Truecaller : വിളിച്ചാല്‍ ‘വിവരം’ അറിയും; ട്രൂകോളറിന്റെ ലൈവ് കോളര്‍ ഐഡി ഇനി ഐഫോണിലും
Truecaller Introduces Live Caller ID on iPhones : 'ലൈവ് കോളര്‍ ഐഡി' ഐഒഎസില്‍ ലഭ്യമല്ലാതിരുന്നത് ട്രൂകോളറിന് ക്ഷീണമായിരുന്നു. ആ പ്രശ്‌നം ഒടുവില്‍ പരിഹരിച്ചിരിക്കുകയാണ് ട്രൂകോളര്‍. ഇനി ലൈവ് കോളര്‍ ഐഡി ഫീച്ചര്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭിക്കുമെന്ന് ട്രൂകോളര്‍. ഐഫോണില്‍ ലൈവ് കോളര്‍ ഐഡി ലഭ്യമാക്കാനുള്ള നീക്കം ട്രൂ കോളര്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. കമ്പനി സിഇഒ തന്നെ ഇക്കാര്യം കഴിഞ്ഞ സെപ്തംബറില്‍ വ്യക്തമാക്കിയതാണ്. എങ്ങനെയാണ് ഐഫോണില്‍ ലൈവ് കോളര്‍ ഐഡി പ്രവര്‍ത്തനക്ഷമമാക്കേണ്ടത് എന്ന് നോക്കാം
ജനപ്രിയ ആപ്ലിക്കേഷനാണെങ്കിലും, പ്രധാന സവിശേഷതയായ ‘ലൈവ് കോളര്‍ ഐഡി’ ഐഒഎസില്‍ ലഭ്യമല്ലാതിരുന്നത് ട്രൂകോളറിന് ഒരു ‘കല്ലുകടി’യായിരുന്നു. എന്നാല്‍ മറുവശത്ത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വിളിക്കുന്നത് ആരാണെന്ന് അപ്പോള്‍ തന്നെ മനസിലാക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കാകട്ടെ കോള്‍ ലഭിച്ചതിന് ശേഷം മാത്രമാണ് വിളിച്ചത് ആരാണെന്ന് ട്രൂകോളര്‍ വഴി കണ്ടെത്താന്‍ സാധിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആന്‍ഡ്രോയിഡിലെ സ്വീകാര്യത ഐഫോണില്‍ നേടാന്‍ ട്രൂകോളറിന് സാധിച്ചതുമില്ല. എന്നാല്‍ ആ ക്ഷീണം ഐഫോണില്‍ ‘ലൈവ് കോളര്‍ ഐഡി’ അവതരിപ്പിച്ചുകൊണ്ട് തീര്‍ക്കാനൊരുങ്ങുകയാണ് ട്രൂകോളര്‍. ഇനി ലൈവ് കോളര്‍ ഐഡി ഫീച്ചര്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭിക്കുമെന്ന് ട്രൂകോളര്‍ പ്രഖ്യാപിച്ചു.
ഐഫോണിലും ലൈവ് കോളര്‍ ഐഡി വരുമെന്ന സൂചന ട്രൂകോളര്‍ സിഇഒ അലന്‍ മമേഡി കഴിഞ്ഞ സെപ്തംബറില്‍ നല്‍കിയിരുന്നു. പ്രധാന ഫീച്ചര്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഉടന്‍ ലഭിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഈ അപ്‌ഡേറ്റിലൂടെ ലൈവ് കോളര്‍ ഐഡി, സ്പാം കോള്‍ ബ്ലോക്കിങ് തുടങ്ങിയവ ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താനാകും. ആഗോളതലത്തില്‍ എല്ലാ ഉപയോക്താക്കള്‍ക്കും സ്പാം ബ്ലോക്കിങ് ഫീച്ചര്‍ ലഭിക്കും. എന്നാല്‍ ചില ഫീച്ചറുകള്‍ പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാകുന്നത്. പരസ്യങ്ങളില്ലാതെ ലൈവ് കോളര്‍ ഐഡി ഉപയോഗിക്കാമെന്നതാണ് ഒരു പ്രത്യേകത. എന്നാല്‍ രസംകൊല്ലിയായി പരസ്യങ്ങള്‍ വരുമെങ്കിലും ഈ ഫീച്ചര്‍ സൗജന്യ ഉപയോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താനാകും.
ഐഫോണുകളിൽ കോളർ ഐഡി പ്രവർത്തനക്ഷമമാക്കാന്‍
- iOS 18.2 അല്ലെങ്കിൽ അതിനുശേഷമുള്ളതാകണം നിങ്ങളുടെ ഐഫോണ്‍
- ട്രൂകോളര്‍ ആപ്പ് അപ്‌ഡേറ്റ് (version 14.0) ചെയ്യണം
- ഐഫോൺ സെറ്റിംഗ്സ് > ആപ്പുകൾ > ഫോൺ > കോൾ ബ്ലോക്കിംഗ് & ഐഡന്റിഫിക്കേഷൻ തിരഞ്ഞെടുക്കണം
- ട്രൂ കോളര്‍ സ്വിച്ചസ് എനേബിള്‍ ചെയ്യണം
Read Also : ഇനി സ്വല്‍പം മ്യൂസിക്ക് ആവാം ! സ്റ്റാറ്റസുകള്‍ സംഗീതമയമാകും; വാട്‌സാപ്പ് ഇനി വേറെ ലെവല്‍
ഇതുവഴി ഐഫോണില്‍ ട്രൂകോളര്‍ ലൈവ് കോളര്‍ ഐഡി ഉപയോഗിക്കാന്‍ കഴിയും. ഇപ്രകാരം ഐഫോണിലും ജനപ്രീതി വര്‍ധിപ്പിക്കാന്‍ ട്രൂകോളറിന് സാധിക്കും. എന്നാല്‍ ആരാണ് വിളിക്കുന്നതെന്ന് കണ്ടെത്താനുള്ള സ്വന്തം കോളർ ഐഡി ലുക്കപ്പ് ഫീച്ചർ ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട് ആപ്പിളിന്റെ കോളര്‍ ഐഡിയെ മറികടന്ന് ജനപ്രീതി വര്‍ധിപ്പിക്കുകയാകും ട്രൂ കോളര്‍ നേരിടുന്ന വെല്ലുവിളി.
സാധാരണ മെസേജുകള്‍, മെയിലുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ആപ്പിളിന്റെ സിസ്റ്റം ചില കോളര്‍ ഐഡന്റിറ്റികള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഫോണ്‍ നമ്പറുകളുടെയും ഐഡികളുടെയും വിപുലമായ ആഗോള ഡാറ്റബേസ് കൂടുതല്‍ കൃത്യതയ്ക്കായി ട്രൂകോളര്‍ പ്രയോജനപ്പെടുത്തുന്നു.