുടെ ‘അപ്രഖ്യാപിത പണിമുടക്ക്’; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത് ?
Whatsapp, Instagram and Facebook down globally : പ്രശ്‌നം ഒറ്റപ്പെട്ടതല്ലെന്നും, ആഗോളതലത്തില്‍ സംഭവിച്ചതാണെന്നും തിരിച്ചറിഞ്ഞതോടെയാണ് പലര്‍ക്കും സമാധാനമായത്
സോഷ്യല്‍ മീഡിയ ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. സോഷ്യല്‍ മീഡിയ ഇല്ലാത്ത ഒരു ജീവിതം പോലും പലര്‍ക്കും സങ്കല്‍പിക്കാനാകില്ലെന്ന് ചുരുക്കം. അപ്പോള്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം കിട്ടുന്നില്ലെങ്കില്ലോ ? വളരെ ബുദ്ധിമുട്ടായിരിക്കും, അല്ലേ…എന്നാല്‍ ഒന്നിലേറെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഒരുമിച്ച് ‘പണിമുടക്കി’യാല്‍ എന്തായിരിക്കും അവസ്ഥ ? തീര്‍ച്ചയായും ഉപയോക്താക്കള്‍ കുഴയും. സോഷ്യല്‍ മീഡിയ പലരുടെയും ജീവനോപാധിയായി മാറുന്ന കാലമാണിത്. അത്തരം സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത് പലരെയും ബുദ്ധിമുട്ടിക്കുമെന്ന് തീര്‍ച്ച.
കഴിഞ്ഞ ദിവസം രാത്രിയാണ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി മെറ്റയുടെ പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കിയത്. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ലോകവ്യാപകമായി പ്രവര്‍ത്തനരഹിതമായി. ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന മൂന്ന് പ്ലാറ്റ്‌ഫോമുകളാണ് ഇത്. അതുകൊണ്ട് തന്നെ മൂന്നും ഒരുമിച്ച് കിട്ടാതായതോടെ ഉപയോക്താക്കള്‍ ബുദ്ധിമുട്ടിലായി.
കുറച്ച് സമയങ്ങള്‍ക്ക് ശേഷം പ്രശ്‌നം പരിഹരിക്കപ്പെട്ടതോടെ ഉപയോക്താക്കള്‍ക്ക് ആശ്വാസം. എങ്കിലും വളരെ കുറഞ്ഞ നേരമായിരുന്നെങ്കിലും, അത് ഉപയോക്താക്കള്‍ക്ക് ആശങ്കയുടെ നിമിഷങ്ങളായിരുന്നു. രാത്രി 11 മണിയോടെയാണ് പ്രശ്‌നം അനുഭവപ്പെട്ടത്. പലര്‍ക്കും പോസ്റ്റുകള്‍ പങ്കുവയ്ക്കാനോ, സ്വീകരിക്കാനോ സാധിച്ചില്ല. ആപ്ലിക്കേഷനുകള്‍ മന്ദഗതിയിലാണെന്നായിരുന്നു മറ്റ് ചിലരുടെ പരിഭവം. ലാപ്‌ടോപ്പിലും, മൊബൈലിലുമടക്കം പ്രശ്‌നങ്ങളുണ്ടായി. തങ്ങള്‍ക്ക് മാത്രമാണോ ഈ പ്രശ്‌നം അനുഭവപ്പെടുന്നതെന്നായി ചിലരുടെയെങ്കിലും ചിന്ത.
Read Also : വരുന്നു പുതിയ ക്വാണ്ടം ചിപ്പ്…! ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പം; വർഷമെടുത്ത് ചെയ്യേണ്ട ജോലി 5 മിനിറ്റിൽ തീരും
ചിലര്‍ ലോഗ് ഔട്ട് ചെയ്ത്, പിന്നീട് ലോഗ് ഇന്‍ ചെയ്ത് പ്രശ്‌നപരിഹാരത്തിന് പരിശ്രമിച്ചു. ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യാനായിരുന്നു മറ്റ് പലരുടെയും ശ്രമം. ചിലര്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത്, ഓണാക്കിയും നോക്കി. ‘എക്‌സി’ല്‍ വന്ന പോസ്റ്റുകളിലെ പ്രതികരണത്തില്‍ നിന്ന് വ്യക്തമായതാണ് ഉപയോക്താക്കളുടെ ചില ‘പ്രതിവിധി’ മാര്‍ഗങ്ങള്‍.
എന്നാല്‍ ഒന്നും ഫലവത്തായില്ല. കൂടുതല്‍ പേരും എക്‌സിലൂടെയാണ് സംഭവം ഉന്നയിച്ചത്. ഡൗണ്‍ ഡിറ്റക്ടറിലടക്കം നിരവധി പേര്‍ ഇക്കാര്യം ഉന്നയിച്ചു. പ്രശ്‌നം ഒറ്റപ്പെട്ടതല്ലെന്നും, ആഗോളതലത്തില്‍ സംഭവിച്ചതാണെന്നും തിരിച്ചറിഞ്ഞതോടെയാണ് പലര്‍ക്കും സമാധാനമായത്. സാങ്കേതിക തകരാര്‍ എന്നായിരുന്നു ആപ്ലിക്കേഷനുകളുടെ വിശദീകരണം. കഴിയുന്നത്ര വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മെറ്റ ഉറപ്പ് നല്‍കി.
പിന്നെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള കാത്തിരിപ്പ്. ഒടുവില്‍ കാത്തിരിപ്പിന് വിരാമം കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വീണ്ടും പഴയതുപോലെയായി. ഇതിന് മുമ്പ് ഫേസ്ബുക്കും, വാട്‌സാപ്പും, ഇന്‍സ്റ്റഗ്രാമും പണിമുടക്കിയിട്ടുണ്ട്.