Google Pay: യുപിഐ സർക്കിൾ, ക്ലിക്ക് പേ, ക്യുആർ…; ഒന്നല്ല നിരവധി മാറ്റങ്ങളുമായി ഗൂഗിൾ പേ, അറിയേണ്ടതെല്ലാം
Google Pay New Feature: ഈ വർഷം അവസാനത്തോടെ ഈ ഫീച്ചറുകളെല്ലാം ഗൂഗിൾ പേയിലെത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഓരോ മാസവും ആവർത്തിച്ചുവരുന്ന പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം കൂടുതൽ വിശാലമാക്കുകയെന്നതാണ് ഇതിൻ്റെ ലക്ഷ്യം. വൈദ്യുതി ബില്ലുകൾ, ഹൗസിങ് സൊസൈറ്റി ബില്ലുകൾ പോലുള്ളവ ഗൂഗിൾ പേയിൽ നേരിട്ട് കണ്ടെത്താനും ലിങ്ക് ചെയ്യാനും കഴിയും.
ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന പേമെന്റ് ആപ്ലിക്കേഷനിൽ ഒന്നാണ് ഗൂഗിൾ പേ (Google Pay). അടുത്തിടെ നടന്ന ഗ്ലോബൽ ഫിൻടെക്ക് ഫെസ്റ്റിൽ യുപിഐ സർക്കിൾ, യുപിഐ വൗച്ചർ, ക്ലിക്ക് പേ ക്യൂആർ പോലുള്ള പുതിയ ചില ഫീച്ചറുകൾ ഗൂഗിൾ പേ അവതരിപ്പിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഈ ഫീച്ചറുകളെല്ലാം ഗൂഗിൾ പേയിലെത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
എന്താണ് യുപിഐ സർക്കിൾ?
യുപിഐ അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ (സെക്കണ്ടറി യൂസർ) അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സർക്കിൾ എന്നറിയപ്പെടുന്നത്. ഒരു സ്ട്രീമിങ് ആപ്പ് സബ്സ്‌ക്രൈബ് ചെയ്ത് അതിൽ മൾടിപ്പിൾ യൂസറെ അനുവദിക്കുന്നത് പോലൊരു സംവിധാനം. എന്നാൽ പണകൈമാറ്റത്തിന്റെ സമ്പൂർണ നിയന്ത്രണം അക്കൗണ്ട് ഉടമയ്ക്ക് തന്നെയാണ്. ഒരുമാസം നിശ്ചിത തുകമാത്രമേ ഇടപാട് നടത്താനാവുകയുള്ളൂ. ഒറ്റ തവണ ഇടപാട് നടത്താനാവുന്ന തുകയ്ക്കും നിയന്ത്രണമുണ്ട്. അതിനാൽ പണം അറിവില്ലാതെ നഷ്ടമാവുമെന്ന പേടി ഇനി വേണ്ട. രണ്ട് രീതിയിലാണ് സെക്കണ്ടറി യൂസറെ ചുമതലപ്പെടുത്തുക.
എന്താണ് ക്ലിക്ക് പേ ക്യൂആർ?
എൻപിസിഐ ഭാരത് ബിൽ പേയുമായി സഹകരിച്ച് ഗൂഗിൾ പേ ഒരുക്കിയിരിക്കുന്ന പുതിയ ഫീച്ചറാണ് ക്ലിക്ക് പേ ക്യൂആർ എന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് ക്ലിക്ക് പേ ക്യൂആർ കോഡുകൾ ഗൂഗിൾ പേ ആപ്പ് ഉപയോഗിച്ച് സ്‌കാൻ ചെയ്ത് ബില്ലുകൾ അടയ്ക്കാൻ സാധിക്കുന്നതാണ്. ബില്ലർമാരാണ് ക്ലിക്ക് പേ ക്യുആർ കോഡുകൾ ജനറേറ്റ് ചെയ്യുന്നത്. കസ്റ്റമർ ഐഡി, അക്കൗണ്ട് നമ്പറുകൾ എന്നിവ ഓർത്തുവെക്കാതെ തന്നെ ഈ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്ത് പേമെന്റ് നടത്താനാവും.
ALSO READ: ബാങ്ക് അക്കൗണ്ടില്ലാതെ ഗൂഗിൾപേയും, ഫോൺ പേയും കിട്ടും, പുതിയ സംവിധാനം ഒരുങ്ങുന്നു
പ്രീപെയ്ഡ് യൂട്ടിലിറ്റീസ് പേമെന്റ്
ഗൂഗിൾ പേ ഒരുക്കിയിരിക്കുന്ന മറ്റൊരു സംവിധാനമാണ് പ്രീപെയ്ഡ് യൂട്ടിലിറ്റീസ് പേമെന്റ്. ഓരോ മാസവും ആവർത്തിച്ചുവരുന്ന പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം കൂടുതൽ വിശാലമാക്കുകയെന്നതാണ് ഇതിൻ്റെ ലക്ഷ്യം. വൈദ്യുതി ബില്ലുകൾ, ഹൗസിങ് സൊസൈറ്റി ബില്ലുകൾ പോലുള്ളവ ഗൂഗിൾ പേയിൽ നേരിട്ട് കണ്ടെത്താനും ലിങ്ക് ചെയ്യാനും കഴിയും. ആപ്പിനുള്ളിൽ തന്നെ ആവർത്തിച്ചുള്ള പേയ്മെന്റുകൾ നിയന്ത്രിക്കുന്നതും ട്രാക്ക് ചെയ്യുന്നതും എളുപ്പമാക്കുന്നതിനാണ് ഈ ഫീച്ചർ തയ്യാറാക്കിയിരിക്കുന്നത്.
ടാപ്പ് ആന്റ് പേ
റൂപേ കാർഡുകളിൽ ടാപ്പ് ആന്റ് പേ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ പേ. ഇതുവഴി ഉപഭോക്താക്കൾക്ക് അവരുടെ റുപേ കാർഡുകൾ ഗൂഗിൾ പേയുമായി ബന്ധിപ്പിക്കാനും പിഒഎസ് മെഷീനുകളിൽ ഫോൺ ടാപ്പ് ചെയ്ത് പേമെന്റ് നടത്താനും കഴിയും.
ഓട്ടോ പേ ഫോർ യുപിഐ ലൈറ്റ്
ഗൂഗിൾ പേയിലെ വാലറ്റ് ആണ് യുപിഐ ലൈറ്റ് എന്നത്. നിശ്ചിത തുക യുപിഐ ലൈറ്റിലേക്ക് മാറ്റിയാൽ ബാങ്ക് സെർവറുകളെ ആശ്രയിക്കാതെ അതിവേഗം ഇടപാട് നടത്താൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നു. യുപിഐ ലൈറ്റിൽ ബാലൻസ് തീരുമ്പോൾ നിശ്ചിത തുക ഓട്ടോമാറ്റിക് ആയി ടോപ്പ് അപ്പ് ചെയ്യുന്ന സൗകര്യമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കാനൊരുങ്ങുന്നത്. ഇതുവഴി യുപിഐ ലൈറ്റിൽ ബാലൻസ് തീരുമെന്ന ആശങ്ക വേണ്ടെന്നും അധികൃതർ പറയുന്നു.