Navic: ‘ഇന്ത്യക്ക് വഴികാട്ടി’, ജിപിഎസിനെ വെല്ലുന്ന നാവിഗേഷൻ സംവിധാനം; എന്താണ് ‘നാവിക്’?
What is India's Own Navigation System NavIC: അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവ ജിപിഎസ് ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗതിനിർണയ സംവിധാനം. അത്തരത്തിൽ തദ്ദേശീയ ഉപയോഗത്തിനായി രൂപകല്പന ചെയ്തതാണ് ജപ്പാന്റെ ക്വസ്സും, ഇന്ത്യയുടെ നാവിക്കും.
![Navic: ‘ഇന്ത്യക്ക് വഴികാട്ടി’, ജിപിഎസിനെ വെല്ലുന്ന നാവിഗേഷൻ സംവിധാനം; എന്താണ് ‘നാവിക്’? Navic: ‘ഇന്ത്യക്ക് വഴികാട്ടി’, ജിപിഎസിനെ വെല്ലുന്ന നാവിഗേഷൻ സംവിധാനം; എന്താണ് ‘നാവിക്’?](https://images.malayalamtv9.com/uploads/2025/01/NAVIC.png?w=1280)
കഴിഞ്ഞ ദിവസമാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ഐഎസ്ആർഒ നൂറാം റോക്കറ്റ് വിക്ഷേപിച്ചത്. സതീഷ് ധവാൻ സ്പേസ് സെൻററിൽ (എസ്‌ഡിഎസ്‌സി) നിന്ന് ജനുവരി 28ന് രാവിലെ 6.23നാണ് റോക്കറ്റ് വിക്ഷേപിച്ചത്. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം അടുത്തിടെ സ്ഥാനമേറ്റ ബഹിരാകാശ ഏജൻസിയുടെ ചെയർമാനായ വി നാരായണൻ്റെ നേതൃത്വത്തിൽ ആണ് കുതിച്ചുയർന്നത്. റോക്കറ്റിൽ ജിപിഎസിനു പകരം ഇന്ത്യയുടെ സ്വതന്ത്ര പ്രാദേശിക നാവിഗേഷൻ ഉപഗ്രഹ സംവിധാനമായ ‘നാവിക്’ ആണ് സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത്.
അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം അഥവ ജിപിഎസ് ആണ് ലോകത്തിലെ ഏറ്റവും വലിയ ഗതിനിർണയ സംവിധാനം. ഇതിന് തൊട്ട് പിന്നാലെ ചൈനയുടെ ബേയ് ഡൗ (Bei Dou) ആണുള്ളത്. കൂടാതെ, യൂറോപ്യൻ യൂണിയന്റെ ഗതി നിർണയ സംവിധാനം ഗലീലിയോ എന്ന പേരിലും, റഷ്യയുടേത് ഗ്ലോനാസ് എന്ന പേരിലും അറിയപ്പെടുന്നു. ഇതെല്ലാം രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുമ്പോൾ, തദ്ദേശീയ ഉപയോഗത്തിനായി രൂപകല്പന ചെയ്തതാണ് ജപ്പാൻ്റെ ക്വസ്സും, അതുപോലെ തന്നെ ഇന്ത്യയുടെ നാവിക്കും.
എന്താണ് ‘നാവിക്’?
നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ ആണ് ‘നാവിക്’ൻ്റെ പൂർണരൂപം. ഇന്ത്യയുടെ സ്വതന്ത്ര പ്രാദേശിക നാവിഗേഷൻ ഉപഗ്രഹ സംവിധാനം അഥവാ ഗതിനിർണ്ണയ സംവിധാനമാണ് ഇത്. 1999ലെ കാർഗിൽ യുദ്ധത്തിൻ്റെ കാലത്താണ് ഇന്ത്യക്ക് സ്വന്തമായി ഒരു ഗതിനിർണായ സംവിധാനം വേണം എന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയുന്നത്. തുടർന്ന്, 2013 മേയിൽ ഐഎസ്ആർഒയുടെ പദ്ധതി ഇന്ത്യ ഗവൺമെൻ്റ് അംഗീകരിക്കുകയും, ഗതി നിർണയ സംവിധാനത്തിൻ്റെ ഭാഗമായി ജൂലൈ ഒന്നിന് IRNSS 1A എന്ന ആദ്യത്തെ ഉപഗ്രഹം വിക്ഷേപിക്കുകയും ചെയ്തു. പിന്നീട് 2018ലാണ് ഗതി നിർണയ സംവിധാനത്തിനുള്ള അവസാന ഉപഗ്രഹമായ IRNSS 1I വിക്ഷേപിച്ചത്. ഇവ സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്ന് ഏകദേശം 36000 കിലോമീറ്റർ ഉയരത്തിലാണ്. ഇതേ മാതൃകയിൽ ഗതിനിയന്ത്രണമുള്ള എട്ട് ഉപഗ്രഹങ്ങൾ അടങ്ങുന്ന സംവിധാനത്തെ ഇന്ത്യൻ റീജിയണൽ സാറ്റ്‌ലൈറ്റ് സിസ്റ്റം (IRNSS) എന്നാണ് വിളിക്കുന്നത്. ഇതിൻ്റെ മറ്റൊരു പേരാണ് നാവിക് അഥവാ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ എന്നത്.
നാവിക് കൊണ്ടുള്ള നേട്ടങ്ങൾ
കര, ജല, വായു ഗതാഗത പ്രക്രിയയുടെ സുഗമമായ പ്രവർത്തനത്തിന് കൃത്യമായ സ്ഥാനനിർണ്ണയവും സമയവും ആവശ്യമാണ്. വാണിജ്യ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന വാഹനങ്ങളിൽ 2019 മുതൽ ഇന്ത്യ ഗവൺമെൻ്റ് നാവിക് അടിസ്ഥാനമാക്കിയുള്ള ട്രാക്കിംഗ് സിസ്റ്റം നിർബന്ധമാക്കിയിട്ടുണ്ട്. സൈനിക നീക്കങ്ങൾക്കും മറ്റും തടസ്സമാകുന്ന ഉയരം കൂടിയ പർവതങ്ങൾ, മഞ്ഞുമലകൾ, കൊടുങ്കാറ്റുകൾ, കടൽ തുടങ്ങിയവയെ കുറിച്ചുള്ള നാവിക് ഉപഗ്രഹങ്ങളുടെ വിവരങ്ങൾ ഇവ പങ്കുവയ്ക്കുന്നു. സൈനിക ആവശ്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് എങ്കിലും ജീവിതത്തിൻ്റെ സമസ്തമേഖലകളെയും സഹായിക്കാൻ കഴിയുന്നവിധമാണ് ഇവ രൂപകല്പന ചെയ്തിട്ടുള്ളത്. ദുരന്ത നിവാരണം, സമുദ്ര ഗതാഗതം, വ്യക്തിഗത യാത്രകൾ, സർവേകൾ, വ്യോമഗതാഗതം, കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങി എല്ലാം നാവിക്കിൽ ലഭ്യമാണ്. അതേസമയം, നിലവിൽ നാം മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന നാവിഗേഷൻ സംവിധാനം അമേരിക്കയുടെ ജിപിഎസ് ആണ്. എന്നാൽ, നാവിക്കിൻ്റെ വരവോടു കൂടി ജിപിഎസിന് പകരം സമീപ ഭാവിയിൽ തന്നെ ഇവ മൊബൈൽ ഫോണുകളിൽ ലഭ്യമാകും.
നാവിക്കിൻ്റെ പ്രത്യേകതകൾ
സാധാരണഗതിയിൽ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന് പുറമെ കൂടുതൽ കൃത്യതയാർന്ന വിവരങ്ങൾ സൈനികർക്ക് കൈമാറാനാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. അതായത് ഏതൊരു പ്രതികൂലമായ കാലാവസ്ഥയും സൈനികരുടെ ജോലിക്ക് തടസ്സമാവില്ലെന്ന് സാരം. ഇതിന് പുറമെ ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു ഓട്ടോമിക് ക്ലോക്കായ എൻ വി എസ് – 1 ആണ് ഉപഗ്രഹത്തിലെ മറ്റൊരു പ്രധാന ഘടകം. ഇവ കാര്യങ്ങൾ കൃത്യമായി അറിയാനും, സമയ നിർണ്ണയത്തിൽ ചെറിയ വ്യതിയാനം പോലും ഉണ്ടാകാതിരിക്കാനും സഹായിക്കുന്നു.