Hydroplaning: ബ്രേക്കിട്ടാലും മഴക്കാലത്ത് ജീവനെടുക്കുന്ന ഹൈഡ്രോപ്ലെയിനിങ് ; ഡ്രൈവിങ്ങിലെ ഭീകരൻ
What is Hydroplaning: റോഡും ടയറും തമ്മിലുള്ള ഘർഷണം ഇല്ലാതാവുന്നതോടെ വാഹനത്തിലെ ബ്രേക്കിന്റെയും സ്റ്റിയറിംഗിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം തടസ്സപ്പെടുകയും, വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഡ്രൈവർക്ക് നഷ്ടമാകുകയും ചെയുന്നു.
പാലക്കാട് കരിമ്പയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് നാല് വിദ്യാർഥികൾ മരിച്ച വിവരം ഞെട്ടലോടെയാണ് നാം കേട്ടത്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് സിമിൻ്റ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. മറ്റൊരു ലോറിയിൽ തട്ടി നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. ലോറിയിലെ ലോഡും, മഴയെ തുടർന്ന് റോഡിലുണ്ടായ തെന്നലും എല്ലാമാണ് അപകടത്തിലേക്ക് നയിച്ചത്. ഇതിനു സമാനമായി ആലപ്പുഴയിലും അടുത്തിടെ ഒരു അപകടം നടന്നിരുന്നു. ആലപ്പുഴ ദേശീയ പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർഥികളാണ് മരിച്ചത്. അതും ശക്തമായ മഴ, കാറിൽ കയറാവുന്നതിൽ അധികം ഉണ്ടായിരുന്ന യാത്രക്കാർ, മഴയെ തുടർന്ന് നനഞ്ഞ റോഡിലൂടെ പോകുമ്പോൾ ഉണ്ടായ തെന്നൽ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് സംഭവിച്ചത്.
മഴക്കാലത്ത് അല്ലെങ്കിൽ മഴ പെയ്ത് നനഞ്ഞ റോഡിൽ ഇത്തരത്തിൽ വാഹനങ്ങൾ തെന്നി മറിയുന്നതിനുള്ള പ്രധാന കാരണം ഹൈഡ്രോപ്ലെയ്നിങ് ആണ്. മഴക്കാലത്ത് അപകടങ്ങൾ വർധിക്കുന്നതും ഈ ഹൈഡ്രോപ്ലെയ്നിങ് അഥവാ അക്വാപ്ലെയിങ് എന്ന പ്രതിഭാസം മൂലമാണ്.
എന്താണ് ഹൈഡ്രോപ്ലെയ്നിങ്?
റോഡുകളിൽ വാഹനം ചലിക്കുന്നതും, ബ്രേക്ക് ഇടാൻ കഴിയുന്നതും, സ്റ്റീയറിങ് തിരിക്കാൻ പറ്റുന്നതുമെല്ലാം വാഹനത്തിലെ യാന്ത്രികമായ പ്രവർത്തനങ്ങൾ കൊണ്ട് നടക്കുന്നതാണ്. എന്നാൽ, നിരത്തുകളിലൂടെ വാഹനം കൃത്യമായി ചലിക്കുന്നതിനുള്ള കാരണം ടയറും റോഡും തമ്മിലുള്ള ഘർഷണം അഥവാ ഫ്രിക്ഷൻ മൂലമാണ്. ഫ്രിക്ഷൻ ഇല്ലാതിരിക്കുന്ന സാഹചര്യങ്ങളിലാണ് ഈ പ്രവർത്തനങ്ങളുടെയെല്ലാം താളം തെറ്റുന്നത്. മനുഷ്യന് ഭൂമിയിലൂടെ നടക്കാൻ സാധിക്കുന്നത് ഗ്രാവിറ്റിയും ഫ്രിക്ഷനും മൂലമാണ്. എന്നാൽ, ചന്ദ്രനിൽ പോയ ഒരു വ്യക്തിക്ക് അവിടെ സാധാരണ പോലെ നടക്കാൻ സാധിക്കാത്തത് ഇതേ ഫ്രിക്ഷൻറെ കുറവ് മൂലമാണ്.
മഴ പെയ്ത് വെള്ളം കെട്ടി കിടക്കുന്ന റോഡുകളിലൂടെ വാഹനം വേഗത്തിൽ ഓടിക്കുമ്പോൾ ടയറിന്റെ പമ്പിംഗ് ആക്ഷൻ കാരണം ടയറിന്റെ താഴെയായി വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. ഇത് സാധാരണ ഗതിയിൽ ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action) ഈ വെള്ളം ചാലുകളിൽ കൂടി (Spill way) പമ്പ് ചെയ്‍ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള കോൺടാക്ട് വീണ്ടും നിലനിർത്തും. എന്നാൽ, നമ്മൾ ഒരുപാട് വേഗത്തിൽ വാഹനങ്ങൾ ഓടിച്ചു പോകുന്ന സമയത്ത്, ടയറിന്റെ വേഗത (Peripheral speed) കൂടുന്നതിന് അനുസരിച്ച് പമ്പ് ചെയ്ത പുറന്തള്ളാൻ സാധിക്കുന്നതിനേക്കാൾ അളവിൽ വെള്ളം ടയറിനു റോഡിനും ഇടയിലേക്ക് വന്നുപെടുകയും, വെള്ളം കോംബ്രെസ് ചെയ്യാൻ സാധിക്കാത്ത ഒന്നായത് കൊണ്ട് തന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽ നിന്ന് തെന്നുകയും ചെയ്യുന്നു. ഇത്തരത്തിൽ ടയറും റോഡും തമ്മിലുള്ള ബന്ധം തടസ്സപ്പെടുത്തുന്ന അല്ലെങ്കിൽ ഇല്ലാതാക്കുന്ന ഒരു അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാപ്ലേനിംഗ് എന്ന് പറയുന്നത്.
ALSO READ: ടെക്സ്റ്റ് നൽകിയാൽ വീഡിയോ നിർമിച്ചു തരും; സാം ആൾട്ട്മാന്റെ സോറ ടാർബോ എഐ സവിശേഷതകൾ ഇങ്ങനെ
ഇതുപോലെ റോഡും ടയറും തമ്മിലുള്ള ഘർഷണം ഇല്ലാതാവുന്നതോടെ വാഹനത്തിലെ ബ്രേക്കിന്റെയും സ്റ്റിയറിംഗിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം തടസ്സപ്പെടുകയും, വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഡ്രൈവർക്ക് നഷ്ടമാകുകയും ചെയുന്നു. ഇത് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം തെന്നി മറിയുന്നതിന് കാരണമായേക്കും. വാഹനത്തിന്റെ വേഗത കൂടുന്നതിന് അനുസരിച്ച് ഹൈഡ്രോപ്ലേനിംഗ് സംഭവിക്കാനുള്ള സാധ്യതയും കൂടുന്നു. കൂടാതെ, വാഹനം ഒരുപാട് വേഗത്തിൽ ഓടിക്കുന്ന സമയത്ത് ടയറിനും തേയ്മാനം സംഭവിക്കുന്നു. ഇത് ടയറിന്റെ സ്പിൽവേയുടെ കനം കുറയാൻ കാരണമാകുന്നത് വഴി, പമ്പിംഗ് കപ്പാസിറ്റിയും കുറയ്ക്കുന്നു. അതോടെ, അക്വാപ്ലേനിംഗ് സംഭവിക്കാനുള്ള സാധ്യതകളും വർധിക്കുന്നു. വാഹനങ്ങളുടെ ത്രെഡ് ഡിസൈൻ അനുസരിച്ചും, തൂക്കം അനുസരിച്ചും ഹൈഡ്രോപ്ലെയ്നിങ്ങിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.
ഹൈഡ്രോപ്ലെയ്നിങ്ങിനെ ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെ?
- വേഗത – വേഗതയാണ് ഹൈഡ്രോപ്ലെയ്നിനെ ബാധിക്കുന്ന ഏറ്റവും പ്രധാന ഘടകം.
- ത്രെഡ് ഡിസൈൻ – ചില വാഹനങ്ങളിലെ ത്രെഡ് ഡിസൈൻ ഹൈഡ്രോ പ്ലെയ്നിങിന് സഹായകരമാകുന്ന രീതിയിൽ ഉള്ളവയായിരിക്കും.
- ടയറുകളുടെ സൈസ് – ടയറുകളുടെ വലിപ്പം കൂടുന്നത് അഥവാ സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോപ്ലെയ്നിങ് കുറയ്ക്കുന്നു.
- എയർ പ്രഷർ – ഓവർ ഇൻ ഫ്ളേഷൻ ഹൈഡ്രോ പ്ലെയ്നിങ് സാധ്യത വർധിപ്പിക്കും.
- ജലപാളിയുടെ കനം അല്ലെങ്കിൽ വാഹനത്തിന്റെ തൂക്കം – തൂക്കം കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലെയ്നിങ് കുറയുന്നു.
- റോഡ് പ്രതലത്തിന്റെ/ നിരത്തുകളുടെ സ്വഭാവം – ഓയിലിന്റെ സാന്നിധ്യവും മിനുസവുമുള്ള റോഡുകൾ ഹൈഡ്രോ പ്ലെയ്നിങ് സാധ്യത വർധിപ്പിക്കും.
ഹൈഡ്രോപ്ലെയ്നിങ് മൂലം നിയന്ത്രണം നഷ്ടമായാൽ എന്ത് ചെയ്യണം?
ഇത്തരത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ആദ്യം ആക്സിലറേറ്ററിൽ നിന്ന് എത്രയും പെട്ടെന്ന് കാല് പിൻവലിക്കണം. സഡൻ ബ്രേക്ക് ഇതാണോ, സ്റ്റീയറിങ് വെട്ടിക്കാനോ പരമാവതി ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
ഹൈഡ്രോപ്ലെയ്നിങ് സാധ്യത കുറയ്ക്കാൻ
ഹൈഡ്രോപ്ലെയ്നിങ് തടയുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം വാഹനത്തിന്റെ വേഗത തന്നെയാണ്. പ്രത്യേകിച്ച് മഴ പെയ്ത് നനഞ്ഞിരിക്കുന്ന റോഡുകളിലൂടെയും, വെള്ള കെട്ടികിടക്കുന്ന റോഡുകളിലൂടെയും സഞ്ചരിക്കുമ്പോൾ സ്പീഡ് കുറച്ച് പോവാൻ ശ്രദ്ധിക്കണം. അതുപോലെ തേയ്മാനം സംഭവിച്ച ടയറുകൾ അധിക കാലം ഉപയോഗിക്കാതിരിക്കുക.