BSNL National Wifi Roaming: വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം; എന്താണ് ബിഎസ്എൻഎൽ വൈ-ഫൈ റോമിംഗ്, അറിയാം വിശദമായി

BSNL National Wifi Roaming Services: ഇങ്ങനെ ഒരു സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് സേവന ദാതാവാണ് (ISP) ബിഎസ്എൻഎൽ. നിലവിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവയ്ക്ക് തൊട്ട് പിന്നിലായി രാജ്യത്തെ മൂന്നാമത്തെ വലിയ ഇന്റർനെറ്റ് സേവന ദാതാവാണ് ബിഎസ്എൻഎൽ.

BSNL National Wifi Roaming: വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം; എന്താണ് ബിഎസ്എൻഎൽ വൈ-ഫൈ റോമിംഗ്, അറിയാം വിശദമായി
Published: 

13 Nov 2024 16:29 PM

ഓരോ ദിവസവും ഉപഭോക്താക്കൾക്ക് പുതിയ സേവനങ്ങൾ പരിചയപ്പെടുത്തുകയാണ് ബിഎസ്എൻഎൽ. ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിന് പിന്നാലെ മറ്റു പല സേവനങ്ങളും ഉപേക്ഷിച്ച് നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് കടന്നു. നിരക്ക് കുറഞ്ഞ സേവനങ്ങൾ തന്നെയാണ് ഇവരുടെ പ്രധാന ആകർഷണം. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതോടെ, അത് നിലനിർത്താനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. അതിന്റെ ഭാഗമായി പല ഓഫറുകളും സേവനങ്ങളും അവർ മുന്നോട്ടുവെക്കുന്നു. അത്തരത്തിൽ കമ്പനി പുതിയതായി ആരംഭിച്ച സേവനമാണ് ദേശീയ വൈ-ഫൈ റോമിംഗ് സേവനം (National Wi-Fi Roaming Service).

എന്താണ് ദേശീയ വൈഫൈ റോമിംഗ് സേവനം?

ബിഎസ്എൻഎല്ലിന്റെ എഫ്ടിടിഎച്ച് (ഫൈബർ-ടു-ഹോം) ഉപഭോക്താക്കൾക്കാണ് പുതിയ ദേശീയ വൈ-ഫൈ റോമിംഗ് സേവനം ലഭ്യമാവുക. ഇതുവരെ, റൂട്ടർ സ്ഥാപിച്ചിട്ടുള്ള നിശ്ചിത ലൊക്കേഷൻ പരിധിയിൽ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളു. അതായത്, വീട്ടിലാണ് എഫ്ടിടിഎച്ച് കണക്ഷൻ ഉള്ളതെങ്കിൽ, വീടിന് പുറത്തേക്കിറങ്ങിയാൽ വൈഫൈ ഉപയോഗിക്കാൻ സാധിക്കില്ല. ഇവിടെയാണ് ദേശീയ വൈ-ഫൈ റോമിംഗ് സേവനത്തിന്റെ പ്രാധാന്യം വരുന്നത്. നിങ്ങൾ ബിഎസ്എൻഎല്ലിന്റെ ദേശീയ വൈ-ഫൈ റോമിംഗ് സേവനത്തിന്റെ ഉപഭോക്താവാണെങ്കിൽ, വീട്ടിലെ വൈ-ഫൈ കണക്ഷൻ ഉപയോഗിച്ചുകൊണ്ട് തന്നെ വീടിന് പുറത്തും, കേരളത്തിലും മാത്രമല്ല ഇന്ത്യയിൽ എവിടെയിരുന്നും അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ബിഎസ്എൻഎല്ലിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്താൽ മാത്രം മതി.

 

എങ്ങനെ രജിസ്റ്റർ ചെയ്യാം?

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ബിഎസ്എൻഎല്ലിന്റെ നാഷണൽ വൈ-ഫൈ റോമിംഗ് സേവനം ലഭിക്കുക. നിങ്ങളുടെ ബിഎസ്എൻഎൽ എഫ്ടിടിഎച്ച് കണക്ഷനിൽ തന്നെ നാഷണൽ വൈ-ഫൈ റോമിംഗ് ലഭ്യമാണ്. അതിനാൽ, ഇതിനായി പുതിയ കണക്ഷൻ എടുക്കേണ്ടതില്ലെന്ന് സാരം. രജിസ്റ്റർ ചെയ്യുന്നതിനായി ബിഎസ്എൻഎല്ലിന്റെ വെബ്‌സൈറ്റായ https://portal.bsnl.in/ftth/ സന്ദർശിക്കുക. അതിൽ, എഫ്ടിടിഎച്ച് കണക്ഷൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും കോഡും നൽകി വേണം വൈ-ഫൈ റോമിംഗ് സേവനത്തിനായി അപേക്ഷിക്കാൻ.

നേരത്തെ ബിഎസ്എൻഎൽ ബ്രോഡ്ബ്രാൻഡ് കണക്ഷൻ ഇല്ലാത്തവരും വിഷമിക്കേണ്ടതില്ല. കാരണം, ബിഎസ്എൻഎൽ ബ്രോഡ്ബ്രാൻഡ് കണക്ഷൻ എടുക്കുന്നതിന് ഓഫീസുകൾ കയറി ഇറങ്ങേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ ഓൺലൈനായി തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം:

  • ബിഎസ്എൻഎലിന്റെ വെബ്‌സൈറ്റായ www.selfcare.bsnl.co.in/tungsten/UI/facelets/udaanRegistrationPageBeforeLogin.xhtml സന്ദർശിക്കുക.
  • നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്നും സംസ്ഥാനവും ജില്ലയും തിരഞ്ഞെടുക്കുക.
  • നിങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാനത്തും ജില്ലയിലും ലഭ്യമായിട്ടുള്ള ബിഎസ്എൻഎൽ സേവനങ്ങളെ ‘സർവീസ് ടൈപ്പ്’ എന്ന തലക്കെട്ടിന് കീഴിലായി ലിസ്റ്റ് ചെയ്യും.
  • അതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുക. (ഉദാ: പുതിയ ലാൻഡ്‌ലൈൻ, പുതിയ ലാൻഡ്‌ലൈൻ ആൻഡ് ബ്രോഡ്ബാൻഡ്, ഭാരത് ഫൈബർ, പുതിയ ഭാരത് എയർ ഫൈബർ).
  • തുടർന്ന്, അവർ ആവശ്യപ്പെടുന്നതിന് അനുസരിച്ച് പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകുക.
  • കൊടുത്ത വിവരങ്ങൾ ശരിയാണോയെന്ന് ഒന്നുകൂടി പരിശോധിച്ച് ഉറപ്പിച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
  • ബിഎസ്എൻഎൽ കണക്ഷൻ ലഭിച്ച ശേഷം, നാഷണൽ വൈ-ഫൈ റോമിംഗ് സേവനത്തിന് അപേക്ഷിക്കാവുന്നതാണ്.

ALSO READ: എന്തിനാണ് ഈ ഐടി കമ്പനി ഉടമ ചാരിറ്റിക്ക് കോടികൾ മുടക്കുന്നത്; ശിവ് നാടാർ എന്ന മനുഷ്യൻ

ഇവയുടെ പ്രവർത്തനം എങ്ങനെ?

എങ്ങനെയാണ് വീട്ടിലെ വൈ-ഫൈ കണക്ഷൻ ഇന്ത്യയിൽ എവിടെയിരുന്നും ഉപയോഗിക്കാൻ സാധിക്കുക എന്ന സംശയം സ്വാഭാവികമായും എല്ലാവരിലും വന്നേക്കാം. കാര്യം സിംപിളാണ്. ബിഎസ്എൻഎല്ലിന്റെ ദേശീയ വൈ-ഫൈ റോമിംഗ് സേവനം ലഭിക്കണമെങ്കിൽ, നിങ്ങൾ എവിടെ നിന്നാണോ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്നത്, അവിടെയും ബിഎസ്എൻഎല്ലിന്റെ വൈ-ഫൈ കണക്ഷൻ ഉണ്ടായിരിക്കണം. നിങ്ങൾ ഒരു റെയിൽവേ സ്റ്റേഷനിലോ, ബസ് ടെർമിനലിലോ ആണെങ്കിൽ അവിടുത്തെ വൈ-ഫൈയുമായി വീട്ടിലെ വൈ-ഫൈ കണക്ഷൻ ബന്ധിപ്പിച്ചാണ് ഇന്റർനെറ്റ് ലഭ്യമാകുന്നത്. അങ്ങനെയാണ്, വൈ-ഫൈ റോമിംഗ് സേവനം ഉപയോഗിച്ച് ഒരു ഉപഭോക്താവിന് ഹോട്ടലുകൾ, സ്ഥാപനങ്ങൾ തുടങ്ങി ഗ്രാമ പ്രദേശങ്ങളിൽ വരെ ബിഎസ്എൻഎല്ലിന്റെ അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുന്നത്.

വിലയിരുത്തൽ

ഈ പുതിയ സേവനം കൊണ്ടുവന്നതിലൂടെ ബിഎസ്എൻഎൽ ഫൈബർ കണക്ഷനുകളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ ഒരു സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് സേവന ദാതാവാണ് (ISP) ബിഎസ്എൻഎൽ. നിലവിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവയ്ക്ക് തൊട്ട് പിന്നിലായി രാജ്യത്തെ മൂന്നാമത്തെ വലിയ ഇന്റർനെറ്റ് സേവന ദാതാവാണ് ബിഎസ്എൻഎൽ. ഇവരെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമം കാര്യമായി തന്നെ ഇവർ നടത്തുന്നുണ്ട്. ദേശീയ വൈ-ഫൈ റോമിംഗ് സേവനം തീർച്ചയായും ജിയോയ്ക്കും, എയർടെലിനും ഒരു തിരിച്ചടിയാണ്. ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കത്തിന് മറുനീക്കവുമായി അവർ വൈകാതെ വരുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും, ബിഎസ്എൻഎല്ലിന്റെ ഈ നീക്കം ഒരു വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്.

വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ